ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടല്‍; അമേരിക്കയിൽ 89 ശതമാനം ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലെന്ന് പഠനം
സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് കൂട്ടപിരിച്ചുവിടൽ നടപടികൾ തുടരുകയാണ് ടെക് കമ്പനികൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി വന്‍ തോതിലാണ് അമേരിക്കയിൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് പേരാണ് ഇത്തരത്തിൽ ഓരോ കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. വർധിച്ചുവരുന്ന കൂട്ടപിരിച്ചുവിടൽ നടപടികൾ മൂലം അമേരിക്കയിലെ 89 ശതമാനം ഐടി പ്രൊഫഷണലുകളും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കഴിയുന്നതെന്ന് തെളിയിക്കുന്നതാണ് 'അതോറിറ്റി ഹാക്കർ' നടത്തിയ ഏറ്റവും പുതിയ പഠന റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് മാസത്തെ കണക്കനുസരിച്ച് ടെക് മേഖലയിലെ ഏകദേശം 193 കമ്പനികളിൽ നിന്ന് 50,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മാർച്ച് മാസം മാത്രം കണക്കിലെടുക്കുമ്പോൾ ഇതുവരെ ഏഴ് കമ്പനികളിൽ നിന്ന് 500 ഓളം ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും മുന്നിൽ കണ്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നു നടപടിയിലേക്ക് ടെക് മേഖല കടക്കുന്നത്.
അതോറിറ്റി ഹാക്കറിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 54.58 ശതമാനം തൊഴിലാളികളും തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണ്, ഒപ്പം, സാങ്കേതിക മേഖലയിലാണ് തൊഴിലാളികൾ പ്രത്യക്ഷത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. സർവേ പ്രകാരം, ഐടി മേഖലകളിൽ 89.66 ശതമാനവും, സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റ് മേഖലയിൽ 74.42 ശതമാനവുമാണ് ആശങ്കയിലുള്ള തൊഴിലാളികൾ.
നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ ടെക്-ഐടി മേഖലകളിൽ വർധിച്ചു വരുന്ന എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യയുടെ സാന്നിധ്യവും ജീവനക്കാരെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്ന ഘടകമാണ്. സർവേയിൽ പങ്കെടുത്ത 72.42 ശതമാനം തൊഴിലാളികളും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തങ്ങളുടെ ജോലികളിൽ എഐയുടെ സ്വാധീനത്തെക്കുറിച്ച് ആശങ്കയുള്ളതായി അറിയിച്ചിട്ടുണ്ട്. ആശങ്ക പ്രകടിപ്പിച്ചവരിൽ ടെക് മേഖലയിലെ സി-ലെവൽ എക്സിക്യൂട്ടീവുകളും ഡയറക്ടർമാരും ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലുടനീളം നടത്തിയ സർവേയിൽ 1,200 ഓളം തൊഴിലാളികളാണ് പങ്കെടുത്തത്.
എഐയുടെ കടന്നുവരവിൽ ആശങ്ക വേണ്ടെന്നും ഇതുവഴി കൂടുതൽ നൂതനമായ വികസനങ്ങളും തൊഴിലവസരങ്ങളും ഉണ്ടാകുമെന്നുമാണ് ഐടി വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അടുത്തിടെ പുറത്തിറക്കിയ വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് 2025-ഓടെ ഒൻപത് കോടിയിലധികം പുതിയ അവസരങ്ങൾ എഐ സാങ്കേതികവിദ്യ മൂലം സൃഷ്ടിക്കപ്പെടുമെന്നാണ് അവകാശപ്പെടുന്നത്.