15,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചിപ്പ് നിർമാതാക്കളായ ഇന്റൽ; നടപടി 1000 കോടി ഡോളറിന്റെ ചെലവ് ചുരുക്കാൻ

15,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചിപ്പ് നിർമാതാക്കളായ ഇന്റൽ; നടപടി 1000 കോടി ഡോളറിന്റെ ചെലവ് ചുരുക്കാൻ

കഴിഞ്ഞ വർഷം അവസാനം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, 1,24,800 ജീവനക്കാരാണ് ഇന്റലിൽ തൊഴിലെടുക്കുന്നത്
Updated on
1 min read

15,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ചിപ്പ് ഉത്പാദകരായ അമേരിക്കൻ കമ്പനി ഇന്റൽ. സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി 15 ശതമാനത്തിലധകം ജീവനക്കാരെയാണ് 2025 ഓടെ പുറത്താക്കുന്നത്. അതുവഴി 1000 കോടി ഡോളറിന്റെ ചെലവ് കുറയ്ക്കാനാണ് ഇന്റലിന്റെ പദ്ധതി.

നടപ്പ് സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 160 കോടി കോടി ഡോളറിന്റെ നഷ്ടം ഇന്റലിനുണ്ടായെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള തീരുമാനം. നിരവധി നേട്ടങ്ങൾ കൈവരിച്ചെങ്കിലും രണ്ടാം പാദം നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് ഇന്റൽ ചീഫ് എക്സിക്യൂട്ടീവ് പാറ്റ് ഗേൽസിന്ഗർ പറഞ്ഞു. ഇനി വരാനിരിക്കുന്ന കാലയളവും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം അവസാനം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം, 1,24,800 ജീവനക്കാരാണ് ഇന്റലിൽ തൊഴിലെടുക്കുന്നത്. ഇതിൽ 15000 പേരെയാകും പുറത്താക്കുക. എതിരാളികളായ എൻവിഡിയ, എഎംഡി, ക്വാൽകോം എന്നിവയിൽ നിന്നുള്ള ശക്തമായ വെല്ലുവിളികളെ നേരിടുന്ന വേളയിൽ കൂടിയാണ് ഇന്റലിന്റെ തീരുമാനം.

ലാപ്‌ടോപ്പുകൾ മുതൽ ഡേറ്റാ സെൻ്ററുകൾ വരെ ഉപയോഗിക്കുന്ന ചിപ്പുകളുടെ വിപണിയിൽ പതിറ്റാണ്ടുകളായി ഇൻ്റൽ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ, അതിൻ്റെ എതിരാളികൾ പ്രത്യേകിച്ച് എൻവിഡിയ, സ്പെഷ്യലൈസ്ഡ് എഐ പ്രോസസറുകളുടെ രംഗത്ത് വലിയ കുതിപ്പ് നടത്തിയതോടെയാണ് ഇന്റലിന് കാലിടറിയത്. 2028 ഓടെ എഐ കംപ്യൂട്ടറുകൾ വിപണിയുടെ 80 ശതമാനവും പിടിച്ചടക്കുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സവിശേഷതകളുള്ള കോപൈലറ്റ് എഐ പിസികൾ ജൂണിൽ മൈക്രോസോഫ്റ്റ് പുറത്തിറക്കുകയും ചെയ്തിരുന്നു.

15,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചിപ്പ് നിർമാതാക്കളായ ഇന്റൽ; നടപടി 1000 കോടി ഡോളറിന്റെ ചെലവ് ചുരുക്കാൻ
വയനാടിന് സഹായഹസ്തവുമായി എയർടെലും; മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ജൂണിൽ, ഇസ്രയേലിൽ തങ്ങളുടെ ഫാക്ടറി വിപുലീകരണത്തിനായി ഇന്റൽ പദ്ധതിയിട്ടിരുന്നു. അതിന്റെ ചിപ്പ് പ്ലാന്റിനായി 1500 കോടി ഡോളർ അധികമായി കണ്ടെത്തുകയും ചെയ്യുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇതെല്ലാം മുന്നിൽ നിർത്തിയാണ് ഇന്റലിന്റെ കൂട്ടപിരിച്ചിവിടൽ പ്രഖ്യാപനം.

logo
The Fourth
www.thefourthnews.in