ചാറ്റ് ജിപിടി: പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പരീക്ഷണത്തിനൊരുങ്ങി മദ്രാസ് ഐഐടി
ചാറ്റ് ജിപിടി തരംഗമാണ് ലോകത്തെവിടെയും. മനുഷ്യബുദ്ധിയെ വെല്ലുന്ന നിര്‍മിത ബുദ്ധിയെന്ന് അവകാശപ്പെടുന്ന ചാറ്റ് ബോട്ടിന്റെ ജനപ്രീതി ദിനംപ്രതി വര്‍ധിക്കുന്നു. അക്കാദമിക് മേഖലയിലും വ്യാപകമായി ചാറ്റ് ജിടിപിയെ ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം, പ്രാദേശിക ഭാഷകള്‍ക്ക് ചാറ്റ് ജിപിടിയില്‍ കൂടുതല്‍ സാധ്യതകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് മദ്രാസ് ഐഐടി.
നിലവില്‍ ഇംഗ്ലീഷ് ഭാഷയിലാണ് ചാറ്റ് ജിപിടിക്ക് കൂടുതല്‍ പ്രാവീണ്യമുള്ളത്. പ്രാദേശിക ഭാഷകളില്‍ പരിമിതമായ വിവരങ്ങളാണ് ലഭ്യമാകുന്നതെങ്കിലും ഭാഷകള്‍ മനസ്സിലാക്കുന്നതിനുള്ള കഴിവ് ചാറ്റ് ബോട്ടിനുണ്ട്. മറ്റ് ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലെ പരിചയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭാഷ മനസ്സിലാക്കാന്‍ സാധിക്കുമെന്നും എന്നാല്‍ അതില്‍ തെറ്റുകള്‍ സംഭവിക്കുമെന്നുമാണ് ചാറ്റ് ബോട്ടിന്റെ മറുപടി. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് മദ്രാസ് ഐഐടിയുടെ ശ്രമം.
ചാറ്റ് ജിപിടിയില്‍ പ്രാദേശിക ഭാഷകള്‍ കൂടുതല്‍ വിപുലമാക്കി ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് മദ്രാസ് ഐഐടി. ഏതൊക്കെ ഭാഷകളിലായിരിക്കുമിതെന്നും എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നും മദ്രാസ് ഐഐടി സംഘം വ്യക്തമാക്കുന്നില്ല. നിലവിലെ പ്രതിസന്ധികള്‍ വേഗത്തില്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷ മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി പങ്കുവയ്ക്കുന്നു. ചാറ്റ് ജിടിപിയില്‍ പ്രാദേശിക ഭാഷാ വികസനം സാധ്യമായാല്‍ കണക്ക്, ഫിസിക്സ് വിഷയങ്ങളിലെ സംഭാഷണം കൂടുതല്‍ എളുപ്പമാകും. '' നിലവില്‍ ഇംഗ്ലീഷ് ഭാഷയില്‍ മാത്രമാണ് വിശദവും വ്യക്തവുമായ ചാറ്റ് ജിപിടി സേവനം ലഭ്യമാകുന്നത്. ഞങ്ങളുടെ അടുത്ത ലക്ഷ്യം പരിഭാഷയാണ്. ബഹുഭാഷ സംവിധാനം കൂടി സാധ്യമായാല്‍ അതായിരിക്കും ചാറ്റ് ജിപിടിയിലെ മറ്റൊരു ചുവടുവയ്പ്പ്. അത് സാധ്യമാകുമെന്ന് ഉറപ്പാണ്''- വി കാമകോടി പറഞ്ഞു.
ചാറ്റ് ജിപിടിയുടെ വരവ് മനുഷ്യരുടെ ജോലി സാധ്യത കുറയ്ക്കുമെന്ന ആശങ്ക ഓപ്പണ്‍ എ ഐയുടെ സ്ഥാപകന്‍ സാം ആല്‍ട്ട്മാന്‍ സ്ഥിരീകരിച്ചു. മനുഷ്യരുടെ സര്‍ഗാത്മകതയ്ക്ക് പരിമിതികളില്ലെന്നും പുതിയ ജോലികളും അവസരങ്ങളും അവരെ തേടിയെത്തുമെന്നും സാം ആള്‍ട്ട്മാന്‍ കൂട്ടിച്ചേര്‍ത്തു.