ശീതളപാനീയങ്ങള്‍ മാത്രമല്ല, ഇനി കൊക്ക കോള ഫോണും

ശീതളപാനീയങ്ങള്‍ മാത്രമല്ല, ഇനി കൊക്ക കോള ഫോണും

പ്രശസ്തമായ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി
Updated on
1 min read

തമ്പ്‌സ് അപ്പ്, സ്‌പ്രൈറ്റ്, ലിംക എന്നീ ശീതളപാനീയങ്ങള്‍ ഏതു കമ്പനിയുടേതാണെന്ന ചോദ്യത്തിന് ആര്‍ക്കും സംശയമില്ല. കൊക്ക കോള. ശീതള പാനീയങ്ങള്‍ മാത്രമല്ല സ്മാര്‍ട്ട് ഫോണുകളും ഇനി മുതല്‍ കൊക്ക കോളയുടേതായി പുറത്തിറങ്ങും. ലോകപ്രശസ്ത ശീതളപാനീയ നിര്‍മാണ കമ്പനിയുടെ സ്മാര്‍ട്ട് ഫോണും അണിയറയില്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്തമായ ഒരു സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

ജനപ്രിയ ടിപ്സ്റ്റര്‍ മുകുള്‍ ശര്‍മയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവെച്ചത്. ചുവപ്പ് നിറത്തിലുള്ള കോളാ ഫോണിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 2023 ആദ്യ പാദത്തില്‍ തന്നെ കൊക്ക കോളയുടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തുമെന്നാണ് സൂചന. എന്നാല്‍ ഏത് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായാണ് കൊക്ക കോള സഹകരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ട്വീറ്റ് ചെയ്ത കോളാ ഫോണിന്റെ ഡിസൈന്‍ റിയല്‍മി10 നോട് സാമ്യമുള്ളതാണ്. ഫോണിന്റെ വലതുവശത്തായി കാണുന്ന വോളിയം കണ്‍ട്രോള്‍ ബട്ടണുകളും പിന്‍ഭാഗത്തെ ഡ്യുവല്‍ ക്യാമറയും റിയല്‍മി 10ന് സമാനമാണ്. ഫോണിനു പിന്‍ഭാഗത്തായി കൊക്ക കോള ലോഗോയും കാണാം.

മുന്‍കാലങ്ങളിലും ജനപ്രിയ ബ്രാന്‍ഡുകളുമായി സഹകരിച്ച് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ അവരുടെ ഉപകരണങ്ങളുടെ പ്രത്യേക പതിപ്പുകള്‍ വിപണിയിലെത്തിച്ചിരുന്നു. വണ്‍പ്ലസും ഓപ്പോയും അവരുടെ ഉപകരണങ്ങളുടെ മക്ലാരന്‍ എഡിഷനും അവഞ്ചേഴ്സ് എഡിഷനും കൊണ്ടുവന്നത് ഇതിനുദാഹരണമാണ്.

ഹീലിയോ ജി99 ചിപ്സെറ്റ്, 50എംപി ഡ്യുവല്‍ ക്യാമറ, 5000എംഎഎച്ച് ബാറ്ററി, 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ എന്നിവയോടുകൂടിയ റിയല്‍മി 10 കഴിഞ്ഞ വര്‍ഷം നവംബറിലാണ് പുറത്തിറക്കിയത്.

logo
The Fourth
www.thefourthnews.in