phone
phone

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഓര്‍മ്മക്കുറവിന് കാരണമാകുമോ?

സ്‌ക്രോള്‍ ചെയ്യുന്നതും ഇടക്കിടെ നോട്ടിഫിക്കേഷന്‍ നോക്കുന്ന ശീലവുമൊക്കെ ഓര്‍മ്മ ശക്തിയെ കാര്യമായി ബാധിക്കുമെന്ന് പഠനങ്ങള്‍
Updated on
2 min read

അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കാനുള്ള അലാം മുതല്‍ ചെയ്യേണ്ട കാര്യങ്ങള്‍, പ്രിയപ്പെട്ടവരുടെ ജന്മദിനം, വിവാഹം, ആനിവേഴ്‌സറി തുടങ്ങി എല്ലാത്തിനും ഫോണില്‍ റിമൈന്‍ഡര്‍ സെറ്റ് ചെയ്യുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. ഓര്‍ത്തിരിക്കേണ്ടതും ഓര്‍മ്മിച്ചുവയ്‌ക്കേണ്ടതുമെല്ലാം ഫോണില്‍ രേഖപ്പെടുത്തി റിമൈന്‍ഡര്‍ ഇടുന്നതാണ് ഇപ്പോള്‍ പതിവ്.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നമ്മള്‍ ഇങ്ങനെ ആയിരുന്നോ? അല്ല. നമ്മുക്ക് അത്യാവശ്യം ആവശ്യമുള്ള ഫോണ്‍ നമ്പറുകള്‍ മുതല്‍ കുറെയേറെ കാര്യങ്ങള്‍ നാം നമ്മുടെ മെമ്മറിയില്‍ സൂക്ഷിച്ചിരുന്നു. അവ ഒരു കൊഗ്നിറ്റിന് മാപ്പ് പോലെ ആവശ്യമുള്ളപ്പോള്‍ ആവശ്യമുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിലേക്ക് നമ്മെ നയിക്കുമായിരുന്നു. പക്ഷെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയവരില്‍ ഇത്തരം സ്വഭാവികമായ ഓര്‍ത്തെടുക്കല്‍ ഇനി സാധ്യമാകില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

memmory
memmory
നമ്മള്‍ ഓര്‍മ്മശക്തി ഉപയോഗിക്കാതിരിക്കുന്ന ഓരോ നിമിഷത്തിലും അത് എന്നന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കും
ഒലിവര്‍ ഹാര്‍ഡറ്റ് , ന്യൂറോ ബയോളജി ഓഫ് മെമ്മറി പ്രൊഫസര്‍ മഗില്‍ യൂണിവേഴ്‌സിറ്റി , കാനഡ

നമ്മള്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍ മറ്റൊരു ഉപകരണത്തെ ഏല്‍പ്പിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് ?

കാനഡയിലെ മഗില്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ ബയോളജി ഓഫ് മെമ്മറി പ്രൊഫസറായ ഒലിവര്‍ ഹാര്‍ഡറ്റിന്റെ അഭിപ്രായത്തില്‍, നമ്മള്‍ ഓര്‍മ്മശക്തി ഉപയോഗിക്കാതിരിക്കുന്ന ഓരോ നിമിഷത്തിലും അത് എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കും. ഫലമോ നമ്മള്‍ ഫോണ്‍ പോലെയുള്ള ഉപകരണങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങും. കൂടാതെ ഇത്തരം സാഹചര്യങ്ങള്‍ വിഷാദരോഗത്തിലേക്കും മാനസിക രോഗത്തിലേക്കും ഡിമെന്‍ഷ്യയിലേക്ക് പോലും നയിച്ചേക്കും. ജിപിഎസ് ഉപയോഗിച്ചുള്ള ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നതിനും ഇത്തരം ന്യൂനതകള്‍ ഉണ്ടെന്ന് ഒലിവര്‍ ഹാര്‍ഡറ്റ് പറയുന്നു . ജിപിഎസിലെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് യാന്ത്രികമായി പ്രവര്‍ത്തിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും.

സ്മാര്‍ട്ട് ഫോണ്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും ഉപയോഗം വര്‍ധിച്ചതും അഡിക്ഷനിലേക്ക് നയിച്ചതും കോവിഡ് മഹാമാരി

രണ്ടായിത്തിന്റെ പകുതിയോടെ തന്നെ സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരുന്നെങ്കിലും ഉപയോഗം വര്‍ധിച്ചതും അഡിക്ഷനിലേക്ക് നയിച്ചതും കോവിഡ് മഹാമാരിയാണെന്നാണ് ബ്രിട്ടണിലെ വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്‍സ് പ്രൊഫസറായ കാതറിന്‍ ലവ്‌ഡേ നടത്തിയ പഠനത്തില്‍ പറയുന്നത്. കോവിഡ് മഹാമാരിക്കുശേഷം ഓര്‍മ്മക്കുറവ് കാര്യമായി അലട്ടുന്നതായി പഠനത്തില്‍ പങ്കെടുത്ത 81 % പേരും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാമാരി കാലത്തെ സമ്മര്‍ദം, ഒറ്റപ്പെടല്‍ എന്നിവയൊക്കെ ഫോണുകളില്‍ കൂടുതല്‍ നേരം അഭയം പ്രാപിക്കാന്‍ പലരെയും പ്രേരിപ്പിച്ചിരുന്നു.

phone
''ഫോൺ മാറ്റി വെച്ച് ജീവിക്കൂ''- ഉപദേശവുമായി മൊബൈൽ ഫോൺ ഉപ‍ജ്ഞാതാവ്

ഫോണ്‍ ഉപയോഗം എങ്ങനെ കുറയ്ക്കാം

  • ഫോണ്‍ ഉപയോഗിക്കുന്നതിന് കൂടുതല്‍ ഇടവേളകള്‍ എടുക്കുക

  • അത്യാവശ്യം ഉള്ള ആപ്പുകള്‍ക്ക് മാത്രം നോട്ടിഫിക്കേഷന്‍ നല്‍കുക

  • ഉറങ്ങുന്നതിന് മുമ്പും എഴുന്നേറ്റ ഉടനെയും ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഒഴിവാക്കുക

ഇത്തരത്തില്‍ ഓരോ വ്യക്തിക്കും അഭികാമ്യമായ നിലയില്‍ സ്‌ക്രീന്‍ സമയം കുറയ്ക്കുക മാത്രമാണ് മാര്‍ഗമെന്നതാണ് ന്യൂറോസയന്‍സ് രംഗത്തെ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

logo
The Fourth
www.thefourthnews.in