പാസ്‌വേഡ് മാറ്റും, മെസേജ് അയയ്ക്കും, സ്ക്രീൻഷോട്ട് എടുക്കും; കരുതിയിരിക്കുക ഡാം വൈറസിനെ

പാസ്‌വേഡ് മാറ്റും, മെസേജ് അയയ്ക്കും, സ്ക്രീൻഷോട്ട് എടുക്കും; കരുതിയിരിക്കുക ഡാം വൈറസിനെ

'ഡാം' മാല്‍വെയറിനെ കുറിച്ച് കേന്ദ്ര സുരക്ഷാ ഏജൻസി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
Updated on
1 min read

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ വൈറസ്. 'ഡാം' എന്ന മാല്‍വെയറാണ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഫോണുകൾ ഹാക്ക് ചെയ്യാനും ഫോട്ടോകളും ഫോൺ കോളുകളും ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ആക്‌സസ് ചെയ്യാനും കഴിയുന്ന വൈറസിനെതിരെ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആപ്ലിക്കേഷനുകളിലൂടെയോ ഉള്ളടക്കത്തിലൂടെയോ വിശ്വസനീയമല്ലാത്തതോ സ്ഥിരീകരിക്കാത്തതോ ആയ ഉറവിടങ്ങളിൽ നിന്നോ ഡൗൺലോഡ് ചെയ്ത ഉള്ളടക്കങ്ങളിലൂടെയോ ഈ വൈറസ് ഫോണിൽ എത്താം. ഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റി- വൈറസ് പ്രോഗ്രാമുകളെ തകർത്ത ശേഷം ഇവ റാംസംവെയർ ഫോണിൽ നിക്ഷേപിക്കും

ഡാം മാൽവെയറിന് ഫോണുകളിലെ ആന്റി-വൈറസ് പ്രോഗ്രാമുകളെ തകർക്കാൻ വരെ ശേഷിയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആന്റി- വൈറസ് പ്രോഗ്രാമുകളെ തകർത്ത ശേഷം ഇവ റാംസംവെയർ ഫോണിൽ നിക്ഷേപിക്കും. ഇതോടെ, ഫോണിലെ സ്വകാര്യ വിവരങ്ങൾ, ക്യാമറ, കോൺടാക്ട് എന്നിവ ഹാക്കര്‍മാർക്ക് ലഭിക്കും. സ്ക്രീൻഷോട്ടുകൾ എടുക്കാനും, ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഫയലുകൾ അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും ഡാം മാൽവെയറിന് സാധിക്കും. ഇതുകൂടാതെ, ഫോണിന്റെ പാസ്‌വേഡുകൾ മാറ്റാനും, എസ്എംഎസ് അയയ്‌ക്കാനും വെെറസിനാകും. പ്രധാനമായും അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്നാണ് ഡാം മാല്‍വെയറുകള്‍ നമ്മുടെ മൊബൈല്‍ ഫോണുകളില്‍ എത്തുന്നത്.

സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ ഒഴിവാക്കുന്നത് മാൽവെയർ ആക്രമണത്തെ ഒരു പരിധിവരെ തടയും

സംശയാസ്പദമായ നമ്പറുകളിൽ നിന്നുള്ള കോൾ, മെസേജ് എന്നിവ സ്വീകരിക്കാതെ ഇരിക്കുക എന്നിവ വഴി മാൽവെയർ ആക്രമണത്തെ ഒരു പരിധിവരെ തടയാന്‍ സാധിക്കുമെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ, അജ്ഞാത വെബ്‌സൈറ്റുകൾ, ലിങ്കുകൾ എന്നിവയിൽ നിന്ന് കഴിവതും വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

വൈറസിൽ നിന്ന് സ്വയം സുരക്ഷിതരായിരിക്കാൻ, എസ്എംഎസുകളും ഇമെയിലുകളും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലെ സംശയാസ്പദമായതോ അവിശ്വസനീയമായതോ ആയ ലിങ്കുകൾ എപ്പോഴും ഒഴിവാക്കണമെന്നാണ് കേന്ദ്ര സുരക്ഷാ ഏജൻസിയുടെ നിര്‍ദേശം.

മൊബൈൽ ഫോണിൽ ആന്റി വൈറസ് ഇൻസ്‌റ്റാള്‍ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും കേന്ദ്ര ഏജൻസി മൊബൈൽ ഉപഭോക്താക്കൾക്ക് നിർദേശം നൽകി

മൊബൈൽ ഫോണിൽ ആന്റി വൈറസ് ഇൻസ്‌റ്റാള്‍ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും കേന്ദ്ര ഏജൻസി മൊബൈൽ ഉപഭോക്താക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അജ്ഞാത വെബ്സൈറ്റുകളിൽ കയറി വിവരങ്ങൾ തിരയുന്ന പതിവ് രീതിയും നിർത്തേണ്ടതാണെന്നും, വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് തന്നെ സന്ദർശിക്കണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. ‘http://bit.ly/’ ‘nbit.ly’ and ‘tinyurl.com/’ പോലുള്ള ലിങ്കുകളിൽ അപകടം പതിയിരിപ്പുണ്ടെന്നും കേന്ദ്ര ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in