നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ മറ്റൊരാൾ ഉപയോഗിക്കുന്നതായി സംശയമുണ്ടോ? കണ്ടെത്താൻ വഴിയുണ്ട്

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ മറ്റൊരാൾ ഉപയോഗിക്കുന്നതായി സംശയമുണ്ടോ? കണ്ടെത്താൻ വഴിയുണ്ട്

ഫോണിലെ സംവിധാനം വഴി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ ആരൊക്കെ എവിടെയൊക്കെ നിന്ന് സൈൻ ഇൻ ചെയ്തിരിക്കുന്നെന്ന് കണ്ടെത്താം.
Updated on
1 min read

നമ്മുടെ ഗൂഗിൾ അക്കൗണ്ട്‌ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന സംശയം നമ്മളിൽ പലർക്കും കാണും. എന്നാൽ ഇതെങ്ങനെ കണ്ടെത്തുമെന്നതിനെ പറ്റി പലർക്കും കൃത്യമായ ധാരണ കാണില്ല. പക്ഷേ ഫോണിലെ ചില സംവിധാനങ്ങൾ വഴി നമ്മുടെ ഗൂഗിൾ അക്കൗണ്ട്‌ ആരൊക്കെ ഉപയോഗിക്കുന്നുണ്ടെന്നും, ഗൂഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറുകൾ, ഫോണുകൾ, മറ്റുപകരണങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും.

ഇതിനായി ഫോണിലെ സെറ്റിങ്സ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. താഴേയ്ക്കു സ്ക്രോൾ ചെയ്യുമ്പോൾ ഗൂഗിൾ എന്ന ഓപ്‌ഷൻ കാണാം, അത് സെലക്ട് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോട്ടോ ചേർത്തുള്ള ഗൂഗിൾ അക്കൗണ്ട്‌ കാണാൻ സാധിക്കും. അതിൽ മാനേജ് യുവർ ഗൂഗിൾ അക്കൗണ്ട്‌ എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക.

ഇപ്പോൾ നിരവധി ഓപ്‌ഷൻസ് നിങ്ങൾക്ക് കാണാം. അതിൽ സെക്യൂരിറ്റി എന്ന സെക്ഷൻ തിരഞ്ഞെടുക്കുക. അതിൽ യുവർ ഡിവൈസസ് എന്ന ഓപഷനിൽ ക്ലിക്ക് ചെയ്യുക. മാനേജ് ഓൾ ഡിവൈസസ് എന്ന ഓപ്‌ഷൻ സെലക്ട് ചെയ്യുക. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട്‌ ഏതൊക്കെ സ്ഥലങ്ങളിൽ നിന്നും ഏതെല്ലാം ഉപകരണങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ട് ഉണ്ടെന്ന് ഇവിടെ കാണാൻ സാധിക്കും.

നിങ്ങൾ സൈൻ ഇൻ ചെയ്യാത്ത ഏതെങ്കിലും ഡിവൈസുകള്‍ ഇവിടെ കാണുകയാണെങ്കിൽ ആ ഓപ്‌ഷൻ സെലക്ട് ചെയ്യുക, സൈൻ ഔട്ട് ചെയ്യുക. ഇങ്ങനെ നിങ്ങൾ അറിയാതെ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ നിന്ന് ഗൂഗിൾ അക്കൗണ്ട്‌ സൈൻ ഔട്ട് ചെയ്യാൻ സാധിക്കും.

നിങ്ങൾ അറിയാതെ മറ്റ് ഉപകരണങ്ങളിൽ സൈൻ ഇൻ ചെയ്യുന്നത് കണ്ടെത്തിയാൽ സൈൻ ഔട്ട് ചെയ്ത ശേഷം ഗൂഗിൾ അക്കൗണ്ടിന്റെ നിലവിലെ പാസ് വേര്‍ഡ്‌ മാറ്റുന്നത് സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കും. പുതിയ പാസ് വേര്‍ഡ്‌ സൃഷ്ടിക്കുമ്പോൾ അക്കങ്ങൾ, പരിചിതമായ പേരുകൾ എന്നിവ ഉപയോഗിക്കാതെ പ്രത്യേകം ശ്രദ്ധിക്കുക.

logo
The Fourth
www.thefourthnews.in