ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി
ടെക് ഭീമൻ കമ്പനിയായ ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴ. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ തവണയാണ് സിസിഐ ഗൂഗിളിന് പിഴയിടുന്നത്. 1337.76 കോടി രൂപ പിഴയിട്ടത് നാല് ദിവസം മുന്‍പാണ് . ഇതോടെ ആകെ 2274 കോടി രൂപ പിഴയൊടുക്കണം.
ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി സിസിഐ കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിന്റെ പ്ലേ സ്റ്റോർ പോളിസിയുമായി ബന്ധപ്പെട്ടാണ് നടപടി. ഗൂഗിൾ പേയ്‌മെന്റ് ആപ്പും ഇൻ- ആപ്പ് പേയ്മെന്റ് സിസ്റ്റവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിപണിയിലെ സ്ഥാനം ദുരുപയോഗം ചെയ്തെന്നാണ് കണ്ടെത്തല്‍. ഗൂഗിള്‍ പ്ലേ ബില്ലിങ് സിസ്റ്റം വഴി മാത്രമേ പ്രീമിയം ആപ്പുകള്‍ ഡൗൺലോഡ് ചെയ്യാനും പ്രീമിയം സർവീസ് ഉപയോഗപ്പെടുത്താനും കഴിയൂ.
രാജ്യത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോൺ ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് 2019 ഏപ്രിലില്‍ ആണ് ഗൂഗിളിനെതിരെ സിസിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സെര്‍ച്ച്, മ്യൂസിക്, ബ്രൗസര്‍, ആപ്പ് ലൈബ്രറി, മറ്റ് പ്രധാന സേവനങ്ങള്‍ ഫോണുകളില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നായിരുന്നു പരാതി. മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തും ഡിഫോള്‍ട്ട് ഓപ്ഷനുകളില്‍ വരുന്ന വിധത്തിലും ഉപകരണങ്ങളിലും ആപ്പ് നിര്‍മാതാക്കളിലും ഗൂഗിള്‍ സമ്മര്‍ദം ചെലുത്തുകയും കരാറുകള്‍ ഉണ്ടാക്കിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.