ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി രൂപ പിഴ
ടെക് ഭീമന്‍ കമ്പനിയായ ഗൂഗിളിന് വന്‍ പിഴ ചുമത്തി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഎ). രാജ്യത്തെ ആന്‍ഡ്രോയിഡ് ഫോണുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി 1337 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ പരാതികള്‍ പരിഷ്‌കരിക്കാന്‍ ഗൂഗിളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) വ്യക്തമാക്കുന്നു.
സെര്‍ച്ച്, മ്യൂസിക്, ബ്രൗസര്‍, ആപ്പ് ലൈബ്രറി, മറ്റ് പ്രധാന സേവനങ്ങള്‍ ഗുഗിള്‍ ഫോണുകളില്‍ അടിച്ചേല്‍പ്പിക്കുന്നു
രാജ്യത്തെ ആന്‍ഡ്രോയിഡ് അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകളുടെ ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗുഗിളിന് എതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലാണ് ഗൂഗിള്‍ മാര്‍ക്കറ്റ് നടപടികള്‍ക്ക് വിരുദ്ധവും അന്യായമായ വ്യാപാര സമ്പ്രദായങ്ങള്‍ സ്വീകരിക്കുന്നു എന്ന കണ്ടെത്തലുണ്ടായത്. സെര്‍ച്ച്, മ്യൂസിക്, ബ്രൗസര്‍, ആപ്പ് ലൈബ്രറി, മറ്റ് പ്രധാന സേവനങ്ങള്‍ ഗുഗിള്‍ ഫോണുകളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു പരാമര്‍ശം.
മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തും ഡിഫോള്‍ട്ട് ഓപ്ഷനുകളില്‍ വരുന്ന വിധത്തിലും ഉപകരണങ്ങളിലും ആപ്പ് നിര്‍മ്മാതാക്കളിലും ഗൂഗിള്‍ സമ്മര്‍ദം ചെലുത്തുകയും കരാറുകള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
ഗൂഗിളിന്റെ ബിസിനസ്സ് പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കളെ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആധിപത്യം ദുരുപയോഗം ചെയ്തത് എന്നാണ് വിലയിരുത്തല്‍.