വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാന്‍ ഗൂഗിള്‍ മാപ്
കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്റെ നാവിഗേഷന്‍ സേവനമാണ് ഗൂഗിള്‍ മാപ്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മാപ്പിന്റെ ദുരുപയോഗം തടയാനൊരുങ്ങുകയാണ് ഗൂഗിള്‍. വ്യാജ ബിസിനസുകളും തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങളും നീക്കം ചെയ്യാനാണ് ടെക് ഭീമന്റെ നീക്കം.
ദുരുപയോഗം തടയാനായി കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അതിന്റെ മെഷീന്‍ ലേണിങ് മോഡലില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. .design, .top എന്നീ ഡൊമെയ്നുകളില്‍ അവസാനിക്കുന്ന വെബ്‌സൈറ്റുകളുടെ എണ്ണത്തില്‍ പെട്ടെന്ന് വര്‍ധന ഉണ്ടായതായി മെഷീന്‍ ലേണിങ് അല്‍ഗോരിതം കണ്ടെത്തിയെന്ന് ഗൂഗിള്‍ മനസിലാക്കി. വ്യാജ വെബ്‌സൈറ്റുകളെ തിരിച്ചറിയുന്നതിനും അതുമായി ബന്ധപ്പെട്ട അക്കൗണ്ടുകളെ നീക്കം ചെയ്യുന്നതിനും ഈ വിവരങ്ങള്‍ സഹായിച്ചു.
തെറ്റായി നല്‍കുന്ന വിവരങ്ങള്‍ കണ്ടെത്തി പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് തന്നെ മെഷീന്‍ ലേണിങ് മോഡല്‍ നീക്കം ചെയ്യും
മാപ്പില്‍ ഉള്‍പ്പെടുത്തിയ ചില ബിസിനസുകളില്‍ തട്ടിപ്പുകാര്‍ യഥാര്‍ഥ ഫോണ്‍ നമ്പറുകള്‍ക്ക് പകരം വ്യാജ ഫോണ്‍ നമ്പറുകള്‍ നല്‍കുകയും ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാനും ഇടയാക്കുന്നു. ഗൂഗിളിന്റെ പുതിയ മെഷീന്‍ ലേണിങ് മോഡല്‍ മാപ്പില്‍ നല്‍കുന്ന ചിത്രങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നവയാണ്. തെറ്റായി നല്‍കുന്ന വിവരങ്ങള്‍ കണ്ടെത്തി പബ്ലിഷ് ചെയ്യുന്നതിന് മുന്‍പ് തന്നെ മെഷീന്‍ ലേണിങ് നീക്കം ചെയ്യും.
20 കോടി ഫോട്ടോകളും 75 ലക്ഷം വീഡിയോകളും കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ നീക്കം ചെയ്തു
പോളിസി ലംഘനം നടത്തിയ 11.5 കോടി വ്യാജ റിവ്യൂകളാണ് ഗൂഗിള്‍ 2022 ല്‍ നീക്കം ചെയ്തത്. 2021ലേതിനേക്കള്‍ 20 ശതമാനം കൂടുതലാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. പോളിസി ലംഘനം നടത്തിയതോ, മികച്ചതല്ലാത്തവയോ ആയ 20 കോടി ഫോട്ടോകളും 75 ലക്ഷം വീഡിയോകളും കഴിഞ്ഞ വര്‍ഷം മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ നീക്കം ചെയ്തു.
വ്യാജ ബിസിനിസ് പ്രൊഫൈലുകള്‍ നിര്‍മിക്കാനുള്ള രണ്ട് കോടി ശ്രമങ്ങളെ തടയാനും വ്യാജമെന്ന് കണ്ടെത്തിയ പ്രൊഫൈലുകള്‍ നീക്കം ചെയ്യാനും ഗൂഗിളിന് മെഷീന്‍ ലേണിങ്ങിന്റെ സഹായത്തോടെ സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഗൂഗിള്‍ അടിത്തിടെ പ്രഖ്യാപിച്ചിരുന്നു.