എഐ നിര്‍മിത വ്യാജ ചിത്രങ്ങളില്‍ നിന്നു വേർതിരിച്ചറിയാം; പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി നിക്കോണ്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള വ്യാജ ചിത്രങ്ങളില്‍ നിന്നും സ്വന്തം ചിത്രങ്ങളെ വേര്‍തിരിച്ച് മനസിലാക്കാനുള്ള പുതിയ സാങ്കേതിക വിദ്യയുമായി ജാപ്പനീസ് ക്യാമറാ നിര്‍മാതാക്കളായ നിക്കോണ്‍. നിക്കോണിന്റെ ക്യാമറയില്‍ പതിയുന്ന ചിത്രങ്ങള്‍ക്ക് ആധികാരികത ഉറപ്പിക്കാനുള്ള സാങ്കേതിക വിദ്യയാണ് കമ്പനി ഒരുക്കുന്നത്.
ചിത്രങ്ങളുടെ ആധികാരികതയും മൗലികതയും ഉറപ്പിക്കാന്‍ പങ്കാളികളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണെന്നു നിക്കോണിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടര്‍ സജ്ജന്‍ കുമാര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഡല്‍ഹിയില്‍ നിക്കോണിന്റെ സെഡ് 6 3 ക്യാമറയുടെ ലോഞ്ചിനിടെയായിരുന്നു സജ്ജന്‍ കുമാറിന്റെ പ്രതികരണം. എന്നാല്‍ പങ്കാളിയാരാണെന്നോ, എപ്പോഴാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നതെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം ചിത്രമെടുത്തത് നിക്കോണിലാണോ അല്ലെയോയെന്ന് മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ചിത്രത്തിന്റെ ആധികാരിത ഉറപ്പാക്കാന്‍ സോണിയും ലെയ്കയും ഇന്‍ ക്യാമറ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സാങ്കേതിക വിദ്യ പിന്തുടരുന്നുണ്ട്. വ്യാജ ചിത്രങ്ങളും തെറ്റായ വിവരങ്ങളും രാഷ്ട്രീയ ഭിന്നിപ്പുക്കളുമുണ്ടാക്കുന്നതിനായി എഐ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ക്യാമറ വ്യക്തികളെയും ബാധിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്.
ടെക് കമ്പനികളും, ഫോട്ടോ ഏജന്‍സികളും, വാര്‍ത്താ മാധ്യമങ്ങളും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ കൈകൊള്ളുന്നുണ്ട്. എഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ കൂടുതല്‍ പ്രചാരത്തിലുള്ളതിനാല്‍ ഡിജിറ്റല്‍ മീഡിയയുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനായി അഡോബ്, ബിബിസി, മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഓപ്പണ്‍ എഐ തുടങ്ങിയ ആഗോള കമ്പനികള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളെ തിരിച്ചറിയാന്‍ എഐ നിര്‍മിതി (മെയ്ഡ് വിത്ത് എഐ) എന്ന് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ത്രെഡ് എന്നീ സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രങ്ങള്‍ക്ക് നല്‍കുമെന്ന് മെറ്റ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.