ഇലോണ്‍ മസ്‌ക് തലച്ചോറില്‍ ന്യൂറാലിങ്ക് ചിപ് ഘടിപ്പിക്കുന്നു ; എന്താണ് ന്യൂറാലിങ്ക് ചിപ്പ് ?
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയും സ്‌പേസ് എക്‌സും ട്വിറ്ററും നമുക്കറിയാം. ഇവ മാത്രമല്ല ന്യൂറാലിങ്ക് എന്ന സ്ഥാപനവും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഭിന്നശേഷിക്കാരെ സഹായിക്കാന്‍ തലച്ചോറില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ഒരു ചിപ് ന്യൂറാലിങ്ക് കമ്പനി വികസിപ്പിച്ചതായി മസ്‌ക് പ്രഖ്യാപിച്ചതോടെ ന്യൂറാലിങ്ക് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം വായിക്കാനും രേഖപ്പെടുത്താനും കഴിയുന്ന കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ മൈക്രോചിപ്പ് തന്റെ തലയിലും ഘടിപ്പിക്കുന്നുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മസ്‌ക്.
എന്താണ് ന്യൂറാലിങ്ക് ചിപ് ?
തലച്ചോറിന്റെ പ്രവര്‍ത്തനം വായിക്കാനും രേഖപ്പെടുത്താനും സാധിക്കുന്ന, കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോചിപ്പാണിത്. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ഈ ചിപ്പ് വളരെയധികം പ്രയോജനപ്പെടുമെന്നാണ് ന്യൂറാലിങ്ക് പറയുന്നത്. അവര്‍ക്ക് ആശയവിനിമയം നടത്താനോ ചലിക്കാനോ മറ്റു കാര്യങ്ങള്‍ക്കോ ഈ ചിപ്പിന്റെ സഹായത്തോടെ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ശരീരം തളര്‍ന്നവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും, വിരലുകളേക്കാള്‍ വേഗത്തില്‍ തലച്ചോറുപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും എന്ന് മസ്‌ക് 2016 ല്‍ തന്നെ പറഞ്ഞിരുന്നു.
ന്യൂറാലിങ്ക് ചിപ് എങ്ങനെ പ്രവര്‍ത്തിക്കുന്നു ?
ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ചിപ് തലച്ചോറില്‍ ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. തലമുടിയേക്കാള്‍ 20 മടങ്ങ് കനം കുറഞ്ഞ ധാരാളം വയറുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ട്രാക്ക് ചെയ്യാനും ഇലക്ട്രിക് തരംഗങ്ങളിലൂടെ തലച്ചോറിനെ ഉത്തേജിപ്പിക്കാനും സാധിക്കുന്ന 1024 ഇലക്ട്രോഡുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലച്ചോറില്‍ രജിസ്റ്റര്‍ ചെയ്ത ഡാറ്റാ ചിപ്പ് വഴി വയര്‍ലസായി കമ്പ്യൂട്ടറിലേക്ക് അയക്കാന്‍ സാധിക്കും. ഗവേഷകര്‍ക്ക് ഇത് തുടര്‍പഠനങ്ങള്‍ക്കായി ഉപയോഗിക്കാം.
ന്യൂറാലിങ്ക് ചിപ് എന്താണ് ചെയ്യുന്നത് ?
ചിപ്പിന് മനുഷ്യന്റെ ചിന്തകളെ വായിക്കാന്‍ സാധിക്കുമെന്നും മെഷീനുകള്‍ക്ക് ചിന്തകളിലൂടെ നിര്‍ദ്ദേശം നല്‍കി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. നിലവില്‍ കമ്പ്യൂട്ടറും സ്മാര്‍ട്ട്‌ഫോണുകളും ഉല്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ ചിപ്പ് ഘടിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ന്യൂറാലിങ്കിന്റെ അവകാശവാദം. മനുഷ്യനില്‍ ചിപ്പ് ഘടിപ്പിക്കുന്നതിന് മുമ്പ് ഇത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി.
വര്‍ഷങ്ങളായി ന്യൂറാലിങ്ക് കമ്പനി ഈ ചിപ്പ് വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയായിരുന്നു. കുരങ്ങിന്റെയും പന്നിയുടെയുടെയും തലച്ചോറില്‍ ചിപ്പ് വിജയകരമായി ഘടിപ്പിച്ചു. ഏകദേശം ആറ് മാസത്തിനകം മനുഷ്യന്റെ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുമെന്നാണ് കമ്പനി ഇന്നലെ പ്രഖ്യാപിച്ചത്.
പക്ഷാഘാതം, അന്ധത, ഓര്‍മക്കുറവ്, മറ്റ് ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ഭേദമാക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് ന്യൂറാലിങ്കിന്റെ അവകാശവാദം. ആളുകള്‍ക്ക് മെഷീനുകളുമായി ആശയവിനിമയം നടത്താനുള്ള കഴിവ് നല്‍കുന്നതിലൂടെ അമാനുഷികമെന്ന് കരുതുന്ന പല കാര്യങ്ങളും ചെയ്യാന്‍ മനുഷ്യന് സാധ്യമായേക്കുമെന്നും കമ്പനി പറയുന്നു.
ചിപ്പ് സുരക്ഷിതമാണോ ?
മുന്‍ വര്‍ഷങ്ങളില്‍ നിരവധി ശ്രമങ്ങള്‍ വിജയകരമായി നടത്തിയിട്ടുണ്ടെന്നും രോഗങ്ങള്‍ ഭേദമാകാന്‍ തലച്ചോറില്‍ ചിപ്പ് ഘടിപ്പിക്കുന്നത് സുരക്ഷിതമാണെന്നും കമ്പനി അവകാശപ്പെട്ടു. കുരങ്ങുകളില്‍ ന്യൂറാലിങ്ക് ചിപ്പ് വിജയകരമായി പ്രവര്‍ത്തിച്ചുവെന്നും വളരെയധികം പരീക്ഷണങ്ങളിലൂടെ ഇത് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ്. ആവശ്യമെങ്കില്‍ ചിപ്പ് സുരക്ഷിതമായി തന്നെ നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ന്യൂറാലിങ്ക് വ്യക്തമാക്കി.
നിലവില്‍, ഉപകരണം വില്‍ക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യയ്ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി കാത്തിരിക്കുകയാണെന്നും എലോണ്‍ മസ്‌ക് കൂട്ടിച്ചേർത്തു