ഹാർഡ്‌വെയർ ഇറക്കുമതി ലൈസൻസിങ്: ഒരു വർഷത്തോളം സാവകാശം നൽകി കേന്ദ്രം, ലാപ്ടോപ്പ് കമ്പനികൾക്ക് ആശ്വാസം
ലാപ്ടോപ്പ് നിർമ്മാതാക്കൾക്ക് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം. ലാപ്ടോപ്പ് ഇറക്കുമതി ലൈസൻസിങ് വൈകും. നവംബർ 1വരെ കമ്പനികൾക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സമയം. ലാപ്ടോപ്പ് നിർമാതാക്കളായ ആപ്പിൾ, സാംസങ്, എച്ച്പി, ഡെൽ ലെനോവോ ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഈ തീരുമാനം താൽക്കാലിക ആശ്വാസമാണ്. ലാപ്ടോപ്പുകളും, പിസികൾകളും സെർവറുകളും നവംബർ 1 മുതൽ ഇറക്കുമതി ചെയ്യണമെങ്കിൽ റെജിസ്ട്രേഷൻ ആവശ്യമായിരിക്കും.
ഇന്ത്യയിൽ നിരവധി ആഘോഷങ്ങളും പ്രധാനപ്പെട്ട സെയിലുകളും നടക്കുന്ന സമയമാണ് നവംബർ-ഡിസംബർ മാസങ്ങൾ. നിയന്ത്രണം വലിയ രീതിയിൽ കച്ചവടത്തെ ബാധിക്കുമെന്നുള്ളതുകൊണ്ട് ഇലക്ട്രോണിക് കമ്പനി പ്രതിനിധികൾ കേന്ദ്ര ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നവംബർ ഒന്നുമുതൽ എന്താണ് മാറ്റം?
തുടക്കമെന്ന രീതിയിൽ കമ്പനികൾക്ക് ഒരു ഓൺലൈൻ ലൈസൻസിങ് സംവിധാനമാണ് ഏർപ്പെടുത്തുക. അങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ ഇന്ത്യയിൽ ഹാർഡ്‌വെയർ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ സാധിക്കൂ. ഇറക്കുമതി നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കുന്നത് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയിരിക്കും. എല്ലാ കാര്യങ്ങളും പൂർണ്ണമായി ഓൺലൈൻ വഴിയാവും നിയന്ത്രിക്കുക.
എന്താണ് ഇറക്കുമതി നിയന്ത്രണ സംവിധാനം?
ഓൺലൈനിൽ പ്രവർത്തിക്കുന്ന ഇറക്കുമതി നിയന്ത്രണ സംവിധാനമായിരിക്കുമിത്. അതിന്റെ വെബ്സൈറ്റ് നിയന്ത്രിക്കുന്നത് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ആയിരിക്കും. മൊബൈൽ ഫോണുകൾക്കും ഐടി, ടെലികോം ഉത്പന്നങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഒരു വർഷത്തോളം മറ്റു നിയന്ത്രണങ്ങളൊന്നുമില്ലാതെ ഇറക്കുമതി തുടരുകയും ശേഷം കമ്പനികൾക്ക് കോട്ട നൽകുന്ന സംവിധാനത്തിലേക്ക് മാറുകയും ചെയ്യും. 2024 ഒക്ടോബർ വരെ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ എണ്ണം നിയന്ത്രിക്കില്ലെന്ന് പ്രധാന ഹാർഡ്‌വെയർ കമ്പനികൾക്ക് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്.
ലൈസൻസ് നൽകുന്നതിന് മൂന്നു വ്യവസ്ഥകൾ
ഇറക്കുമതി ലൈസൻസ് നൽകുന്നത് മൂന്ന് വ്യവസ്ഥകൾ പാലിച്ചുകൊണ്ടായിരിക്കും. ഐടി ഉത്പന്നങ്ങളിന്മേൽ കഴിഞ്ഞ ഒരു വർഷത്തെയോ മൂന്നു വർഷത്തെയോ ഇറക്കുമതി മൂല്യം ആണ് ആദ്യത്തെ വ്യവസ്ഥ. രണ്ട്, ആഭ്യന്തരമായി ഇലക്ട്രോണിക് ഉത്പന്നങ്ങൾ നിർമ്മിച്ച പരിചയം, മൂന്ന്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് പുറത്തേക്ക് കയറ്റി അയച്ചതിന്റെ തോത്.
സൺസെറ്റ് ക്ലോസ്
2030ഓടുകൂടി പുതിയൊരു സംവിധാനത്തിലേക്ക് മാറുന്ന രീതിയിൽ ഒരു സൺസെറ്റ് ക്ലോസ് കൂടി സർക്കാർ മുന്നോട്ടുവെക്കുന്നുണ്ട്. റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന എല്ലാവർക്കും നിലവിൽ എത്ര വേണമെങ്കിലും ഇറക്കുമതി ചെയ്യാം. എന്നാൽ പിന്നീട് ക്വാട്ട സമ്പ്രദായം നിലവിൽ വരുമെന്നാണ് സർക്കാർ അറിയിക്കുന്നത്.
ഒരു വർഷത്തേക്കെങ്കിലും ഇളവ് നൽകണം എന്നും, ഉടനെ ഇന്ത്യയിൽ ലാപ്ടോപ്പുകളും, പിസികളും നിർമ്മിക്കാൻ സാധിക്കില്ല എന്നും പ്രധാന ഇലക്ട്രോണിക് കമ്പനികൾ സർക്കാരിനെ അറിയിച്ചിരുന്നു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ കഴിഞ്ഞ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്തെഴുതുകയും, പെട്ടന്ന് ഇറക്കുമതി ലൈസൻസിങ് ഏർപ്പെടുത്തിയാൽ മാർക്കറ്റിൽ സാധനങ്ങൾക്ക് വലിയ ക്ഷാമം അനുഭവപ്പെടാനും വിലകൂടാനും സാധ്യതയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.