വിവരങ്ങള്‍ ചോർത്താന്‍ റഷ്യയുടെ 'മിഡ്നൈറ്റ് ബ്ലിസാഡ്'; മൈക്രോസോഫ്റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
റഷ്യന്‍ ഹാക്കിങ് ഗ്രൂപ്പുകള്‍ അക്കൗണ്ട് ആക്സസ് ചെയ്യാനുള്ള സാധ്യത മുന്‍നിർത്തി മൈക്രോസോഫ്‍റ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎസ് ഫെഡറല്‍ ഏജന്‍സികള്‍. ഇമെയിലുകള്‍ പരിശോധിക്കാനും പാസ്‌വേർഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റീസെറ്റ് ചെയ്യാനും മൈക്രോസോഫ്റ്റ് കോർപ് ക്ലൗഡ് അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുമാണ് നിർദേശം.
ദ സൈബർ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചർ സെക്യൂരിറ്റി ഏജന്‍സിയാണ് (സിഐഎസ്എ) ഉപയോക്താക്കളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് നിർദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവ പരസ്യപ്പെടുത്തിയത്.
ജനുവരിയില്‍ മൈക്രോസോഫ്റ്റില്‍ ഹാക്കിങ് സംഭവിച്ചിരുന്നു. റഷ്യന്‍ സർക്കാർ പിന്തുണയോടെയുള്ള മിഡ്നൈറ്റ് ബ്ലിസാഡ് എന്ന ഗ്രൂപ്പാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മൈക്രോസോഫ്റ്റും അമേരിക്കന്‍ സർക്കാർ ഏജന്‍സികളും നടത്തിയ ആശയവിനിമയത്തിന്റെ ഇമെയിലുകളുടെ വിവരങ്ങള്‍ മിഡ്നൈറ്റ് ബ്ലിസാഡ് ഗ്രൂപ്പ് ചോർത്തിയതായാണ് സിഐഎസ്എ ആരോപിക്കുന്നത്.
ഹാക്കിങ് ബാധിക്കാന്‍ സാധ്യതയുള്ള ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും മൈക്രോസോഫ്റ്റും സിഐഎസ്എയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 30ന് മുന്‍പ് ക്രെഡെന്‍ഷ്യല്‍സ് റീസെറ്റ് ചെയ്യാനാണ് നിർദേശം.
സംഭവത്തോടെ ഹാക്കിങ്ങില്‍ പുതിയ ട്രെന്‍ഡ് രൂപപ്പെടുകയാണോയെന്ന സംശയവും ഉയരുന്നുണ്ട്. ജനുവരിയില്‍ മറ്റൊരു റഷ്യന്‍ ഹാക്കിങ് ഗ്രൂപ്പായ കോസി ബിയർ നടത്തിയ ഹാക്കിങ് ക്യാമ്പയിനെക്കുറിച്ച് മൈക്രൊസോഫ്റ്റ് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ പൊതു-സ്വകാര്യ സ്ഥാനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്നതായി സിഐഎസ്എ ഉദ്യോഗസ്ഥനായ എറിക് ഗോള്‍ഡ്സ്റ്റെയിന്‍ വ്യക്തമാക്കി.