''അടിസ്ഥാനരഹിതം'';സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നിഷേധിച്ച് വാട്സ് ആപ്പ്

''അടിസ്ഥാനരഹിതം'';സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന ആരോപണം നിഷേധിച്ച് വാട്സ് ആപ്പ്

84 രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു റിപ്പോർട്ട്
Updated on
1 min read

500 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്ത നിഷേധിച്ച് വാട്സ് ആപ്പ്. മതിയായ തെളിവുകളില്ലാതെയാണ് സൈബർ ന്യൂസ് വാർത്ത പുറത്തുവിട്ടത്. വാട്സ് ആപ്പിൽ നിന്ന് ഡാറ്റ ചോർന്നതിന് തെളിവില്ല. അടിസ്ഥാനരഹിതമായ സ്ക്രീൻ ഷോട്ടുകളുടെ അടിസ്ഥാനത്തിലാണ് സൈബർ ന്യൂസ് വാർത്ത പുറത്തുവിട്ടതെന്നും വാട്സ് ആപ്പ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഓൺലൈൻ മാധ്യമമായ സൈബർ ന്യൂസാണ് ഹാക്കിങ് കമ്മ്യൂണിറ്റി ഫോറത്തിൽ വാട്സ്ആപ്പ് ഫോൺ നമ്പറുകൾ വിൽപ്പനയ്ക്ക് വച്ചതായി വാർത്ത പുറത്ത് വിട്ടത്.

84 രാജ്യങ്ങളിൽ നിന്നുളള ഉപയോക്താക്കളുടെ വിവരങ്ങൾ വാട്സ് ആപ്പ് പുറത്ത് വിട്ടെന്നായിരുന്നു റിപ്പോർട്ട്. റഷ്യ, ഇറ്റലി, ഈജിപ്ത്, ബ്രസീൽ, സ്പെയിൻ, എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിൽ ഇന്ത്യയുമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള വാട്സ് ആപ്പ് ഉപയോക്താക്കളിൽ നാലിലൊന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിച്ചതായും ഡാറ്റാബേസ് വ്യക്തമാക്കുന്നു.

റിപ്പോർട്ട് അനുസരിച്ച് യുഎസ് ഡാറ്റാസെറ്റ് 7,000 ഡോളറിന് ലഭ്യമാണ്. അതേസമയം യുകെയ്ക്ക് 2,500 ഡോളറാണ് വില. വിൽപ്പനക്കാരനെ ബന്ധപ്പെട്ടപ്പോൾ യുകെ അടിസ്ഥാനമാക്കിയുള്ള 1,097 നമ്പറുകൾ തെളിവായി അദ്ദേഹം പങ്കിട്ടതായി സൈബർ ന്യൂസ് പറഞ്ഞു. എന്നാൽ ഇത്രയധികം വാട്സ് ആപ്പ് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ എങ്ങനെ ശേഖരിച്ചുവെന്ന ചോദ്യത്തിന് വ്യക്തത ഉണ്ടായിരുന്നില്ല. വാട്സ് ആപ്പിൽ ഡാറ്റ ചോർച്ച ഉണ്ടായതിന് തെളിവുകളൊന്നുമില്ലെന്ന് സൈബർ ന്യൂസും പിന്നീട് വ്യക്തമാക്കി.

'സ്‌ക്രാപ്പിംഗ്' എന്ന രീതി ഉപയോഗിച്ചായിരിക്കാം ഹാക്കർ വിവരങ്ങൾ ചോർത്തിയതെന്ന് സൈബർ ന്യൂസ് ചീഫ് എഡിറ്റർ ട്വീറ്റിലൂടെ വ്യക്തമാക്കി. സ്‌ക്രാപ്പിംഗിലൂടെ വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് ഡാറ്റ ലഭ്യമാകും. ഇങ്ങനെ ചോർത്തുന്ന ഡാറ്റ ഹാക്ക് ചെയ്യുന്നവർക്ക് സ്പാമിംഗ്, ഫിഷിങ്, വ്യക്തിഗത വിവരങ്ങൾ ചോർത്തൽ തുടങ്ങിയ സൈബർ ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാം.

ഇതാദ്യമായല്ല മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമിൽ ഡാറ്റാ ലംഘനം സംഭവിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുൾപ്പെടെ 500 ദശലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി ആരോപണം ഉയർന്നിരുന്നു. ചോർന്ന ഡാറ്റയിൽ ഫോൺ നമ്പറുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in