ഗൂഗിളിന്റെ ചാറ്റ്ബോട്ടില്‍ തെറ്റായ വിവരം;  ബാർഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി

ഗൂഗിളിന്റെ ചാറ്റ്ബോട്ടില്‍ തെറ്റായ വിവരം; ബാർഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി

ആൽഫബറ്റിന്റെ വിപണി മൂല്യം കുത്തനെ ഇടിഞ്ഞു ; കമ്പനിയുടെ പതിവ് വ്യാപാരത്തിന്റെ ഒൻപത് ശതമാനമാണ് ഇടിവ് സംഭവിച്ചത്
Updated on
1 min read

ഗൂഗിളിന്റെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ട് ബാർഡിന്റെ പരസ്യത്തിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്ന് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഓഹരികൾക്ക് 100 ​​ബില്യൺ ഡോളറിലധികം നഷ്ടം. മൈക്രോസോഫ്റ്റിന്റെ ചാറ്റ് ജിപിടിക്ക് എതിരാളിയായി ഗൂഗിള്‍ ആരംഭിച്ച എഐ അധിഷ്ഠിത ചാറ്റ് ബോട്ടായ ബാർഡിന്റെ പ്രമോഷണൽ വീഡിയോയിലാണ് ബുധനാഴ്ച തെറ്റായ വിവരങ്ങൾ പങ്കിട്ടത്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ ചിത്രങ്ങൾ ആദ്യമായി പകർത്തിയ ഉപഗ്രഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാറ്റ്ബോട്ട് കുറിച്ച മറുപടിയിലെ പിശക് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടുകയായിരുന്നു. മണിക്കൂറുകള്‍ക്കകം ആൽഫബെറ്റ് ഇൻകോർപ്പറേഷന് 100 ബില്യൺ ഡോളർ വിപണി മൂല്യം നഷ്ടപ്പെട്ടു. കമ്പനിയുടെ പതിവ് വ്യാപാരത്തിന്റെ ഒൻപത് ശതമാനമാണ് ഇടിവ് സംഭവിച്ചത്.

ജെയിംസ് വെബ് ടെലസ്കോപ്പിൽ പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെ എന്ന ചോദ്യത്തിന് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ ചിത്രം ആദ്യമായി പകർത്തിയത് ജെയിംസ് വെബ് ആണെന്നാണ് ഉത്തരം നൽകിയത്

പരീക്ഷണത്തിന്റെ ഭാഗമായി ബുധനാഴ്ച നടത്തിയ ഗൂഗിളിന്റെ തത്സമയ സ്ട്രീമിംഗ് അവതരണത്തിലാണ് തെറ്റായ വിവരം നല്‍കിയത്. ജെയിംസ് വെബ് ടെലസ്കോപ്പിൽ പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങൾ ഏതൊക്കെ എന്ന ചോദ്യത്തിന് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ ചിത്രം ആദ്യമായി പകർത്തിയത് ജെയിംസ് വെബ് ആണെന്നാണ് ഉത്തരം നൽകിയത്. മാത്രമല്ല, ബാർഡിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നോ വിവരങ്ങൾ സംയോജിപ്പിക്കുന്നത് എങ്ങനെയാണെന്നോ ഉൾപ്പെടുത്തിയില്ല.

2004 ൽ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് (വിഎൽടി) ആണ് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ എടുത്തതെന്ന് നാസ സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഗിൾ തത്സമയ അവതരണത്തിന് ശേഷമാണ് ബാർഡിന്റെ പിശക് കണ്ടെത്തിയത്. സങ്കീർണമായ വിഷയങ്ങൾ പോലും ലളിതമാക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്ത ബാർഡ്, തെറ്റായ സന്ദേശം നൽകിയതിന് പിന്നാലെ, വിമർശനവുമായി സാങ്കേതിക വിദഗ്‌ധർ രംഗത്തെത്തി.

ഗൂഗിളിന്റെ ചാറ്റ്ബോട്ടില്‍ തെറ്റായ വിവരം;  ബാർഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി
ചാറ്റ് ജിപിടി പണി കളയുമോ; ഗൂഗിളിന് അടി പതറുമോ?

അതേസമയം, പരീക്ഷണ സമയത്തുണ്ടാകുന്ന ഇത്തരം തെറ്റുകൾ തിരുത്തി മുൻപോട്ട് പോകുകയാണ് ലക്ഷ്യമെന്ന് ഗൂഗിൾ വക്താവ് പ്രതികരിച്ചു. വിശ്വസനീയമായ ടെസ്റ്റർ പ്രോഗ്രാമുമായി ഈ ആഴ്ച തന്നെ ഗൂഗിൾ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെയും കമ്പനി ജീവനക്കാരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ബാർഡിനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍, ചാറ്റ് ജിപിടി ഫംഗ്ഷനുകൾ സംയോജിപ്പിച്ചുകൊണ്ട് ബിങ്ങിൽ എങ്ങനെ തിരയണമെന്ന് ചൂണ്ടിക്കാട്ടി മൈക്രോസോഫ്റ്റ് മുന്‍പ് വീഡിയോ സന്ദേശം ഇറക്കിയിരുന്നു. ഇതിന് പിന്നാലെ, മൈക്രോസോഫ്റ്റിന്റെ മൂല്യം മൂന്ന് ശതമാനത്തോളം വർധിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ ചാറ്റ്ബോട്ടില്‍ തെറ്റായ വിവരം;  ബാർഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടി
ചാറ്റ് ജിപിടിക്ക് എതിരാളിയായി ബാർഡ്; ഗൂഗിളിന്റെ നൂതന എഐ അധിഷ്ഠിത സംവിധാനം

മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐയിൽ നിന്നുള്ള ചാറ്റ് ജിപിടി സേവനം, ഗൂഗിളിന് വെല്ലുവിളിയാകുമോയെന്ന ചർച്ചകള്‍ ഉയർന്നിരുന്നു. പിന്നാലെ, ചാറ്റ് ജിപിടിയുടെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ ഓപ്പണ്‍ എഐ തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകം എഐ അധിഷ്ഠിത ചാറ്റ് ബോട്ട് പുറത്തിറക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in