മൈക്രോസോഫ്റ്റ് സേവനങ്ങൾ ഓഫ്‌ലൈനാക്കിയതിന് പിന്നിൽ റഷ്യൻ ഹാക്കർമാർ?
മൈക്രോസോഫ്റ്റിന്റെ ചില സേവനങ്ങൾ ഓഫ്‌ലൈനാക്കിയ സമീപകാല ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യൻബന്ധമുള്ള ഹാക്കർമാരായിരിക്കാമെന്ന് റിപ്പോർട്ടുകൾ. സൈബർ സുരക്ഷാ സംഘമായ സൈബർ സി എക്സിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. സുഡാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്ര ഇസ്ലാമിസ്റ്റ് സംഘങ്ങളായിരുന്നു ഹാക്കിങ്ങിന് പിന്നിലെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഔട്ട്ലുക്ക് സര്‍വീസ് തടസപ്പെടുത്തിയതുൾപ്പെടെയുള്ള ഹാക്കിങ്ങാണ് മൈക്രോസോഫ്റ്റിന് നേരെയുണ്ടായത്.
കഴിഞ്ഞ ജനുവരിയിൽ ആരോഗ്യം, വ്യോമയാനം, വിദ്യാഭ്യാസം തുടങ്ങി ഓസ്‌ട്രേലിയയിലെ 24 മേഖലകളിലെ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ തടസപ്പെട്ടിരുന്നു. സുഡാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജ്ഞാത ഹാക്കർ സംഘങ്ങളാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ജൂൺ ആദ്യവാരം ഡോസ് സിസ്റ്റത്തിൽ നടത്തിയ ആക്രമണത്തിന് പിന്നിലും ഈ അജ്ഞാത സുഡാൻ സംഘമാണെന്നായിരുന്നു എന്നാണ് മൈക്രോസോഫ്റ്റ് നേരത്തെ പുറത്തുവിട്ട വിവരം. ഓസ്‌ട്രേലിയൻ സംഘടനകളെ ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് സുഡാൻ ഹാക്കർമാർ വെളിപ്പെടുത്തിയിരുന്നു. മെൽബണിൽ നടന്ന ഫാഷൻ ഫെസ്റ്റിവലിൽ 'ദൈവം എന്റെ കൂടെ നടക്കുന്നു' എന്ന് അറബിയിലെഴുതിയ വസ്ത്രം ധരിച്ചതിൽ പ്രതിഷേധിച്ചാണ് ആക്രമണം എന്നാണ് അജ്ഞാത ഹാക്കർമാരുടെ വെളിപ്പെടുത്തിയത്.
പണം മുടക്കിയുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഹാക്കർമാർ മൈക്രോസോഫ്റ്റിനെ ലക്ഷ്യമിട്ട് ഹാക്കിങ് നടത്തിത്. ലക്ഷകണക്കിന് രൂപ ചെലവാക്കി ആധികാരികമല്ലാത്ത ഒരു ഗ്രൂപ്പ് ഇത് ചെയ്യാനുള്ള സാധ്യത കുറവാണെന്ന് ഈമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ സുരക്ഷാ സംഘമായ സൈബർ സി എക്സ് പരിശോധന ആരംഭിച്ചത്. സുഡാനിലെ അജ്ഞാത ഹാക്കർമാരും റഷ്യൻ ഹാക്കർമാരും സംയുക്തമായി നടത്തിയ ഓപ്പറേഷനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല എന്നാണ് സൈബർ സി എക്സിന്റെ വിശദീകരണം. ഭിന്നിപ്പുണ്ടാകാനുള്ള ശ്രമമാണ് ഈ സംഘത്തിന്റേതെന്ന് സൈബർ സിഎക്സ് സ്ട്രാറ്റജി വിഭാഗം വിലയിരുത്തി.