ചാറ്റ് ജിപിടി പണി കളയുമോ; ഗൂഗിളിന് അടി പതറുമോ?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള അതിനൂതന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി ഗൂഗിളിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. വിദഗ്ദര്‍ ചാറ്റ് ജിപിടിയെ സംബന്ധിച്ച് മുന്നറിയിപ്പ് നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്. 2022ല്‍ അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടി പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയിട്ട് രണ്ടാഴ്ച മാത്രമെ ആയിട്ടുള്ളുവെങ്കിലും ഇതിനകം തന്നെ ഏറെ ജനപ്രിയമായി കഴിഞ്ഞു. ഒന്നോ രണ്ടോ വര്‍ഷത്തിനകം ചാറ്റ് ജിപിടിക്ക് മുന്നില്‍ ഗൂഗിളിന് അടിപതറുമെന്നാണ് ജിമെയില്‍ ഡെവലപ്പറായ പോള്‍ ബുഹെ പറയുന്നത്.
ഗൂഗിള്‍ ഏറ്റെടുക്കാൻ ശ്രമിച്ചാലും ഏറ്റവും അധികം വരുമാനം നല്‍കുന്ന അവരുടെ സേര്‍ച്ച് പേജിനെ പൂര്‍ണമായി ഇല്ലാതാക്കികൊണ്ടല്ലാതെ ചാറ്റ് ബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കില്ല
മനുഷ്യനെപോലെ സംവദിക്കാന്‍ ശേഷിയുള്ള ഈ നിര്‍മിത ബുദ്ധി പല ജോലികളിലും മനുഷ്യന് പകരക്കാരനായേക്കാമെന്ന ആശങ്കങ്ങളുമുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ സങ്കീര്‍ണമായ പ്രബന്ധകളും കഥകളും കവിതകളും മാര്‍ക്കറ്റിംഗ് പിച്ചുകളും (ഉത്പന്നത്തിന്റെ സംഗ്രഹം) ചാറ്റ് ജിപിടി തയ്യാറാക്കി. യുഎസിലെ ഒരു രാഷ്ട്രീയക്കാരന് വേണ്ടി പ്രസംഗം പോലും തയാറാക്കി നല്‍കിയെന്നാണ് റിപ്പോർട്ടുകള്‍.
ഒന്നോ രണ്ടോ വര്‍ഷത്തിനകം ഗൂഗിളിന്റെ അടിത്തറയിളകും. ചാറ്റ് ജിപിടി, സേര്‍ച്ച് എഞ്ചിന്‍ റിസള്‍ട്ട് പേജ് തന്നെ ഇല്ലാതാക്കുമെന്ന് പോള്‍ ബുഹെ ഡിസംബര്‍ ഒന്നിന് ചെയ്ത ട്വീറ്റില്‍ അഭിപ്രായപ്പെട്ടിരുന്നു. സേര്‍ച്ച് എഞ്ചിന്‍ റിസള്‍ട്ട് പേജില്‍ കാണിക്കുന്ന പരസ്യങ്ങളിലൂടെയും സ്‌പോണ്‍സേഡ് ലിങ്കുകളിലൂടെയുമാണ് ഗൂഗിള്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്. ഗൂഗിള്‍ ഏറ്റെടുക്കാൻ ശ്രമിച്ചാലും ഏറ്റവും അധികം വരുമാനം നല്‍കുന്ന അവരുടെ സേര്‍ച്ച് പേജിനെ പൂര്‍ണമായി ഇല്ലാതാക്കികൊണ്ടല്ലാതെ ചാറ്റ് ബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കില്ല. ഒരു കാലത്ത് യെല്ലോ പേജസ് എന്ന് വിളിക്കപ്പെട്ട ഡയറക്ടറികളോട് ഗൂഗിള്‍ ചെയ്തത് തന്നെ ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനോടും ചെയ്യുമെന്ന് ബുഹെ മുന്നറിയിപ്പ് നല്‍കുന്നു.
ഉപയോക്താവിന് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ തിരച്ചില്‍ സേവനം നല്‍കികൊണ്ട് ചാറ്റ് ജിപിടി ജനപ്രിയമാകുകയാണ്
കഴിഞ്ഞയാഴ്ച പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളിലെ ഒരു പ്രൊഫസര്‍ ചാറ്റ് ജിപിടിയെകൊണ്ട് എംബിഎ പരീക്ഷ എഴുതിപ്പിച്ച് പരീക്ഷണം നടത്തി. അത്ഭുതപ്പെടുത്തികൊണ്ട് മനുഷ്യന് സമാനമായ രീതിയില്‍ ചാറ്റ് ജിപിടി പരീക്ഷ എഴുതുകയും പാസാകുകയും ചെയ്തു. ഭരണഘടന മുതല്‍ വിവിധ വിഷയങ്ങളില്‍ വിഷയങ്ങളില്‍ ഉപന്യാസങ്ങള്‍ എഴുതിയതിന് ശേഷം ചാറ്റ്ജിപിടി ഒരു യുഎസ് ലോ സ്‌കൂളില്‍ പരീക്ഷ പാസായതായി ബുധനാഴ്ച വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്റര്‍നെറ്റില്‍ തിരയാന്‍ ആളുകള്‍ ഏറ്റവും അധികം ആശ്രയിച്ചിരുന്നത് ഗൂഗിളിനെയാണ്. എന്നാല്‍ ഉപയോക്താവിന് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ തിരച്ചില്‍ സേവനം നല്‍കികൊണ്ട് ചാറ്റ് ജിപിടി ജനപ്രിയമാകുകയാണ്.