ജീവനക്കാരെ വെട്ടികുറയ്ക്കാന്‍ മക്കിന്‍സിയും; 2000ത്തിലധികം പേരെ പിരിച്ചുവിടും
പ്രമുഖ കൺസൾട്ടിങ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയും കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു. മക്കിൻസി 2,000 ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വര്‍ധിപ്പിച്ച തസ്തികകളാണ് നിലവില്‍ വെട്ടി കുറക്കുന്നത്. ലോകത്ത് എല്ലായിടത്തുമുള്ള മറ്റ് കോർപ്പറേറ്റ് സ്ഥാപനങ്ങൾ ജീവനക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും സമീപിക്കുന്ന കമ്പനി ആണ് മക്കിൻസി. 45,000 പേർ നിലവിൽ മക്കിൻസിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
പ്രോജക്ട് മഗ്നോളിയ എന്ന പുതിയ പദ്ധതിയുടെ ഭാഗമാണ് ഈ പിരിച്ചുവിടലെന്നാണ് കമ്പനി വക്താക്കൾ നൽകുന്ന വിവരം. നേരിട്ട് കമ്പനിയുടെ കക്ഷികളുമായി ബന്ധം ഉള്ളവരെ നിലനിർത്തി, മറ്റ് ജോലികൾ ചെയ്യുന്നവരെ പിരിച്ചുവിടാൻ ആണ് കമ്പനിയുടെ നീക്കം. അതേസമയം പിരിച്ചു വിടനൊരുങ്ങുന്ന ജീവനക്കാരുടെ എണ്ണത്തില്‍ മാറ്റം ഉണ്ടാകാനുള്ള സാധ്യതയും കമ്പനി വക്താക്കൾ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.
അഞ്ച് വർഷം മുൻപ് 28,000 ജീവനക്കാരാണ് കമ്പനിക്കുണ്ടായിരുന്നത്. 2012ൽ 17,000 പേർ മാത്രമുണ്ടായിരുന്നിടത്താണ് ഇപ്പോൾ 45,000 ആയി ഉയർന്നിരിക്കുന്നത്. പുതിയ തീരുമാനത്തിലൂടെ കമ്പനിയുടെ സേവനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബോബ് സ്റ്റെർൺഫെൽസ് ആഗോള മാനേജിങ് പാർട്ണറായി ചുമതലയേറ്റ് രണ്ട് വർഷത്തിന് ശേഷമാണ് മക്കിൻസിയുടെ പുതിയ നീക്കം.
സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ടെക് ഭീമന്മാരടക്കം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് മക്കിൻസിയിലെ കൂട്ട പിരിച്ചുവിടൽ വാർത്തകളും വരുന്നത്. ട്വിറ്റർ, മെറ്റ, ആമസോൺ, ഡിസ്‌നി തുടങ്ങി നിരവധി ആഗോള കമ്പനികളും ഇന്ത്യയിലെ പല സ്റ്റാർട്ടപ്പ് കമ്പനികളും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. അതേസമയം കഴിഞ്ഞ രണ്ട് വർഷമായി കമ്പനി സാമ്പത്തികമായി മികച്ച മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.