ഇവിടം സേഫാണ് ഭായ്; ബ്‌ളര്‍ ഫീച്ചറുമായി ഗൂഗിള്‍
ഗൂഗിള്‍ സെര്‍ച്ച് ഫലങ്ങളില്‍ ഇനി മുതല്‍ ഉപയോക്താക്കളെ അലോസരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉണ്ടാകില്ല. സെര്‍ച്ച് റിസല്‍റ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ അവ്യക്തമാക്കാനുള്ള ബ്‌ളര്‍ ഫീച്ചര്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.
ഗൂഗിള്‍ ക്രോമിലെ സേഫ് സെര്‍ച്ച് ഓപ്ഷന് കീഴിലായിരിക്കും പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും പരിഗണിച്ചാണ് ഗൂഗിളിന്റെ പുതിയ തീരുമാനം .
ആപ്പിന്റെ പുതിയ ക്രമീകരണം അനുസരിച്ച്, ഉപയോക്താക്കളുടെ തിരച്ചില്‍ ഫലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അശ്ലീല ചിത്രങ്ങള്‍, അക്രമം, അപകടം, തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ എന്നിവ ഇനി മുതല്‍ ഗൂഗിള്‍ അവ്യക്തമാക്കുന്നതായിരിക്കും.
ഹീമോഫോബിയ (രക്തത്തിനോടുള്ള പേടി) ഉള്‍പ്പെടെയുള്ള മറ്റ് ഫോബിയകള്‍ക്കും കാരണമായേക്കാവുന്ന ദൃശ്യങ്ങളും പുതിയ ഫീച്ചറിന്റെ സഹായത്തോടെ അവ്യക്തമായാകും പ്രത്യക്ഷപ്പെടുക.സേഫ് സെര്‍ച്ച് ഫീച്ചര്‍ ഡീ ആക്ടിവേറ്റ് ചെയ്യുകയാണെങ്കില്‍ വ്യക്തമായ ചിത്രങ്ങളും ലഭിക്കും.
18 വയസ്സിന് താഴെയുള്ള ഉപയോക്താക്കള്‍ക്കായി സേഫ് സെര്‍ച്ച് ഫീച്ചര്‍ മുന്‍പേ തന്നെ ഗൂഗിള്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ബ്ലർ സെർച്ച് ഫിൽട്ടർ ചേർത്തുകൊണ്ട് കൂടുതല്‍ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത മാസങ്ങളിലായി സേഫ് സെര്‍ച്ചിന്റെ പുതിയ ഫീച്ചറുകള്‍ ഗൂഗിളില്‍ ഉള്‍പ്പെടുത്തും. സേഫ് സെര്‍ച്ച് ഫീച്ചര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് എല്ലാ ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലും ബ്ലര്‍ ഫീച്ചര്‍ ലഭ്യമാകും.
ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഗൂഗിള്‍ മറ്റ് പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തുന്നുണ്ട്.
പാസ്‌വേഡ് മാനേജറിലേക്ക് ഗൂഗിൾ ബയോമെട്രിക് ഓതന്റിക്കേഷൻ ഫീച്ചറും സജ്ജീകരിച്ചിരിക്കുന്നു. പാസ് വേഡുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഈ ഫീച്ചര്‍ സഹായിക്കും.
പാസ്‌വേഡ് മാനേജറിനു പുറമേ ക്രോം ബ്രൗസറിൽ ഇന്‍കോഗ്നിറ്റോ ടാബുകൾക്കായും ഗൂഗിൾ ഒരു ബയോമെട്രിക് സംവിധാനം ഉള്‍പ്പെടുത്തി. സ്വകാര്യ ബ്രൗസിംഗ് ഹിസ്റ്ററി സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ഐഒഎസിൽ നേരത്തെ തന്നെ ലഭ്യമായിരുന്ന ഈ ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാണ്.