ഉപയോഗിക്കാത്ത ഗൂഗിൾ അക്കൗണ്ട് ഉണ്ടോ? ഡിസംബർ 31 മുതൽ അത് പൂർണമായും നഷ്ടമാകും
ഗൂഗിൾ അക്കൗണ്ട് ഇല്ലാത്ത ആളുകൾ തന്നെ ഇന്ന് കുറവായിരിക്കും. ഇന്റർനെറ്റ് ലോകത്തെ നമ്മുടെ വിലാസമാണ് മെയിൽ ഐഡികൾ. സ്മാർട്ട്ഫോണുകളുടെ ഉപയോഗം വ്യാപകമായതോടെ പലർക്കും ആവശ്യങ്ങൾക്ക് അനുസരിച്ച് ഒന്നിലധികം ജിമെയിൽ അക്കൗണ്ടുകളും ഉണ്ടാകും. എന്നാൽ ഇതിൽ പലതും ചിലപ്പോൾ നാം ഏറെ നാളായി ഉപയോഗിക്കുന്നും ഉണ്ടാകില്ല. മുൻപായിരുന്നെങ്കിൽ ഇത്തരത്തിൽ ഉപയോഗിക്കാത്ത അക്കൗണ്ടുകൾ എപ്പോൾ വേണമെങ്കിലും പൊടിതട്ടിയെടുത്ത് ഉപയോഗിക്കാമായിരുന്നു. എന്നാൽ ഇനി അത് സാധിക്കില്ല.
കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ ഗൂഗിൾ അക്കൗണ്ടുകൾ ഉടൻ തന്നെ നീക്കം ചെയ്ത് തുടങ്ങുമെന്ന് ടെക് ഭീമൻ പ്രഖ്യാപിച്ച് കഴിഞ്ഞു. ഡിസംബർ 31 മുതൽ ഇത് നടപ്പാക്കി തുടങ്ങും. ഉപയോക്തൃ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതെന്നാണ് ഗൂഗിൾ അറിയിച്ചത്. നേരത്തെ, രണ്ട് വർഷമായി പ്രവർത്തിപ്പിക്കാത്ത അക്കൗണ്ടുകളിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ നീക്കം ചെയ്യുന്ന നയമാണ് ഗൂഗിൾ പിന്തുടർന്നിരുന്നത്. എന്നാലിപ്പോൾ ഡാറ്റ നീക്കം ചെയ്യുമെന്ന് മാത്രമല്ല അക്കൗണ്ട് തന്നെ ഇല്ലാതാക്കും എന്നതാണ് ശ്രദ്ധേയം.
മാത്രമല്ല, ഒരു തവണ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടാല്‍, പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ബന്ധപ്പെട്ട ജീമെയില്‍ അഡ്രസ് ഉപയോഗിക്കാനും സാധിക്കില്ല. നിങ്ങളുടെ അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള എളുപ്പവഴി അത് വീണ്ടും ഉപയോഗിക്കുക എന്നതാണ്.
ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, യുട്യൂബ്, ഗൂഗിൾ ഫോട്ടോസ് എന്നിവയുൾപ്പെടെ നിഷ്‌ക്രിയ അക്കൗണ്ടുകളിൽ സംഭരിച്ചിരിക്കുന്ന എല്ലാ ഉള്ളടക്കത്തെയും പുതിയ നീക്കം ബാധിക്കും. അതുകൊണ്ട് തന്നെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നതിന് മുൻപ് ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കും. ഗൂഗിളിന്റെ പുതിയ പോളിസി വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാവുകയുള്ളൂ.
കുറേ നാൾ അക്കൗണ്ടുകൾ ഉപയോഗിക്കാതിരുന്നാൽ ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും ഗൂഗിൾ പ്രൊഡക്‌ട് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി ചൂണ്ടിക്കാട്ടി. കൂടാതെ ഇത്തരം അക്കൗണ്ടുകൾക്ക് സുരക്ഷയുടെ ഭാഗമായുള്ള ടു-ഫാക്ടർ ഓതന്റിക്കേഷന് വിധേയമാക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ അത് ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ ചോർത്താനുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്നും റൂത്ത് ക്രിചെലി പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി നിങ്ങൾ ഗൂഗിൾ സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ, അത് ഡിലീറ്റ് ചെയ്യപ്പെടുന്നവയിൽ ഇടംനേടും. മാത്രമല്ല, ഒരു തവണ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടാല്‍, പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ബന്ധപ്പെട്ട ജീമെയില്‍ അഡ്രസ് ഉപയോഗിക്കാനും സാധിക്കില്ല. നിങ്ങളുടെ അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള എളുപ്പവഴി അത് വീണ്ടും ഉപയോഗിക്കുക എന്നതാണ്. ഇമെയിലുകൾ വായിക്കുകയോ അയയ്‌ക്കുകയോ ചെയ്യുക, യൂട്യൂബ് വീഡിയോകൾ കാണുക, ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക, ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുക, സെർച്ചിങ് നടത്തുക, തേർഡ്പാർട്ടി ആപ്പുകൾ അല്ലെങ്കിൽ സേവനങ്ങൾക്കായി ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുകയോ ചെയ്യാം. ഇത് അക്കൗണ്ടിനെ ആക്ടീവ് ആയി നിലനിർത്താൻ സഹായിക്കും.
അതേസമയം, അക്കൗണ്ടുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ പോലും, Google One അല്ലെങ്കിൽ YouTube Premium പോലുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ഇതിനകം സജ്ജീകരിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ നിഷ്‌ക്രിയമായി കണക്കാക്കില്ല. ഉപയോക്താക്കൾ അവരുടെ അക്കൗണ്ടുകൾ പരിപാലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പതിവായി സൈൻ ഇൻ ചെയ്യാൻ ഗൂഗിൾ ഉപദേശിക്കുന്നു.