ഗൂഗിള്‍ ക്രോമിലെ ഒന്നിലധികം ടാബുകള്‍ കമ്പ്യൂട്ടറിനെ മന്ദഗതിയിലാക്കുന്നുണ്ടോ? പരിഹാരം ഉടന്‍
ലോകത്തില്‍ ഏറ്റവും അധികം ഉപയോക്താക്കളുള്ള വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഗൂഗിള്‍ ക്രോം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗൂഗിളിന്റെ മെമ്മറി ഉപഭോഗം കുറയ്ക്കുന്നതിനായി പല പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്. ക്രോം ടാബുകള്‍ ഓപ്പണ്‍ ചെയ്തുകഴിഞ്ഞാല്‍ പ്രവര്‍ത്തനം മന്ദഗതിയിലാവുന്ന, പതിവ് പ്രശ്‌നം ഇല്ലാതാക്കാന്‍ ഗൂഗിള്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഉപയോഗിക്കാത്ത ഗൂഗിള്‍ ക്രോം ടാബുകള്‍ സ്‌നൂസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ഗൂഗിളില്‍ മെമ്മറി സെയ്‌വ് മോഡിനുള്ള പുതിയ ടൂളാണ് ഗൂഗിള്‍ അവതരിപ്പിക്കാന്‍ പോകുന്നത്. കമ്പ്യൂട്ടറിലോ മൊബൈല്‍ഫോണിലോ ക്രോമിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പുതിയ ടൂളിന് സാധിക്കുമെന്നാണ് വ്യക്തമാവുന്നത്. മെമ്മറി സെയ്‌വ് മോഡ് ആക്ടീവ് ആകുന്നതോടെ ഉപയോഗിക്കാതെ കിടക്കുന്ന ടാബുകള്‍ പ്രവര്‍ത്തനക്ഷമമാവും.
ക്രോമില്‍ ഒന്നിലധികം ടാബുകള്‍ തുറന്നാല്‍ അത് കമ്പ്യൂട്ടറിന്റെ വേഗം കുറയ്ക്കും. എന്നാല്‍ ഗൂഗിളിന്റെ പുതിയ ഫീച്ചറിലൂടെ ഉപയോഗത്തിലില്ലാത്ത ടാബുകള്‍ സ്‌നൂസ് ചെയ്യാന്‍ സാധിക്കും. അതിലൂടെ സര്‍ഫിങ് വേഗത്തിലാക്കാനും കഴിയുമെന്നാണ് അറിയിച്ചിരിക്കുന്നത്. സ്‌നൂസ് ചെയ്ത ടാബ് ഉപയോക്താവ് വീണ്ടും സന്ദര്‍ശിക്കുമ്പോള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര റാം സ്വതന്ത്രമാക്കിയെന്ന് വ്യക്തമാക്കുന്ന ഒരു പോപ്പ് അപ്പ് സന്ദേശം ലഭിക്കും. അതേസമയം മെമ്മറി സേവ് മോഡിനായി ഒരു സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്യപ്പെടുകയും നിഷ്‌ക്രീയമായ ടാബുകള്‍ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങും. മെമ്മറി സേവ് മോഡ് ഓഫ് ചെയ്യാനും ഓണ്‍ ചെയ്യാനും വിവിധ ഓപ്ഷനുകള്‍ ഉണ്ടായിരുക്കും. സ്‌നൂസ് ചെയ്യേണ്ടാത്ത വെബ്‌സൈറ്റുകള്‍ നിഷ്‌ക്രീയമാക്കാതിരിക്കാനും നിര്‍ദ്ദേശിക്കാന്‍ സാധിക്കും. ബാറ്ററി സേവ് മോഡിലാണെങ്കില്‍ വിഷ്വല്‍ ഇഫ്ക്ടും ഉയര്‍ന്ന റീഫ്രഷിങ്ങ് റേറ്റും ഓഫ് ചെയ്യാന്‍ ഉപയോക്താവിന് സാധിക്കുന്ന രീതിയിലാണ് പുതിയ മാറ്റം. ഇത് ഉപകരണത്തിന്റെ ബാറ്ററി ലൈഫ് കൂട്ടാനും സഹായകരമാവും.
അടുത്ത വര്‍ഷം തുടക്കം തന്നെ Windows 7, Windows 8.1 എന്നിവയ്ക്കുള്ള പിന്തുണ ക്രോം അവസാനിപ്പിക്കുമെന്നും ഗൂഗിള്‍ പ്രഖ്യാപിച്ചു. ഈ രണ്ട് പഴയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പതിപ്പുകളെ പിന്തുണയ്ക്കുന്ന അവസാന പതിപ്പ് Chrome 110 ആയിരിക്കും. ഗൂഗിള്‍ ക്രോം പതിപ്പ് 110, 2023 ഫെബ്രുവരി 7-ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.