സ്മാര്‍ട്ടായി വാങ്ങാം സ്മാര്‍ട്ട് വാച്ച്

സ്മാര്‍ട്ടായി വാങ്ങാം സ്മാര്‍ട്ട് വാച്ച്

ട്രെന്‍ഡിങ്ങായ സ്മാര്‍ട്ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
Published on

ഇന്നത്തെക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങായി നില്‍ക്കുന്ന ഒന്നാണ് സ്മാര്‍ട്ട് വാച്ചുകള്‍. ടച്ച് സ്‌ക്രീനും, സ്‌റ്റൈലിഷായ ഡിസൈനും, ഫോണ്‍ കണക്ടിവിറ്റിയും, ഫിറ്റ്‌നസ് ട്രാക്കറുമായി എത്തിയ സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യൂത്തിനിടയില്‍ അതിവേഗം കത്തിക്കയറിയ സ്മാര്‍ട്ട് വാച്ച് ഭ്രമം മുതിര്‍ന്നവരും ഏറ്റെടുക്കുകയായിരുന്നു. 2000 രൂപമുതല്‍ 90000 രൂപ വരെയുള്ള സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ ലഭ്യമാണ്. വാച്ചുകള്‍ വാങ്ങുമ്പോള്‍ വെറുതേ പുറംമോടി മാത്രം നോക്കാതെ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

1.ഡിസ്‌പ്ലേ

സ്മാര്‍ട് വാച്ചുകളുടെ കാര്യത്തില്‍ പ്രധാന ഘടകമാണ് ഡിസ്‌പ്ലേയുടെ ക്വാളിറ്റി. കുറഞ്ഞത് 300-400 സ്‌ക്രീന്‍ റെസൊല്യൂഷന്‍ എങ്കിലും ഉള്ള വാച്ചുകള്‍ വാങ്ങാന്‍ ശ്രമിക്കുക. അതിലും താഴെയുള്ള ഡിസ്‌പ്ലേകള്‍ നിലവാരത്തിന്‍റെ കാര്യത്തില്‍ നിരാശപ്പെടുത്തും. പ്രായോഗികതയുടെ കാര്യത്തില്‍ എപ്പോഴും ഓണായിരിക്കുന്ന 'ഓള്‍വേയ്‌സ് ഓണ്‍ ഡിസ്‌പ്ലേ' ഉള്ള വാച്ചുകള്‍ കുറച്ചുകൂടി സഹായകമാകും.

2.ബാറ്ററി

'സ്മാര്‍ട്ട് വാച്ചുകളുടെ ഫീച്ചറുകള്‍ കൂടുന്നതിനനുസരിച്ച് ബാറ്ററി ലൈഫ് കുറയുന്നു എന്നതാണ് വാസ്തവം. ആപ്പിള്‍ വാച്ചുകളില്‍ പോലും ഒരു ദിവസം മാത്രമേ ബാറ്ററി ചാര്‍ജ് നില്‍ക്കുന്നുള്ളൂ എന്ന് മനസിലാക്കുക. എന്നാല്‍ 5 മുതല്‍ 7 ദിവസം വരെ ചാര്‍ജ് നില്‍ക്കുന്ന, ഫീച്ചറുകള്‍ കുറഞ്ഞ വാച്ചുകള്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ വാങ്ങുന്നതിനു മുന്‍പ് ബാറ്ററി ലൈഫ് എത്രയെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

3.കോളിങ് സംവിധാനം

മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ വാച്ചില്‍ എടുക്കാനുള്ള സംവിധാനം ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാണ്. ഇത്തരത്തിലുള്ള വാച്ചുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മൈക്കിന്റെയും സ്പീക്കറിന്റെയും ക്വാളിറ്റി പ്രത്യേകം ശ്രദ്ധിക്കണം.

4.കൂടുതല്‍ വാച്ച് ഫെയ്‌സുകളും സ്ട്രാപ്പുകളും

എപ്പോഴും സമയം നോക്കി കണ്ടുമടുത്ത വാച്ച് ഫെയ്‌സുകള്‍ക്കു പകരം പുതിയവ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ടെങ്കില്‍ വാച്ചിന് എപ്പോഴും പുതുമ നിലനില്‍ക്കും. റബര്‍,സ്റ്റീല്‍ തുടങ്ങിയ സ്ട്രാപ്പുകളും സ്മാര്‍ട്ട് വാച്ചുകള്‍ക്ക് ലഭിക്കും. വിപണിയില്‍ വാച്ച് സ്ട്രാപ്പുകള്‍ കൂടുതല്‍ ലഭിക്കുന്ന മോഡല്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം.

5.ഫിറ്റ്‌നസ്

ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നവരാണെങ്കില്‍ മികച്ച ഫിറ്റ്‌നസ് ഫീച്ചറുകളായ ഹാര്‍ട് ട്രാക്കിങ് മോണിറ്റര്‍, വര്‍ക്ക് ഔട്ട് മോണിറ്റിങ്, സ്ലീപ്പ് ട്രാക്കിങ്,കലോറി ബേണിങ് എന്നിവയ്‌ക്കൊപ്പം ജിപിഎസ് ഉള്ള സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ജോഗിങ്, നടത്തം തുടങ്ങിയ എക്‌സര്‍സൈസുകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇത്തരം ജിപിഎസ് സംവിധാനം ഉള്ള സ്മാര്‍ട്ട് വാച്ചുകള്‍ക്ക് കഴിയും.

6.പ്രായോഗികത

ആന്‍ട്രോയ്ഡ് ഫോണുകളിലും ഐ ഫോണുകളിലും കണക്ട് ചെയ്യാവുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഉണ്ട്. 3000രൂപ മുതല്‍ ആന്‍ട്രോയ്ഡ് സ്മാര്‍ട് വാച്ചുകള്‍ ലഭിക്കുമ്പോള്‍ 30000 രൂപ മുതലാണ് ആപ്പിള്‍ വാച്ചുകളുടെ വില. അതുകൊണ്ടുതന്നെ കൈയിലുള്ള ഫോണും ബഡ്ജറ്റും നോക്കി വേണം വാച്ചുകള്‍ തിരഞ്ഞെടുക്കാന്‍.

7.വാട്ടര്‍ പ്രൂഫ്/ഡസ്റ്റ് പ്രൂഫ് സംവിധാനം

കൈയില്‍ കെട്ടുന്ന സ്മാര്‍ട്ട് വാച്ചുകള്‍ നനയാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ഡസ്റ്റ് പ്രൂഫ് ആയതും ip68 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങോ അതിനുമുകളിലോ ഉള്ള സ്മാര്‍ട്ട് വാച്ചുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

logo
The Fourth
www.thefourthnews.in