ഒരു ലക്ഷത്തിലേറെ ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; വിവരങ്ങൾ ഡാർക്ക് വെബിൽ, പട്ടികയിൽ മുന്നിൽ ഇന്ത്യ

ഒരു ലക്ഷത്തിലേറെ ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു; വിവരങ്ങൾ ഡാർക്ക് വെബിൽ, പട്ടികയിൽ മുന്നിൽ ഇന്ത്യ

കഴിഞ്ഞ ഒരു വർഷമായി ഡാർക്ക് വെബ് മാർക്കറ്റ്‌പ്ലേസുകളിൽ ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വിൽക്കുന്നതായും സൈബർ സുരക്ഷ സ്ഥാപനം കണ്ടെത്തി
Updated on
1 min read

ഇന്റർനെറ്റ് ലോകത്തെ മാറ്റിമറിച്ചുകൊണ്ടാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളായ ചാറ്റ് ജിപിടിയുടെ വരവ്. സാങ്കേതിക വ്യവസായത്തിലെ ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനാണ് ചാറ്റ് ജിപിടി. എന്നാൽ സാമ്പത്തിക നേട്ടങ്ങൾക്കായി വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ കഴിയുന്ന അത്തരം ആപ്ലിക്കേഷനുകൾ ഹാക്കർമാർ വ്യാപകമായി ഉപയോഗപ്പെടുത്തുവെന്നാണ് വിവരം. അത്തരത്തിൽ ചാറ്റ് ജിപിടി ഉപയോക്താക്കളെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു ലക്ഷത്തിലധികം ചാറ്റ് ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായാണ് റിപ്പോ‍ർട്ട്. സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്-ഐബിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ കൂടുതലും ഇന്ത്യയിൽ നിന്നുള്ളവയാണെന്നും അവർ വെളിപ്പെടുത്തി.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ ബാങ്ക് വിവരങ്ങൾ വ്യക്തമായി വെളിപ്പെടുത്തില്ലെങ്കിലും, ഇ-മെയിൽ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർണായക ഉപയോക്തൃ വിവരങ്ങൾ ചോർന്നിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ഡാർക്ക് വെബ് മാർക്കറ്റ്‌പ്ലേസുകളിൽ  ഹാക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വിൽക്കുന്നതായും സൈബർ സുരക്ഷ സ്ഥാപനം കണ്ടെത്തി. ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കാൻ ഹാക്കർമാർ "ഇൻഫോ-സ്റ്റീലിങ് മാൽവെയർ" ഉപയോഗിച്ചതായും ഗ്രൂപ്പ്-ഐബി ബ്ലോഗ് പോസ്റ്റിൽ സൂചിപ്പിക്കുന്നു. ബ്രൗസറുകളിൽ സംരക്ഷിച്ചിട്ടുള്ള വിവരങ്ങൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ, ക്രിപ്‌റ്റോ വാലറ്റ് വിവരങ്ങൾ, കുക്കികൾ, ബ്രൗസിങ് ഹിസ്റ്ററി, മറ്റ് വിവരങ്ങൾ എന്നിവ ഉപകരണങ്ങളിൽ നിന്ന് ഇത്തരം മാൽവെയറുകൾ ശേഖരിക്കുന്നുവെന്നും ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ഫിഷിങ് ലിങ്കുകൾ തുറക്കുമ്പോഴോ പ്ലേസ്റ്റോറിൽ നിന്നല്ലാതെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോഴുമൊക്കെയാണ് ഇത്തരം മാൽവെയറുകൾ ഫോണിൽ പ്രവേശിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ ഉപയോക്താക്കളെയാണ് സൈബർ ആക്രമണം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ ഏകദേശം 40.5 ശതമാനം ഉപയോക്താക്കളെയും ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ 12,632 അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗവേഷണം സൂചിപ്പിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട 9,217 ചാറ്റ്‌ജിപിടി അക്കൗണ്ടുകളുമായി പാകിസ്താനാണ് തൊട്ടുപിന്നിൽ. ആഗോളതലത്തിൽ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നിവിടങ്ങളിലെ ചാറ്റ്‌ജിപിടി ഉപയോക്താക്കളെയും ഇത് വ്യാപകമായി ബാധിച്ചിട്ടുണ്ട്.

ചാറ്റ് ജിപിടി ബാങ്ക് വിവരങ്ങൾ അല്ലെങ്കിൽ കാർഡ് വിവരങ്ങൾ നേരിട്ട് വെളിപ്പെടുത്തില്ലെങ്കിലും, എ ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് സേവ് ചെയ്ത ചാറ്റുകൾ ഹാക്കർമാർക്ക് ആക്സസ് ചെയ്യാൻ കഴിയുമെന്ന് ഗ്രൂപ്പ്-ഐബി ചൂണ്ടിക്കാട്ടുന്നു. ഉപയോക്തൃ അന്വേഷണങ്ങളുടെയും എഐ പ്രതികരണങ്ങളുടെയും വിവരങ്ങൾ പ്ലാറ്റ്ഫോം സംഭരിക്കുന്നു. ഇതിനർത്ഥം, ഏതെങ്കിലും രഹസ്യാത്മകമോ സെൻസിറ്റീവായതോ ആയ വിവരങ്ങൾക്കായി ഒരു ഉപയോക്താവ് ചാറ്റ് ജിപിടി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് സംഭരിക്കപ്പെടുകയും കമ്പനികൾക്കും/അല്ലെങ്കിൽ അവരുടെ ജീവനക്കാർക്കുമെതിരായ ടാർഗെറ്റുചെയ്‌ത ആക്രമണങ്ങൾക്കായി അത് ഉപയോഗപ്പെടുത്തുകയും ചെയ്യും.

ഹാക്ക് ചെയ്യപ്പെട്ട ചാറ്റ് ജിപിടി അക്കൗണ്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകൾ പതിവായി അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണെന്ന് വിദഗ്ദർ പറയുന്നു. കൂടാതെ, ഉപയോക്താക്കൾ അവരുടെ സെൻസിറ്റീവ് ഡാറ്റയോ ചാറ്റ്ബോട്ടുകളിലെ ഉപഭോക്തൃ വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും നിർദേശിക്കുന്നു.

logo
The Fourth
www.thefourthnews.in