സ്മാര്‍ട്ട് വാച്ചുകളുടെ വിപണിയില്‍ കുതിച്ച് ഇന്ത്യ
ഇന്ത്യയില്‍ സ്മാര്‍ട്ട് വാച്ചുകള്‍ അരങ്ങു വാഴുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 53.3 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യയില്‍ സ്മാര്‍ട്ട് വാച്ച് വിപണി കൈവരിച്ചിരിക്കുന്നത്. 2023 ആദ്യ പകുതിയാകുമ്പോള്‍ 57.8 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട് വാച്ചുകളുടെ വ്യാപരമാണ് നടത്തിയത്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
2023 ന്റെ ആദ്യ പകുതിയാകുമ്പോഴേക്കും 32.8 ദശലക്ഷം സ്മാര്‍ട്ടു വാച്ചുകളാണ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത്. വര്‍ഷം തോറും 37.2 ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വര്‍ഷം പകുതിയാകുമ്പോള്‍ 30.6 ശതമാനം വളര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം പകുതിയായപ്പോഴേക്കും സ്മാര്‍ട്ട് വാച്ചുകളുടെ വിപണി വളര്‍ച്ച 40.0 ശതമാനത്തിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 26.8 ശതമാനമായിരുന്നു. അതേസമയം ഇയര്‍വെയര്‍ വിഭാഗം 27.3 ശതമാനം വളര്‍ച്ചയും നേടി.
'പ്രീമിയം ഉല്‍പന്നങ്ങള്‍ക്കു മാത്രമുണ്ടായിരുന്ന ഉയര്‍ന്ന നിലവാരമുള്ള ഫീച്ചറുകള്‍ ഇപ്പോള്‍ എല്ലാ മോഡലുകളിലേക്കും കടക്കുകയാണ്. അഡ്വാന്‍സ്ഡ് എഎന്‍സി (ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍), ഒന്നിലധികം മൈക്രോഫോണുകള്‍, കുറഞ്ഞ കാലതാമസം അല്ലെങ്കില്‍ കുറഞ്ഞ ലേറ്റന്‍സി, ഒരേസമയം രണ്ട് ഡിവൈസുകളുമായുള്ള കണക്ഷന്‍, നൂതന ശബ്ദ ചിപ്സെറ്റുകള്‍ എന്നീ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു,'' ഐഡിസി ഇന്ത്യയിലെ വെയറബിള്‍ ഡിവൈസസ് സീനിയര്‍ മാര്‍ക്കറ്റ് അനലിസ്റ്റ് വികാസ് ശര്‍മ്മ പറഞ്ഞു.