ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനുമായി മെറ്റ: ജൂണിൽ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ. ചെറിയ വാചകങ്ങളില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കാനാകുന്ന ആപ്പ് അവസാനവട്ട മിനുക്കുപണികളിലാണ്. ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ആപ്പാണ് തയ്യാറാകുന്നത്. എന്നാല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി പുതിയ ആപ്ലിക്കേഷന് ലിങ്കിങ് സാധ്യമാകും.
പുതിയ ആപ്പ് സംബന്ധിച്ച് സോഷ്യല്‍ മീഡിയ സെലിബ്രെറ്റികളുമായി മെറ്റ ചര്‍ച്ചകളാരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ആപ്ലിക്കേഷനില്‍ തിരഞ്ഞെടുക്കപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിനാകും ആദ്യഘട്ടത്തില്‍ ആക്സസ് ഉണ്ടാകുക. ഏതാനും മാസത്തെ പരീക്ഷണം വിജയിച്ചാല്‍ പുതിയ ആപ്പ് മറ്റുള്ളവരിലേക്കും എത്തും.
ടെക്സ്റ്റ് ബേസ് ആയി ഇറങ്ങുന്ന ആപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് 500 വാക്കുകള്‍ വരെ പോസ്റ്റ് ചെയ്യാം. ഫോട്ടോകളും വീഡിയോകളും മറ്റുള്ളവരുമായി പങ്കിടാം. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോളോവേഴ്‌സായി നേരിട്ട് സംവദിക്കാനുമാകും.
ആപ്ലിക്കേഷന്‍ ഇന്‍സ്റ്റഗ്രാമുമായി ഏറ്റവും വേഗത്തില്‍ ലിങ്ക് ചെയ്യാനാകും. ഇൻസ്റ്റഗ്രാമിലെ നിലവിലെ ഫോളോവേഴ്‌സുമായി പുതിയ ആപ്ലിക്കേഷനിലൂടെ ബന്ധപ്പെടാൻ സാധിക്കും. ട്വിറ്ററിന്റെ എതിരാളികളായ മാസ്റ്റോഡണ്‍ പോലുള്ള ആപ്ലിക്കേഷനുകള്‍ മെറ്റയുമായി സഹകരിക്കുമെന്നാണ് അറിയാനാകുന്നത്.
ഉയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കിമാത്രമെ മുന്നോട്ട് പോകൂവെന്ന് മെറ്റ വ്യക്തമാക്കുന്നു. ഇതിനായി ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളുടെ ലിസ്റ്റ് പുതിയ ആപ്പിലേയ്ക്ക് കൈമാറ്റം ചെയ്യും. മെറ്റുടെ മറ്റ് സാമൂഹ്യമാധ്യമ ആപ്ലിക്കേഷനുകളുടേതിന് സമാനമായ മാര്‍ഗനിര്‍ദേശങ്ങളാകും പുതിയതിനും ബാധകമാകുക.