വൈകല്യമുള്ള മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ റോബോട്ട് ; നിര്‍മ്മിച്ചത് കൂലിപ്പണിക്കാരനായ അച്ഛന്‍
ഭിന്നശേഷിക്കാരിയായ മകള്‍ക്ക് ഭക്ഷണം നല്‍കാനായി റോബോട്ട് നിർമിച്ച് കൂലിപ്പണിക്കാരനായ അച്ഛന്‍. രോഗബാധിതയായ ഭാര്യയുടെ ബുദ്ധിമുട്ട് കണ്ടാണ് ബിപിന്‍ കാദം മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി റോബോട്ടിനെ ഉണ്ടാക്കിയത്. യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത കാദം മറ്റാരുടെയും പിന്തുണയില്ലാതെയാണ് ഇത് സാധ്യമാക്കിയത്.റോബോട്ടിന് അദ്ദേഹം ' മാ റോബോട്ട് ' എന്ന് പേര് നല്‍കി. തെക്കന്‍ ഗോവയിലെ പോണ്ട താലൂക്കിലെ ബേത്തോറ ഗ്രാമത്തിലാണ് നാല്‍പതുകാരനായ ബിപിന്‍ കാദമും കുടുംബവും താമസിക്കുന്നത്.
കൈകള്‍ ചലിപ്പിക്കാന്‍ സാധിക്കാത്ത പതിനാലുകാരിയായ പ്രജക്തയ്ക്ക് റോബോട്ട് ഭക്ഷണം നല്‍കും. റോബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന പ്ലേറ്റിലാണ് പ്രജക്തയ്ക്ക് ആവശ്യമായ ഭക്ഷണം വയ്ക്കുന്നത്. മകളുടെ ഇഷ്ടാനുസരണം ഏത് ഭക്ഷണമാണ് ആവശ്യമെന്ന് അറിയിക്കാന്‍ കാദം റോബോട്ടില്‍ ഒരു വോയ്സ് കമാന്‍ഡ് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടി നല്‍കുന്ന വോയ്‌സ് കമാന്‍ഡിനനുസരിച്ച് 'മാ റോബോട്ട് ' ഭക്ഷണം നല്‍കും.
ഭക്ഷണം കഴിക്കാന്‍ പ്രജക്ത പൂര്‍ണമായും അമ്മയെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഭാര്യ കിടപ്പിലായതോടെ മകളുടെ കാര്യം ബുദ്ധിമുട്ടിലായി. ഭക്ഷണം നല്‍കാനായി കാദമിന് ജോലിസ്ഥലത്തു നിന്നും വീട്ടിലെത്തേണ്ടതായും വന്നു. അതോടെയാണ് മകള്‍ക്ക് ആരെയും ആശ്രയിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് കാദമിന്റെ ഭാര്യ അദ്ദേഹത്തോട് ആവശ്യപ്പെടുന്നത്. അന്നുമുതല്‍ മകള്‍ക്കായി ഒരു റോബോട്ടിനെ അന്വേഷിക്കുകയായിരുന്നു അവര്‍. എന്നാല്‍ അത്തരത്തിലൊന്ന് എവിടെയും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ കാദം തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ളതുപോലൊരു റോബോട്ടിനെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.
അതുവരെ സാങ്കേതികമായ അറിവുകള്‍ ഒന്നും ഇല്ലാതിരുന്ന കാദം ഇന്റര്‍നെറ്റ് വഴി സോഫ്റ്റ്‌വെയറിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിക്കാനാരംഭിച്ചു. 12 മണിക്കൂര്‍ തുടർച്ചയായി ജോലി ചെയ്ത ശ്ഷമായിരുന്നു റോബോട്ടിനെ ഉണ്ടാക്കാനുള്ള ഗവേഷണങ്ങള്‍. നാല് മാസത്തെ കഠിന ശ്രമത്തിനൊടുവില്‍ അദ്ദേഹം റോബോട്ടിനെ നിര്‍മ്മിച്ചു. ജോലി കഴിഞ്ഞ് ക്ഷീണിതനായി വരുന്ന തനിക്ക് ഊര്‍ജമാകാറുള്ളത് മകളുടെ പുഞ്ചിരിയായിരുന്നെന്ന് കാദം പറയുന്നു. തന്റെ മകളെ പോലെയുള്ള മറ്റ് കുട്ടികളിലേക്കും ഈ റോബോട്ടിനെ എത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഗോവ സ്റ്റേറ്റ് ഇന്നൊവേഷന്‍ കൗണ്‍സില്‍ ബിപിന്‍ കാദമിന്റെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചു. സമാനമായ സാഹചര്യം നേരിടുന്ന നിരവധി ആളുകളെ സഹായിക്കാന്‍ കഴിയുന്ന ഒരു റോബോട്ടിനെ കാദം തയ്യാറാക്കിയിട്ടുണ്ടെന്ന് കൗണ്‍സില്‍ പ്രോജക്ട് ഡയറക്ടര്‍ സുധീപ് ഫാല്‍ദേശായി പറഞ്ഞു. മെഷീനില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനും അതിന്റെ വാണിജ്യ സാധ്യതകള്‍ കണ്ടെത്തി പ്രവര്‍ത്തിക്കാനുമായി സാമ്പത്തിക സഹായം നല്‍കുമെന്നും കൗണ്‍സില്‍ അറിയിച്ചു.