'മറ്റൊരു വിഡ്ഢി എത്തുന്നത് വരെ മാത്രം തുടരും'; ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോണ്‍ മസ്ക്
ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് ഇലോണ്‍ മസ്‌ക്. പകരക്കാരനെ കണ്ടെത്തുന്നതോടെ രാജിയുണ്ടാകുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. പരിഹാസ ചുവയോടെയാണ് സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന ട്വീറ്റുമായി മസ്ക് എത്തിയത്. '' ട്വിറ്റര്‍ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ മറ്റൊരു വിഡ്ഢി എത്തുന്നത് വരെ തുടരും. അതിന് ശേഷം സോഫ്റ്റ്‌വെയര്‍, സെര്‍വര്‍ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും'' - മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പിന് പിന്നാലെയാണ് മസ്കിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസമാണ് മസ്‌ക് താന്‍ രാജിവെക്കണോ വേണ്ടെയോ എന്ന് ഉപയോക്താക്കള്‍ക്കിടയില്‍ അഭിപ്രായ വോട്ടിന് വിട്ടത്. ട്വിറ്ററിൽ മസ്ക് തന്നെ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് അദ്ദേഹത്തിന് തിരിച്ചടിയായി. 57.5 ശതമാനമാളുകളാണ് മസ്ക് സ്ഥാനം ഒഴിയുന്നതിനെ അനുകൂലിച്ചത്. 42.7 ശതമാനം പേർ മസ്ക് തുടരണമെന്നും അഭിപ്രായപ്പെട്ടു. ആകെ 17,502,391 പേരാണ് വോട്ടെടുപ്പിൽ പങ്കാളിയായത്.
ഏറെ വിവാദങ്ങളുണ്ടാക്കി ഒക്ടോബര്‍ 27നാണ് 44 ബില്യണ്‍ ഡോളറിന്റെ കരാറില്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നത് . മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്റര്‍ സിഇഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരേയും നിരവധി ജീവനക്കാരേയും പിരിച്ചുവിട്ടു. ബ്ലൂ ടിക്കില്‍ ഉള്‍പ്പെടെ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ട്വിറ്ററിന്റെ സമീപകാല നയമാറ്റങ്ങളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
അഭിപ്രായ വോട്ടെടുപ്പ് ഫലം എന്തായാലും താന്‍ അംഗീകരിക്കുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പ്രമോട്ട് ചെയ്യുന്നതിനായി മാത്രം ഉപയോഗിക്കുന്ന ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നമെന്ന വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സൈറ്റുകളിലേക്ക് നയിക്കുന്ന ലിങ്കുകൾ അടങ്ങുന്ന അക്കൗണ്ടുകളും നീക്കം ചെയ്യുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. പ്രധാന നയമാറ്റങ്ങൾ വരുമ്പോൾ വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ട്വിറ്ററിന്റെ സിഇഒ ആയി അധികകാലം തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു . പകരം മറ്റൊരാളെ കണ്ടെത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.