ട്വിറ്റര്‍ കമ്പനിയായതാണ് തന്റെ ദുഃഖമെന്ന് ട്വിറ്റര്‍ സ്ഥാപകന്‍
ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി

ട്വിറ്റര്‍ കമ്പനിയായതാണ് തന്റെ ദുഃഖമെന്ന് ട്വിറ്റര്‍ സ്ഥാപകന്‍

എലോണ്‍ മസ്‌കും ട്വിറ്ററും തമ്മിലുള്ള കരാർ നടപടികള്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ ഡോര്‍സിക്ക് ലഭിക്കുക 978 മില്യണ്‍ ഡോളര്‍
Updated on
1 min read

ഏറ്റവും ജനപ്രീതിയുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ട്വിറ്റര്‍. എന്നാല്‍ ട്വിറ്റര്‍ ഒരു കമ്പനിയായതില്‍ താന്‍ ഖേദിക്കുന്നുവെന്നാണ് സ്ഥാപകനും മുന്‍ ചീഫ് എക്സിക്യൂട്ടീവുമായ ജാക്ക് ഡോര്‍സി പറയുന്നത്. ട്വിറ്റര്‍ നിങ്ങള്‍ വിഭാവനം ചെയ്ത രീതിയില്‍ മാറിയോ എന്ന ചോദ്യത്തിന് മറുപടിയായി 'എന്റെ ഏറ്റവും വലിയ പ്രശ്നവും ഏറ്റവും വലിയ ഖേദവും അതൊരു കമ്പനിയായി മാറിയതാണ്' എന്നായിരുന്നു ഡോര്‍സിയുടെ മറുപടി ട്വീറ്റ്.

ശതകോടീശ്വരനായ എലോണ്‍ മസ്‌കിന്റെ ട്വിറ്റര്‍ വാങ്ങാനുള്ള കരാറിലെ നിയമനടപടികള്‍ പൂർത്തിയാവുമ്പോള്‍ ഡോര്‍സിക്ക് 978 മില്യണ്‍ ഡോളര്‍ ലഭിക്കും. ഏത് ഘടനയില്‍ ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നതാണ് താത്പര്യമെന്ന ചോദ്യത്തിന്, അത് ഒരു പ്രോട്ടോക്കോള്‍ ആയിരിക്കണമെന്നും ട്വിറ്റര്‍ മറ്റൊരു കമ്പനിയുടെ ഉടമസ്ഥതയിലാവരുതെന്നും ഡോര്‍സി പറഞ്ഞു.

ഇത് ഒരു പ്രോട്ടോക്കോള്‍ ആയിരുന്നെങ്കില്‍, ട്വിറ്റര്‍ ഒരു കേന്ദ്രീകൃത സ്ഥാപനം നിയന്ത്രിക്കാത്ത, ഇമെയില്‍ പോലെ തന്നെ പ്രവര്‍ത്തിക്കുമായിരുന്നു. കൂടാതെ വ്യത്യസ്ത ഇമെയില്‍ ദാതാക്കളെ ഉപയോഗിക്കുന്നവർക്ക് പരസ്പരം ആശയവിനിമയം നടത്താനും കഴിയും.

അടുത്തകാലത്തായി നിരവധി പ്രതിസന്ധികള്‍ ട്വിറ്റര്‍ നേരിടുന്നുണ്ട്. ട്വിറ്റര്‍ വാങ്ങാനുള്ള 44 ബില്യണ്‍ ഡോളറിന്റെ വാഗ്ദാനത്തില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ ശ്രമിച്ചതിനാണ് കമ്പനി മസ്‌കിനെതിരെ കേസ് നല്‍കിയത്. ഹാക്കര്‍മാരില്‍ നിന്നും സ്പാം അക്കൗണ്ടുകളില്‍ നിന്നും പരിരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികളെക്കുറിച്ച് ട്വിറ്റര്‍ ഫെഡറല്‍ റെഗുലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മുന്‍ എക്‌സിക്യൂട്ടീവ് ആരോപിക്കുകയുമുണ്ടായി.

logo
The Fourth
www.thefourthnews.in