ചെലവ് ചുരുക്കല്‍ ശക്തമാക്കാന്‍ ഗൂഗിള്‍; ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
ടെക് മേഖലയിലെ കൂട്ടപിരിച്ച് വിടല്‍ വാര്‍ത്തകള്‍ തുടരുന്നതിനിടെ ഗൂഗിള്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉള്‍പ്പടെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗൂഗിള്‍ മുന്‍ഗണന നല്‍കുന്നത്. ഗൂഗിള്‍ പുറത്തിറക്കിയ മെമ്മോയിലാണ് ഇക്കാര്യം അറിയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'കമ്പനിയുടെ സമീപകാല വളര്‍ച്ച, വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷം, നിക്ഷേപ അവസങ്ങള്‍ എന്നിവ വളരെ പ്രധാനമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പരിഗണിക്കപ്പെടുന്നു'. ഗൂഗിളിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത്ത് പൊറാട്ട്, ഹെഡ് ഓഫ് സെര്‍ച്ച് പ്രഭാകര്‍ രാഘവന്‍ എന്നിവര്‍ ഒപ്പിട്ട മെമ്മോയില്‍ വ്യക്തമാക്കുന്നു.
ചെലവ് ചുരുക്കല്‍ പ്രഖ്യാപിക്കുമ്പോഴും ജീവനക്കാര്‍ക്കുള്ള കഫേകള്‍, മൈക്രോ കിച്ചണ്‍ എന്നിവയുടെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ കാലം ആസ്വദിക്കാന്‍ കഴിയുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.' ജീവനക്കാര്‍ക്കുള്ള ഓഫീസ് സേവനങ്ങള്‍ പുതിയ ഹൈബ്രിഡ് വര്‍ക്ക് വീക്കിലേക്ക് ക്രമീകരിക്കുകയാണ്. കഫേകളും മൈക്രോ കിച്ചന്‍സുകളും മറ്റ് സൗകര്യങ്ങളും എങ്ങനെ, എപ്പോള്‍ ഉപയോഗിക്കപ്പെടുന്നു എന്നതിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കും. ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനങ്ങള്‍' - മെമ്മോയില്‍ ചൂണ്ടിക്കാട്ടുന്നു.
ഗൂഗിള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, ജീവനക്കാര്‍, മുന്‍ഗണനകള്‍ എന്നിവ അവലോകനം ചെയ്തിട്ടുണ്ടെന്നും ഇത് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന് കാരണമായെന്നും ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ ഒരു കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ മാറ്റങ്ങള്‍ ജീവനക്കാരുടെ ജീവിതത്തെ ബാധിക്കുമെന്ന വസ്തുത തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും പിച്ചൈ വ്യക്തമാക്കിയിരുന്നു. പിരിച്ചുവിടല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റില്‍ ജോലി ചെയ്യുന്ന 1,400 ഓളം ജീവനക്കാര്‍ സുന്ദര്‍ പിച്ചൈക്ക് എഴുതിയ തുറന്ന കത്തില്‍ പുതിയ നിയമനങ്ങള്‍ മരവിപ്പിക്കുക ഉള്‍പ്പെടെയുള്ള ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.