ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക്

കൂട്ടപ്പിരിച്ചുവിടല്‍, ഉള്ളടക്ക നയം, ബ്ലൂ ടിക്കിന് വരിസംഖ്യ; എന്തൊക്കെയാണ് ട്വിറ്ററിലെ മസ്കിന്റെ പരിഷ്കാരങ്ങള്‍?

ട്വിറ്റര്‍ വരുമാനത്തില്‍ വലിയ ഇടിവ് വന്നിട്ടുണ്ടെന്നും, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് മസ്കിന്റെ വിശദീകരണം
Updated on
2 min read

ശതകോടീശ്വരനായ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതുമുതല്‍, സോഷ്യല്‍ മീഡിയയിലെ ടൈംലൈന്‍ പോലെയാണ് കാര്യങ്ങള്‍. പരിഷ്കാരങ്ങളും നടപടികളുമൊക്കെ പ്രവചനാതീതം. ഉള്ളടക്ക നയങ്ങള്‍ പരിഷ്കരിക്കുന്നു എന്ന വാര്‍ത്തകള്‍ക്കൊപ്പമാണ് തൊഴിലാളികളെ വെട്ടിക്കുറയ്ക്കാനുള്ള നീക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്. ഇന്ത്യയില്‍ സിഇഒ പരാഗ് അഗ്രവാള്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മാർക്കറ്റിങ് വിഭാഗം മേധാവി ഉള്‍പ്പെടെയുള്ളവരെയാണ് പുറത്താക്കിയത്. കൂടുതല്‍ പേര്‍ പുറത്തുപോകുമെന്നാണ് സൂചനകള്‍. പരിഷ്കാരങ്ങളുടെ ഭാഗമായി ബ്ലൂ ടിക്ക് ഉപയോക്താക്കള്‍ക്ക് വരിസംഖ്യ ഉള്‍പ്പെടെ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. ട്വിറ്ററിനെ നിയന്ത്രിക്കുന്നതിനായി എന്തൊക്കെ മാറ്റങ്ങളാണ് മസ്ക് ഇതുവരെ നടത്തിയത്? ഇനിയും എന്തൊക്കെ മാറ്റങ്ങള്‍ക്കാണ് സാധ്യത? പരിശോധിക്കാം.

തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നു

ട്വിറ്ററിന്റെ ആകെയുള്ള 7500 തൊഴിലാളികളിൽ പകുതിയിലധികം പേരെയും പിരിച്ചുവിടുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 221 മില്യണ്‍ ഡോളർ കടത്തിലായിരുന്ന കമ്പനിയെ 13 ബില്യൺ ഡോളർ കടമെടുത്താണ് മസ്‌ക് ഏറ്റെടുക്കുന്നത്. ഇത് പരിഹരിക്കാൻ ചെലവ് കുറയ്ക്കുകയും കമ്പനിയുടെ വാർഷിക വരുമാനം ഉയർത്തുകയും വേണം. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഉൾപ്പെടെ തൊഴിലാളികളെ പിരിച്ചുവിടുന്നത്. അതേസമയം, എല്ലാവര്‍ക്കും മൂന്ന് മാസത്തെ ശമ്പളം നല്‍കിയശേഷമാണ് പിരിച്ചുവിടുന്നതെന്നാണ് മസ്കിന്റെ ന്യായീകരണം.

കാര്യനിർവഹണ സമിതി പിരിച്ചുവിടൽ

കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ ഏറ്റെടുത്ത ഉടൻ, കാര്യനിർവഹണ സമിതി അംഗങ്ങളെ പുറത്താക്കിയാണ് മസ്‌ക് 'പരിഷ്കാരം' തുടങ്ങിയത്. സിഇഒ പരാഗ് അഗ്രവാൾ ,ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, നിയമ- നയ ട്രസ്റ്റ് മേധാവി വിജയ ഗദ്ദെ എന്നിവരെയാണ് ആദ്യം പുറത്താക്കിയത്. പകരം, മസ്കിന്റെ നിയമവിദഗ്ധനായ അലക്‌സ് സ്‌പിറോയും മറ്റ് സാങ്കേതിക ഉപദേശകരും ഉൾപ്പെടുന്ന പുതിയ ടീമിനെ നിയമിക്കുകയും ചെയ്തു.

ഇലോണ്‍ മസ്‌ക്
പകുതി ജീവനക്കാരേയും പിരിച്ചുവിടാന്‍ ട്വിറ്റര്‍ ?

ബ്ലൂ ടിക്ക് വരിസംഖ്യ

പ്ലാറ്റ്‌ഫോമിന്റെ പ്രീമിയം സേവനമായ ട്വിറ്റർ ബ്ലൂ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി, വെരിഫിക്കേഷൻ ടിക്കിന് ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കുമെന്നതാണ് പുതിയ പരിഷ്കാരം. 230 ദശലക്ഷത്തിലധികം വരുന്ന ട്വിറ്റര്‍ ഉപയോക്താക്കളില്‍, 420,000 പേർക്കും ഇത്തരത്തിലുള്ള വേരിഫൈഡ് അക്കൗണ്ടുകളാണ് ഉള്ളത്. ഇവരില്‍ നിന്ന് പ്രതിമാസം 8 ഡോളർ വീതം ഈടാക്കുമെന്ന് മസ്‌ക് ചൊവ്വാഴ്ച സൂചിപ്പിച്ചു. പുതിയ രൂപത്തിലുള്ള ട്വിറ്റർ ബ്ലൂ നവംബർ ഏഴിന് യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ലോഞ്ച് ചെയ്യുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉള്ളടക്കങ്ങളിലെ പരിഷ്കാരം

ട്വിറ്ററിന്റെ ഉള്ളടക്കങ്ങൾ വ്യത്യസ്ത തലങ്ങളിലായി ക്രമീകരിക്കാനുള്ള ആശയമാണ് മസ്ക് മുന്നോട്ടുവെച്ചിട്ടുള്ളത്. റേറ്റിങ്ങിനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് ട്വിറ്ററിന്റെ ഉള്ളടക്കങ്ങൾ ആവശ്യമുള്ള വിഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാമെന്നും അദ്ദേഹം നിർദേശിച്ചു. കൂടാതെ, ഓരോ ഉപയോക്താവിനും പോസ്റ്റുകൾക്ക് റേറ്റിങ് നൽകാം. അത് പിന്നീട് വിക്കിപീഡിയ ശൈലിയിൽ "ഉപയോക്തൃ ഫീഡ്ബാക്ക്" വഴി പരിഷ്കരിക്കപ്പെടും. വീഡിയോ ഉള്ളടക്കത്തിന് പണം ഈടാക്കുന്ന കാര്യവും മസ്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്ക്, സിഇഒ പരാഗ് അഗര്‍വാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

അക്കൗണ്ട് പുനഃസ്ഥാപിക്കലും ഉള്ളടക്ക ക്രമീകരണവും

അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന പ്രക്രിയ നിലവിൽ വരുമെന്ന് മസ്‌ക് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന് കുറച്ച് ആഴ്ചകള്‍ കൂടിയെടുക്കും. പുതിയ കൗൺസിൽ വിളിച്ചുകൂട്ടുന്നത് വരെ, ഉള്ളടക്ക നയങ്ങളിൽ മാറ്റങ്ങളോ ഡൊണാൾഡ് ട്രംപിന്റേത് പോലുള്ള നിരോധിത അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതോ ഉണ്ടാകില്ലെന്ന് മസ്‌ക് അറിയിച്ചു.

അതേസമയം, മസ്‌ക് ഏറ്റെടുത്തത് മുതൽ, വിദ്വേഷ പ്രചാരകർക്ക് തുറന്ന് സംസാരിക്കാനുള്ള വേദിയായി ട്വിറ്റർ മാറിയെന്നാണ് കമ്പനിയുടെ സുരക്ഷാ വിഭാഗം മേധാവികളുടെ വെളിപ്പെടുത്തല്‍. 300 അക്കൗണ്ടുകളിൽ നിന്നായി ഏകദേശം 50,000 ട്വീറ്റുകൾ നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വൈൻ ആപ്പ് വീണ്ടും?

ആറ് സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോകള്‍ പങ്കിടുന്ന ടിക്ടോക്കിന്‍റെ മുന്‍ഗാമിയാണ് വൈന്‍ ആപ്പ്. 2016ല്‍ ട്വിറ്റര്‍ നിര്‍ത്തലാക്കിയ വൈന്‍ തിരികെ കൊണ്ട് വരണമോയെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെട്ട് മസ്‌ക് തിങ്കളാഴ്ച ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. വൈന്‍ ആപ്പ് തിരികെ കൊണ്ടുവരണമെന്നാണ് 70 ശതമാനം ഉപയോക്താക്കളും ആവശ്യപ്പെട്ടത്.

ഇലോണ്‍ മസ്‌ക്
'ഇനി കോമഡിയും ട്വിറ്ററില്‍ നിയമപരം'; ഉള്ളടക്ക നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് മസ്ക്

പരസ്യവും ബ്രാന്‍ഡുകളും

മസ്ക് എത്തിയതോടെ പരസ്യദാതാക്കളായ വന്‍കിട ബ്രാന്‍ഡുകള്‍ പിന്മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മസ്കിന്‍റെ കീഴിലെ ട്വിറ്ററില്‍ തെറ്റായ വിവരങ്ങളും വിദ്വേഷ പ്രസംഗങ്ങളും പെരുകുമെന്ന ആശങ്കകളാണ് ബ്രാന്‍ഡുകളെ അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ ടെക് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോക്സ് വാഗണ്‍, ഔഡി, ലംബോര്‍ഗിനി, ബെന്‍റ്ലി, പോര്‍ഷെ കമ്പനികളാണ് ട്വിറ്ററില്‍ പണം മുടക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെച്ചിരിക്കുന്നത്.

എന്നാല്‍, പരസ്യ ദാതാക്കളെ ചേര്‍ത്തുനിര്‍ത്താന്‍ മസ്ക് പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ട്. ട്വിറ്ററിന്‍റെ 90 ശതമാനം വരുമാനവും പരസ്യങ്ങളിലൂടെയാണ്. വിദ്വേഷ പ്രചാരണം അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി മസ്‌ക് പരസ്യ ദാതാക്കൾക്ക് സന്ദേശമയച്ചതായാണ് റിപ്പോർട്ടുകൾ. ഉള്ളടക്ക ക്രമീകരണത്തില്‍ വലിയ മാറ്റങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ പരസ്യദാതാക്കള്‍ക്കുമേല്‍ ചുമത്തുന്ന സമ്മര്‍ദം കാരണം ട്വിറ്റര്‍ വരുമാനത്തില്‍ വലിയ ഇടിവ് വന്നിട്ടുണ്ടെന്നും, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമാണ് മസ്ക് ട്വിറ്ററില്‍ കുറിച്ചത്.

logo
The Fourth
www.thefourthnews.in