ഗൂഗിള്‍ പേയുടെ ആ സേവനം ഇനി ഫ്രീയല്ല, മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുന്നു

ഗൂഗിള്‍ പേയുടെ ആ സേവനം ഇനി ഫ്രീയല്ല, മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുന്നു

ഓരോ റീച്ചാര്‍ജിനും മൂന്ന് രൂപ വരെ ഈടാക്കാനാണ് ഗൂഗിള്‍ പേ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Updated on
1 min read

പ്രമുഖ മൊബൈല്‍ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ ചില സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൊബൈല്‍ റീച്ചാര്‍ജ് സേവനങ്ങള്‍ക്കാണ് ഗൂഗിള്‍ പേ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ പേ, പേ ടിഎം ആപ്പുകള്‍ നേരത്തെ തന്നെ മൊബൈല്‍ റീച്ചാര്‍ജ് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു എങ്കിലും ഗൂഗിള്‍ പേ ഇതിലേക്ക് എത്തിയിരുന്നില്ല. ഓരോ റീച്ചാര്‍ജിനും മൂന്ന് രൂപ വരെ ഈടാക്കാനാണ് ഗൂഗിള്‍ പേ ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു രൂപ മുതല്‍ നൂറ് രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ ഇനിയും സൗജന്യമായി തുടരും

പ്രമുഖ ടെക് റിവ്യൂവറായ മുകുള്‍ ശര്‍മ എക്‌സില്‍ പങ്കുവച്ച ട്വീറ്റിലാണ് ഗൂഗിള്‍ പേയുടെ നിര്‍ണായക നീക്കത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. മൊബൈല്‍ റീച്ചാര്‍ജ് ചെയ്തപ്പോള്‍ നല്‍കേണ്ടിവന്ന അധിക തുകയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഒരു രൂപ മുതല്‍ നൂറ് രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ ഇനിയും സൗജന്യമായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 101 മുതല്‍ 200 വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഒരു രൂപയും, 201 മുതല്‍ 300 വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് രണ്ട് രൂപയും, 301 മുതല്‍ മുകളിലേക്കുള്ള റീച്ചാര്‍ജുകള്‍ക്ക് മൂന്ന് രൂപയും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൊബൈല്‍ റീച്ചാര്‍ജ് സേവനങ്ങള്‍ക്ക് മാത്രമാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിസിറ്റി, ഫാസ്റ്റ് ടാഗ് സേവനങ്ങള്‍ക്ക് അധിക ചാര്‍ജ് ഈടാക്കുന്നില്ല.

ഗൂഗിള്‍ പേയുടെ ആ സേവനം ഇനി ഫ്രീയല്ല, മൊബൈല്‍ റീച്ചാര്‍ജുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വരുന്നു
ജിബോർഡിലും ഇനി അക്ഷരങ്ങള്‍ സ്കാന്‍ ചെയ്യാം; പുതിയ ഫീച്ചറുമായി ഗൂഗിള്‍

സര്‍വീസ് ചാര്‍ജുകളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കാന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറായിട്ടില്ല. നിലവില്‍ റീച്ചാര്‍ജ് സേവനങ്ങള്‍ക്കായി ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് സംബന്ധിച്ച മുന്നറിയിപ്പൊന്നും ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

നിലവില്‍ മൊബൈല്‍ റീച്ചാര്‍ജുകളില്‍ സര്‍വീസ് ചാര്‍ജ് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭ്യമാണ്. സര്‍വീസ് ദാതാക്കളുടെ വെബ്‌സൈറ്റുകള്‍ ആപ്പിളിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കുന്നതിലൂടെ സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കാനാകും.

logo
The Fourth
www.thefourthnews.in