ചാറ്റ് ജിപിടിക്ക് എതിരാളിയുമായി ഗൂഗിള്‍; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചൈ

ചാറ്റ് ജിപിടിക്ക് എതിരാളിയുമായി ഗൂഗിള്‍; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചൈ

ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിനില്‍ എ ഐ അധിഷ്ഠിത സംവിധാനം ഉള്‍പ്പെടുത്താനാണ് നീക്കം
Updated on
1 min read

ചാറ്റ് ജിപിടി ചാറ്റ് ബോട്ടാണ് ഇനി ഭാവിയുടെ സാങ്കേതിക വിദ്യ എന്നതായിരുന്നു ടെക് ലോകത്തെ ഏറ്റവും പുതിയ വാർത്ത. ചാറ്റ് ജിപിടിക്ക് മുൻപില്‍ ഗൂഗിളിന് അടിപതറുമോയെന്നായിരുന്നു ചർച്ചകള്‍. എന്നാല്‍, ചാറ്റ് ജിപിടി തരംഗം തുടങ്ങി ദിവസങ്ങള്‍ക്കകം സ്വന്തം എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പുറത്തിറക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഗൂഗിളിന്റെ സേര്‍ച്ച് എഞ്ചിനില്‍ എ ഐ അധിഷ്ഠിത സംവിധാനം ഉള്‍പ്പെടുത്താനാണ് നീക്കം.

ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ഓപ്പണ്‍ എഐ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കമാണ് പിച്ചൈയുടെ പ്രഖ്യാപനം

ഗൂഗിളിന്റെ ഏറ്റവും നൂതനമായ തിരച്ചില്‍ സേവനം വളരെ പെട്ടെന്ന് തന്നെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് പിച്ചൈ പറഞ്ഞു. ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ഓപ്പണ്‍ എഐ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കമാണ് പ്രഖ്യാപനം. മെച്ചപ്പെടുത്തിയ തിരച്ചല്‍ സേവനത്തിന്റെ പരീക്ഷണാത്മക പതിപ്പ് അടുത്ത ആഴ്ചകളിലോ അടുത്ത മാസമോ ലഭ്യമാകും. മെയ് മാസത്തില്‍ നടക്കുന്ന ഗൂഗിളിന്റെ വാര്‍ഷിക ഇവന്റായ ഗൂഗിള്‍ ഐ ഒ 2023ല്‍ ഇത് അവതരിപ്പിച്ചേക്കുമെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി.

നിര്‍മിത ബുദ്ധിയുടെ സാധ്യത എത്രത്തോളമാണെന്നും ലോകം അതിനെ സ്വീകരിക്കാന്‍ എങ്ങനെയാണ് തയാറായിരിക്കുന്നതെന്നും ചാറ്റ് ജിപിടിക്ക് ലഭിച്ച സ്വീകാര്യത ചൂണ്ടിക്കാട്ടി പിച്ചൈ വിശദീകരിച്ചു. എഐ അധിഷ്ഠിത് ഭാഷാ മോഡലായ LaMDA (ലംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷനുകള്‍) ആണ് ഗൂഗിള്‍ തിരച്ചില്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനായി ഉപയോഗപ്പെടുത്തുക. ചാറ്റ് ജിപിടിയുടെ ജനപ്രീതി വർധിച്ചതോടെ കമ്പനി മറ്റ് ചാറ്റ്ബോട്ടുകളും പരീക്ഷിക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പരീക്ഷണത്തില്‍ ലാംഡ മെച്ചപ്പെടുന്നുവെന്നും ചില സന്ദര്‍ഭങ്ങളില്‍ ഇത് ചാറ്റ്ജിപിടിയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചാറ്റ് ജിപിടിക്ക് എതിരാളിയുമായി ഗൂഗിള്‍; പ്രഖ്യാപനവുമായി സുന്ദര്‍ പിച്ചൈ
ഗൂഗിളിനെ വീഴ്ത്തുമോ? ചാറ്റ് ജിപിടി

അമേരിക്ക ആസ്ഥാനമായുള്ള ഓപ്പണ്‍ എഐ എന്ന സ്ഥാപനം ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയില്‍ പുതിയ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നത്. മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിടി. 2022അവസാനം അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ഇതിനോടകം ഉണ്ടായിട്ടുള്ളത്. സേര്‍ച്ച് എഞ്ചിന്‍ റിസള്‍ട്ട് പേജില്‍ കാണിക്കുന്ന പരസ്യങ്ങളിലൂടെയും സ്പോണ്‍സേഡ് ലിങ്കുകളിലൂടെയുമാണ് ഗൂഗിള്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത്. ഗൂഗിള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാലും ഏറ്റവും അധികം വരുമാനം നല്‍കുന്ന അവരുടെ സേര്‍ച്ച് പേജിനെ പൂര്‍ണമായി ഇല്ലാതാക്കികൊണ്ടല്ലാതെ ചാറ്റ് ബോട്ടിനെ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ജിമെയില്‍ ഡവലപ്പർ പോള്‍ ബുഹെ അഭിപ്രായപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in