ചരിത്രം കുറിച്ച് ഐഎസ്ആർഒ; എല്‍വിഎം3 വിക്ഷേപണം വിജയകരം

ചരിത്രം കുറിച്ച് ഐഎസ്ആർഒ; എല്‍വിഎം3 വിക്ഷേപണം വിജയകരം

ഭ്രമണപഥത്തില്‍ എത്തിച്ചത് 36 വിദേശ ഉപഗ്രഹങ്ങളെ
Updated on
1 min read

ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ചരിത്രം കുറിച്ച് ഇന്ത്യ. 36 വിദേശ ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച എൽവിഎം3യുടെ ആദ്യ വാണിജ്യ വിക്ഷേപണം സമ്പൂര്‍ണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഞായറാഴ്ച പുലർച്ചെ 12.07 നായിരുന്നു വിക്ഷേപണം. 1.42ഓടെ മുഴുവന്‍ ഉപഗ്രഹങ്ങളേയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായി. വണ്‍ വെബ് എന്ന ബ്രിട്ടീഷ് സ്വകാര്യ കമ്പനിയുടെ 36 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. എൽവിഎം3യുടെ ആദ്യ വാണിജ്യ വിക്ഷേപണം മാത്രമല്ല, ഇതുവരെയുള്ള ഏറ്റവും ഭാരമേറിയ വിക്ഷേപണം കൂടിയാണ് ഇത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണ് എൽവിഎം 3. 5,796 കിലോഗ്രാമാണ് പ്ലേലോഡിൻ്റെ ആകെ ഭാരം. ലോ എർത്ത് ഓർബിറ്റലിലേക്കുള്ള എൽവിഎം3യുടെ ആദ്യ വിക്ഷേപണം, ഐഎസ്ആർഒയുടെ വാണിജ്യ വിങ്ങായ എൻ എസ് ഐ എല്ലിനായുള്ള എൽവിഎം3യുടെ ആദ്യ വിക്ഷേപണം എന്നിവയും പുതിയ മിഷന്റെ പ്രത്യേകതകളായിരുന്നു.

1999 മുതൽ ഐഎസ്ആർഒ 345 വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. പുതിയ വിക്ഷേപണത്തോടെ ഇത് 381 ആയി.

ഇന്ത്യയുടെ ഭാരതി എയർടെല്ലിന് പങ്കാളിത്തമുള്ള ബ്രിട്ടീഷ് സംരംഭമാണ് വണ്‍ വെബ്ബ്. 650 ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുകയും അവയുടെ സഹായത്തോടെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആഗോളതലത്തിൽ എത്തിക്കുകയുമാണ് വണ്‍ വെബിന്റെ ലക്ഷ്യം. ബ്രോഡ്ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹങ്ങളാണ് ഇതിനായി വിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വണ്‍വെബും ഐഎസ്ആര്‍ഒയുടെ സഹസ്ഥാപനമായ ന്യൂസ്‌പേസ് ലിമിറ്റഡും തമ്മില്‍ രണ്ട് കരാറുകളില്‍ ഏർപ്പെട്ടിരുന്നു. റഷ്യൻ ഏജൻസിയുമായാണ് നേരത്തെ വൺ വെബ്ബ് കരാറിലേർപ്പെട്ടതെങ്കിലും യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇത് റദ്ദാക്കുകയായിരുന്നു.

36 ഉപഗ്രഹങ്ങൾ കൂടി ഭ്രമണപഥത്തിലെത്തിയതോടെ, വൺ വെബ്ബ് പദ്ധതിയിട്ട 650 ൽ 462ഉം പ്രവർത്തനക്ഷമമാകും. 36 ഉപഗ്രഹങ്ങളുടെയും രണ്ടാമത്തെ ദൗത്യം അടുത്തവര്‍ഷം ജനുവരിയിലാണ് നടക്കുക. 1999 മുതൽ ഐഎസ്ആർഒ 345 വിദേശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. പുതിയ വിക്ഷേപണത്തോടെ ഇത് 381 ആയി.

2020 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ വിക്ഷേപണ മേഖല, സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. വിക്ഷേപണം, ഉപഗ്രഹ നിര്‍മാണം, ഡൗണ്‍ സ്ട്രീം ആപ്ലിക്കേഷനുകളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കുകയായിരുന്നു ലക്ഷ്യം. ഐഎസ്ആര്‍ഒ ശാസ്ത്രീയ ദൗത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സ്വകാര്യ കമ്പനികളെ സാധാരണ ബഹിരാകാശ സേവനങ്ങള്‍ നല്‍കാന്‍ അനുവദിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

logo
The Fourth
www.thefourthnews.in