ടെക് മേഖലയില്‍ കൂട്ട പിരിച്ചുവിടല്‍ തുടർക്കഥ; ഏഴായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഡെല്‍
ആമസോൺ, ട്വിറ്റർ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ക്ക് പിന്നാലെ കൂട്ടപ്പിരിച്ചു വിടലിനൊരുങ്ങി അമേരിക്കൻ ടെക് കമ്പനിയായ ഡെൽ ടെക്നോളജീസും. പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുത്തനെ ഇടിഞ്ഞതിന് പിന്നാലെ 7000 ത്തോളം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുമെന്ന് ഡെൽ ടെക്നോളജീസ് അറിയിച്ചു. വിപണി സാധ്യതകള്‍ കുറയുന്ന സാഹചര്യത്തില്‍ കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെഫ് ക്ലാർക്ക് ബ്ലൂംബെർഗില്‍ പറഞ്ഞു. പിരിച്ചുവിടുന്ന 6,650 പേർ ഡെല്ലിന്റെ ആഗോള തൊഴിലാളികളുടെ അഞ്ച് ശതമാനമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.
പുതിയ നിയമനങ്ങള്‍ താൽക്കാലികമായി നിർത്തിവയ്ക്കുന്നതും യാത്രാ പരിധികൾ ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള മുൻ ചെലവ് ചുരുക്കൽ നടപടികൾ ഇനി പര്യാപ്തമല്ലെന്ന് കമ്പനി അറിയിച്ചു
കോവിഡ് കാലത്ത് മറ്റ് വിപണികള്‍ ഉലഞ്ഞപ്പോഴും കമ്പ്യൂട്ടർ വിപണിയില്‍ വലിയ നേട്ടമാണ് ഉണ്ടായത്. എന്നാല്‍, ഇതിന് ശേഷം 2022ല്‍ പേഴ്സണൽ കമ്പ്യൂട്ടർ കയറ്റുമതി കുത്തനെ ഇടിഞ്ഞതായി ഇൻറർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ (ഐഡിസി)റിപ്പോർട്ടിലുണ്ട് . ഇതില്‍ ഡെല്ലിനാണ് ഏറ്റവും ഇടിവുണ്ടായത്. ഡെൽ അതിന്റെ വരുമാനത്തിന്റെ 55% പിസികളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 2021ലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരുമാനത്തില്‍ 37 ശതമാനത്തോളം ഇടിവുണ്ടായതായി ഐഡിസി സ്ഥിരീകരിച്ചു.
പുതിയ നിയമനങ്ങള്‍ താൽക്കാലികമായി നിർത്തിവയ്ക്കുന്നതും യാത്രാ പരിധികൾ ഏർപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള മുൻ ചെലവ് ചുരുക്കൽ നടപടികൾ ഇനി പര്യാപ്തമല്ലെന്നാണ് കമ്പനിയുടെ വിശദീകരണം. തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം വിവിധ വകുപ്പുകള്‍ പുനഃസംഘടിപ്പിക്കുന്നതും കമ്പനിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള അവസരമായി കാണുന്നുവെന്ന് കമ്പനി വക്താവ് പറഞ്ഞു.
കോവിഡിലും സാമ്പത്തിക മാന്ദ്യത്തിലും പെട്ട് പിരിച്ചുവിടല്‍ പ്രഖ്യാപിച്ച ടെക് ഭീമന്മാരുടെ നിരയിൽ അവസാനത്തേതാണ് ഡെൽ. കമ്പ്യൂട്ടർ വിപണിയിൽ മുൻനിരയിലുള്ള എച്ച്പി, നവംബറിൽ 6,000 തൊഴിലാളികളെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സിസ്കോ സിസ്റ്റംസ് ഇൻകോർപ്പറേഷനും ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷനും 4,000 ത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് അറിയിച്ചു. കൺസൾറ്റിങ് സ്ഥാപനമായ ചലഞ്ചർ, ഗ്രേ & ക്രിസ്മസ് ഇൻകോർപ്പറേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2022ൽ ടെക് മേഖലയിലെ തൊഴിൽ വെട്ടിക്കുറയ്ക്കലുകൾ 649 ശതമാനം വർധിച്ചിട്ടുണ്ട്. മേഖലയിലെ സാമ്പത്തിക ആഘാതം ഡെല്ലിനെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് മാർച്ചിലെ സാമ്പത്തിക കണക്കുകൾ പുറത്തുവിടുമ്പോൾ സ്ഥിരീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.