ഇനി മത്സരം നിർമിത ബുദ്ധിയില്‍; ഓപ്പൺ എഐയോട് മത്സരിക്കാൻ മസ്കിന്റെ എക്സ് എഐ
നിർമിത ബുദ്ധിയുടെ ലോകത്ത് വിപ്ലവം തീർത്ത ചാറ്റ് ജിപിടി സ്രഷ്ടാക്കളായ ഓപ്പൺ എഐയോട് മത്സരിക്കാൻ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിക്ക് രൂപംനൽകി ഇലോൺ മസ്ക്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള എക്സ് എഐ (xAI) ബുധനാഴ്ച പ്രവർത്തനം ആരംഭിച്ചതായി മസ്‌ക് അറിയിച്ചു. മസ്കിന്റെ മറ്റ് കമ്പനികൾക്ക് കീഴിലായിരിക്കില്ല പുതിയ കമ്പനി.
എഐ സാങ്കേതിക വിദ്യ, ട്വിറ്റർ ഉൾപ്പെടെയുള്ള മസ്കിന്റെ മറ്റ് സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുമെന്ന് പുതിയ കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നു. പ്രപഞ്ചത്തിന്റെ യഥാർഥ സ്വഭാവം മനസിലാക്കുക എന്നതാണ് എക്സ് എഐയുടെ ലക്ഷ്യമെന്നും വെബ്സൈറ്റിൽ കുറിച്ചിട്ടുണ്ട്.
ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ടെസ്‌ല, ടൊറന്റോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ഗവേഷകരാണ് സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്നത്
യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയുമാണ് പുതിയ കമ്പനിയുടെ ലക്ഷ്യമെന്ന് മസ്ക് ട്വിറ്ററിൽ കുറിച്ചു. "ട്രൂത്ത് ജിപിടി" എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മസ്ക് വ്യക്തമാക്കിയിരുന്നു. ഓപ്പൺഎഐ, ഗൂഗിൾ ഡീപ് മൈൻഡ്, ടെസ്‌ല, ടൊറന്റോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള മുൻ ഗവേഷകരാണ് സ്റ്റാർട്ടപ്പിൽ ജോലി ചെയ്യുന്നത്. നിർമിത ബുദ്ധിയുടെ വളർച്ചയിൽ മുന്നറിയിപ്പ് നൽകുന്ന സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റിയുടെ തലവനായ ഡാൻ ഹെൻഡ്രിക്സ് ആണ് ടീമിന്റെ ഉപദേശകനെന്ന് മസ്‌ക് അറിയിച്ചു.
പകർച്ചവ്യാധികളും ആണവയുദ്ധവും പോലെതന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യന്റെ നിലനിൽപ്പിന് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഹെൻഡ്രിക്സ് ജൂണിൽ ആഗോള നേതാക്കൾക്ക് കത്തെഴുതിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അപകടങ്ങളെക്കുറിച്ച് മസ്കും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് ഇവരുടെ നേതൃത്വത്തിൽ പുതിയ കമ്പനിയുടെ രൂപീകരണം.
നിർമിത ബുദ്ധിയുടെ സാദ്ധ്യതകൾ മനസിലാക്കിക്കൊണ്ട് 2015 ൽ ഓപ്പൺ എഐയുടെ ഉപസ്ഥാപകനായിരുന്നെന്ന് മസ്‌ക് അവകാശപ്പെട്ടു. 2018 ൽ തായും അദ്ദേഹം വ്യക്തമാക്കി.
ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും മുന്‍ മേധാവിയും കൂടിയാണ് ഇലോണ്‍ മസ്‌ക്. ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. ടെസ്‌ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഓപ്പൺ എഐയിൽ നിന്ന് പുറത്തുപോകുന്നു എന്നായിരുന്നു അന്ന് മസ്കിന്റെ വിശദീകരണം.