ഇനി പറ്റിക്കല്‍ നടക്കില്ല! എഐ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും കുരുക്കിടാൻ ഗൂഗിള്‍; പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കും
സെർച്ച് റിസൾട്ട്‌സില്‍ വരുന്ന ചിത്രങ്ങളും വീഡിയോകളും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമിച്ചതാണോയെന്ന് തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ സവിശേഷതയുമായി ഗൂഗിള്‍. പുതിയ സാങ്കേതിക സംവിധാനമായ കോണ്ടറ്റ് ക്രെഡെൻഷ്യൽസ് തങ്ങളുടെ എല്ലാ ഉത്പന്നങ്ങളിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താവിന് ലഭിക്കുന്ന കോണ്ടന്റിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ഇതിലൂടെ ഗൂഗിള്‍ നല്‍കും.
കോണ്ടന്റ് ക്രെഡെൻഷ്യല്‍സ് വികസിപ്പിച്ചിരിക്കുന്നത് Coalition for Content Provenance and Authenticity (C2PA) എന്ന സംവിധാനത്തിലൂടെയാണ്. എഐ കോണ്ടന്റുകള്‍ തിരിച്ചറിയുന്നതിനും മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനുമായി ഗൂഗിൾ, മെറ്റ, ഓപ്പണ്‍എഐ തുടങ്ങിയ ടെക് ഭീമന്മാരും സംയുക്തമായി ആരംഭിച്ച ഒരു സംവിധാനമാണിത്.
ക്യാമറയില്‍ എടുത്ത ചിത്രമാണോ, സോഫ്റ്റ്‌വെയറില്‍ എഡിറ്റ് ചെയ്തതാണോ അല്ലെങ്കില്‍ എഐ ഉപയോഗിച്ച് നിർമിച്ചതാണോ എന്ന് കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. തങ്ങള്‍ ഇടപെടുന്ന കോണ്ടന്റുകളുടെ ആധികാരികത ഉറപ്പിക്കാനും ഉപയോക്താക്കളെ ഇത് സഹായിക്കുമെന്നു ഗൂഗിള്‍ വ്യക്തമാക്കുന്നു.
എങ്ങനെയാണ് കോണ്ടന്റ് ക്രെഡെൻഷ്യല്‍സ് പ്രവർത്തിക്കുന്നത്?
വരും മാസങ്ങളിലായിരിക്കും കോണ്ടന്റ് ക്രെഡെൻഷ്യല്‍സ് സേർച്ച് എഞ്ചിനിലും പരസ്യങ്ങളിലും ലഭ്യമാകുക എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. C2PA മെറ്റഡാറ്റയുമായി എംബഡ് ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ “About this image” എന്നൊരു ഓപ്ഷനുണ്ടാകും. ഇതില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും.
തങ്ങളുടെ പരസ്യസംവിധാനങ്ങള്‍ C2PA മെറ്റഡാറ്റയുമായി സംയോജിപ്പിക്കാനൊരുങ്ങുകയാണെന്ന് ഗൂഗിള്‍ അറിയിച്ചിരുന്നു. യൂട്യൂബിലേക്കും ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള പദ്ധതികളും ഗൂഗിള്‍ ആവിഷ്കരിക്കുന്നുണ്ട്.