സൈബര്‍ ആക്രമണം നേരിടുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ ഇന്ത്യയില്‍; ഒപ്പം യുഎസും, ചൈനയും
ലോകത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് കൂടതല്‍ ഇരയാക്കപ്പെട്ടത് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സൈബര്‍ ആക്രമണങ്ങളുടെ പകുതിയോളം നേരിടേണ്ടിവന്നത് ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. ആകെ സൈബറാക്രമണങ്ങളുടെ 45 ശതമാനവും ഈ നാല് രാജ്യങ്ങളിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു. 2022 ലെ രണ്ടാം പകുതിയിലെ കണക്കുകളിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക് ആണ് വിവരം പുറത്ത് വിട്ടത്.
ആഗോള തലത്തില്‍ സർക്കാരുകള്‍ക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾ ഇരട്ടിയിൽ അധികമായി വർധിച്ചതായും കണക്കുകള്‍ പറയുന്നു. സർക്കാർ ഏജൻസികൾക്കെതിരായ ആക്രമണങ്ങളുടെ എണ്ണം വർഷം തോറും 95 ശതമാനം വർധിച്ചതായും റിപ്പോർട്ട് അവകാശപ്പെടുന്നു.
ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികൾക്ക് നേരെ നടന്ന മൊത്തം സൈബർ ആക്രമണങ്ങളിൽ 45 ശതമാനവും ഇന്ത്യ, യുഎസ്, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലാണ്
ഇന്ത്യയിലെ ബിജെപി സര്‍ക്കാറിന്റെ നയങ്ങളുള്‍പ്പെടെ ഇത്തരം സൈബര്‍ ആക്രമണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിന്റെ പശ്ചാത്തലം ഇത്തരം ആക്രമണങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കി. ഇന്ത്യയ്‌ക്കെതിരെ #OpIndia, #OpsPatuk തുടങ്ങിയ ക്യാമ്പയിനുകൾ നടത്തിയ മലേഷ്യ ആസ്ഥാനമായുള്ള ഹാക്ക്‌റ്റിവിസ്റ്റ് ഗ്രൂപ്പായ 'ഡ്രാഗൺ ഫോഴ്‌സി'ന്റെ പ്രവർത്തനങ്ങളിലെ വർധനവും മറ്റൊരു കാരണമായി ക്ലൗഡ് സെക് ചൂണ്ടിക്കാട്ടുന്നു. മറ്റൊരു ഹാക്കർ ഗ്രൂപ്പായ 'ഖലീഫ സൈബർ ക്രൂ' സർക്കാരിന്റെ മുസ്ലിം വിവേചനത്തിൽ പ്രതിഷേധിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
തായ്‌വാനോടും ഉയ്ഗൂർ സമൂഹത്തോടുമുള്ള നിലപാടാണ് കഴിഞ്ഞ വർഷം ചൈനയ്‌ക്കെതിരായ ആക്രമണങ്ങളും വർധിക്കാന്‍ ഇടയാക്കിയത്. എന്നാല്‍, മുൻവർഷങ്ങളെ ആശ്രയിച്ച് ഇത് 13.10 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഇന്ത്യയിൽ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ് ഉണ്ടായത്. മുന്‍വര്‍ഷം 6.3 ശതമാനം ആയിരുന്ന ഈ കണക്ക് 13.7 ശതമാനമായി ഉയര്‍ന്നു. യുഎസിലും ഇന്തോനേഷ്യയിലും ഇത്തരം സംഭവങ്ങളില്‍ വലിയ വർധനവാണ് ഉണ്ടായത്.
മുഹമ്മദ് നബിക്കെതിരായ നൂപുർ ശർമയുടെ വിവാദ പരാമർശങ്ങളും #OpIndia, #OpsPatuk തുടങ്ങിയ ക്യാമ്പയിനുകളും ഭരണകൂടത്തിനെതിരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായതിന് പ്രധാന കാരണമായി ക്ലൗഡ് സെക് ചൂണ്ടിക്കാട്ടുന്നു
ഇന്ത്യയിലെ പ്രമുഖ സർക്കാർ ആശുപത്രിയായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ഉണ്ടായ സൈബർ ആക്രമണം രണ്ടാഴ്ചയിലേറെ ഓൺലൈൻ സേവനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു
2022ൽ സർക്കാർ മേഖലയിൽ നടന്ന സൈബർ ആക്രമണങ്ങളിൽ ഒന്‍പത് ശതമാനം ഹാക്ക്ടിവിസം ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഹാക്ക്ടിവിസത്തിൽ ഹാക്കറുടെ പ്രചോദനം സാമ്പത്തിക നേട്ടങ്ങളല്ല, മറിച്ച് ഒരു രാഷ്ട്രീയ അജണ്ടയോ ചില നയങ്ങൾക്കെതിരായ പ്രതിഷേധമാണ്.
കഴിഞ്ഞ മാസം, ഇന്ത്യയിലെ പ്രമുഖ സർക്കാർ ആശുപത്രിയായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) ഉണ്ടായ സൈബർ ആക്രമണം രണ്ടാഴ്ചയിലേറെ ഓൺലൈൻ സേവനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു. എയിംസിന്റെ അഞ്ച് സെർവറുകളിലേക്ക് കടന്നു കയറിയ ഹാക്കര്‍മാര്‍ ഏകദേശം 1.3 ടെറാബൈറ്റ് ഡാറ്റ ഹാക്കർമാർ എൻക്രിപ്റ്റ് ചെയ്തതായും ഇന്ത്യയുടെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) അന്വേഷണത്തിൽ കണ്ടെത്തി. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം, ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടുന്ന അഞ്ചാമത്തെ രാജ്യമായി റഷ്യയും മാറി.
ഇത്തരം സൈബർ ആക്രമണങ്ങളിൽ ചിലതില്‍ മറ്റ് സർക്കാരുകളുടെ ഇടപെടലും ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റ് രാജ്യങ്ങളുടെ തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുന്നതിനോ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ ഇല്ലാതാക്കുകയോ ആണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം. ഇത്തരത്തിൽ, ചൈനയുമായി ബന്ധമുള്ള ഹാക്കർ ഗ്രൂപ്പുകൾ പലപ്പോഴും ഇന്ത്യയെ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു. യുഎസ് ഏജൻസികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പലതും റഷ്യയിൽ നിന്നോ ഉത്തര കൊറിയയിൽ നിന്നോ ആണ്.