ട്വിറ്ററിന്റെ പേരുമാറ്റം ഗുണം ചെയ്തോ? 'എക്സി'ന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ വർധനയെന്ന് മസ്ക്
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്‌സിന്റെ (ട്വിറ്റര്‍) പ്രതിമാസ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഉപയോക്താക്കളുടെ എണ്ണം 54 കോടിക്ക് മുകളിലെത്തിയതായി 'എക്‌സ്' ഉടമ ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. ട്വിറ്ററിന് ബദലായി മെറ്റ ത്രെഡ്‌സ് ആരംഭിച്ചതിന് പിന്നാലെയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്ന പ്രഖ്യാപനം മസ്‌കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെത്തത്. അതേ വര്‍ഷം മെയ് മാസത്തിൽ ട്വിറ്ററിനുണ്ടായിരുന്നത് 22.9 കോടി സജീവ ഉപയോക്താക്കള്‍. ഏറ്റെടുക്കലിന് ശേഷം നവംബറില്‍ ഉപയോക്താക്കളുടെ എണ്ണം 25.94 കോടിയായെന്ന് മസ്‌ക് അവകാശപ്പെട്ടിരുന്നു. ഇതില്‍ നിന്നുള്ള വലിയ കുതിച്ചു ചാട്ടമാണ് ഇപ്പോഴത്തേത്. 54.1 കോടി പ്രതിമാസ ഉപയോക്താക്കള്‍ ഉണ്ടെന്ന ഗ്രാഫും മസ്‌ക് വെള്ളിയാഴ്ച പങ്കുവച്ചു.
ജൂലൈ അഞ്ചിനാണ് ട്വിറ്ററിന് ഭീഷണിയായി മെറ്റ ത്രെഡ്‌സ് ആരംഭിച്ചത്. ഒരാഴ്ച കൊണ്ട് 10 കോടി ഉപയോക്താക്കള്‍ ത്രെഡ്‌സിലെത്തി. ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയ ആപ്പായതിനാല്‍ പ്രചാരണത്തിന് ത്രെഡ്‌സ് ഏറെ പ്രയാസം നേരിടേണ്ടി വന്നില്ല. എന്നാല്‍ ഉപയോക്താക്കളെ നിലനിര്‍ത്തുക ത്രെഡ്‌സിന് വലിയ വല്ലുവിളിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ത്രെഡ്‌സിന്‌റെ വരവിന് പിന്നാലെ ട്വിറ്ററിനെ മസ്‌ക് റീബ്രാന്‍ഡ് ചെയ്ത 'എക്‌സ്' ആക്കി. ആദ്യം വെബ് വേര്‍ഷനിലും പിന്നാലെആന്‍ഡ്രോയ്ഡ് വേര്‍ഷനിലും ലഭ്യമായ മാറ്റം വെള്ളിയാഴ്ചയോടെ ഐഫോണിലും ലഭ്യമായി. എന്നാല്‍ ആപ്പ് സ്റ്റോറിലെ പേര് ട്വിറ്റര്‍ എന്ന് തന്നെയാണ്. അപ്പിള്‍ സ്റ്റോറില്‍ ആപ്പുകളുടെ പേരിന് ചുരുങ്ങിയത് രണ്ട് അക്ഷരങ്ങളെങ്കിലും വേണമെന്നതിനാലാണ് ഇത്.
മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന്‌റെ ജനകീയതയില്‍ വലിയ ഇടിവാണ് ഉണ്ടായത്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി വെരിഫൈഡ് ബ്ലൂ വരിക്കാരില്‍ നിന്ന് പണം ഈടാക്കിയത് മുതല്‍ പരസ്യ വരുമാനത്തിലെ ഒരു ഭാഗം കണ്ടന്റ് ക്രിയേറ്റേഴ്സുമായി പങ്കിടുന്നത് ഉള്‍പ്പെടെയുളള പരിഷ്‌കാരങ്ങളാണ് കമ്പനി നടത്തി. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയും തിരിച്ചടിയായി. പരസ്യ വരുമാനത്തില്‍ വലിയ ഇടിവ് വന്നതിനെ തുടര്‍ന്ന് പരസ്യധാതാക്കളെ ആകര്‍ഷിക്കുന്നതിനുളള പരിശ്രമങ്ങളിലാണ് മസ്ക്.
അതേസമയം, ട്വിറ്ററിനെ എക്‌സായി പുനര്‍നാമകരണം ചെയ്ത നടപടി നിയമപോരാട്ടങ്ങള്‍ക്ക് കാരണമായേക്കാം. ഇപ്പോള്‍ തന്നെ അമേരിക്കയിലെ വിവിധ വ്യവസായങ്ങളില്‍ 'എക്സ്' എന്ന അക്ഷരം വ്യാപാരമുദ്രയായി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ മറ്റേതെങ്കിലും കമ്പനി നിയമനടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.