അത്യാധുനിക സവിശേഷതകളുമായി വൺപ്ലസ് 11 സീരീസ്

അത്യാധുനിക സവിശേഷതകളുമായി വൺപ്ലസ് 11 സീരീസ്

വൺപ്ലസ് 11 സീരീസ് ഫെബ്രുവരി 7ന് ഇന്ത്യയിൽ അവതരിപ്പിക്കും
Updated on
2 min read

ആന്‍ഡ്രോയ്ഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതുവർഷത്തില്‍ പുതിയ സീരീസ് പുറത്തിറക്കാനൊരുങ്ങി വൺപ്ലസ്. ഫെബ്രുവരി 7ന് നടക്കുന്ന ഷെൻഷെൻ കമ്പനി ആതിഥേയത്വം വഹിക്കുന്ന, ക്ലൗഡ് 11 ലോഞ്ച് ഇവന്റിലാണ് വൺപ്ലസ് 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. രണ്ട് സ്മാർട്ട്ഫോണുകൾ, ഒരു സ്മാർട്ട് ടിവി, ഇയർബഡ്സ്, ടാബ്ലെറ്റ് എന്നിവയുൾപ്പെടെ അഞ്ച് ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്ന് വൺപ്ലസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് കൂടാതെ കൂടുതൽ ഉപകരണങ്ങൾ ക്യൂവിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

വൺപ്ലസ് 11 5 ജി

11 സീരീസ് ലോഞ്ചിൽ ഏറ്റവും ആകർഷകമാകുക വൺപ്ലസ് 11 5 ജി സ്മാർട്ട് ഫോണാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC നൽകുന്ന വൺപ്ലസ് 11 5ജി പുതിയ മോഡല്‍ ചൈനയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് 2 കെ സ്ക്രീനും 1300 നിറ്റ്സ് ബ്രൈറ്റ്നസ് ലെവലും ഇതിലുണ്ട്.

50 മെഗാപിക്സൽ പ്രൈമറി സെൻസർ (സോണി ഐഎംഎക്സ് 890), 32 എംപി ടെലിഫോട്ടോ ലെൻസ് (സോണി ഐഎംഎക്സ് 709), 48 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ (ഐഎംഎക്സ് 581) എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണ് സ്മാർട്ട് ഫോണിനുള്ളത്. കൂടാതെ, ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയുണ്ട്. 100 വാട്ട് സൂപ്പർവൂക്ക് ഫാസ്റ്റ് വയർഡ് ചാർജിങ് പിന്തുണയുള്ള 1000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 16 ജി ബി റാമും 256 ജി ബി ഓൺ-ബോർഡ് സ്റ്റോറേജും സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യും. കറുപ്പ്, പച്ച നിറങ്ങളിലാണ് വൺപ്ലസ് 11 5 ജി വിപണിയിലെത്തുക.

വൺപ്ലസ് 11 ആർ 5 ജി

11 സീരിസിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാർട്ട് ഫോണാണ് വൺപ്ലസ് 11 ആർ 5 ജി. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് അമോലെഡ് ഫുൾഎച്ച്ഡി സ്ക്രീൻ ഇതിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാകും പിന്നിൽ ഉണ്ടാകുക. മുൻവശത്ത്, 16 മെഗാപിക്സൽ ക്യാമറയും ഉണ്ടാകാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറാണ് വൺപ്ലസ് 11 ആർ 5 ജിയിലുള്ളതെന്ന് കമ്പനി ട്വിറ്ററിൽ കുറിച്ചു.

വൺപ്ലസ് ബഡ്സ് പ്രോ 2

ആൻഡ്രോയിഡ് 13 നായി വികസിപ്പിച്ചെടുത്ത ഗൂഗിളിന്റെ സിഗ്നേച്ചർ സ്പേഷ്യൽ ഓഡിയോ സവിശേഷത ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന വയർലെസ് ഇയർബഡുകളാണ് വൺപ്ലസ് പുറത്തിറക്കുന്നത്. വൺപ്ലസിന്റെ സ്പേഷ്യൽ റെൻഡറിങ് അൽഗോരിതം, ഐഎംയു സെൻസർ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബഡിന്, മികച്ച ഓഡിയോ ക്വാളിറ്റി ഉണ്ടെന്നാണ് കണക്കാക്കുന്നത്. ആൻഡ്രോയിഡിന്റെ ഫാസ്റ്റ് പെയർ സവിശേഷത ഉപയോഗിച്ച് ഇയർബഡുകൾ അടുത്തുള്ള ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് വേഗത്തിൽ കണക്ട് ചെയ്യാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

വൺപ്ലസ് ടി വി 65 ക്യു2 പ്രോ

സ്മാർട്ട് ടെലിവിഷനുകളുടെ വൺപ്ലസ് ക്യൂ സീരീസിലേക്കുള്ള ഒരു പുതിയ മുതൽക്കൂട്ടാണ് വൺപ്ലസ് ടി വി 65 ക്യു2 പ്രോ. മികച്ച ഹാർഡ്‍വെയർ, സോഫ്റ്റ്വെയർ സവിശേഷതകളാണ് ടിവി വാഗ്ദാനം ചെയ്യുന്നത്. 4 കെ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 65 ഇഞ്ച് ക്യുഎൽഇഡി സ്ക്രീനാണ് ടിവിക്കുള്ളത്. ഡോൾബി അറ്റ്മോസ് 70 വാട്ട് സ്പീക്കറും 3 ജിബി റാമും 32 ജിബി ഓൺ-ബോർഡ് സ്റ്റോറേജും ഇതിലുണ്ടാകാം.

വൺപ്ലസ് പാഡ് ടാബ്ലറ്റ്

ക്വാൽകോം സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റ് ഉള്ള വൺപ്ലസ് പാഡിന് 12.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതിൽ 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ടാകും. 45 വാട്ട് ഫാസ്റ്റ്-വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 10,090 എംഎഎച്ച് ബാറ്ററി പാഡിനുണ്ടാകും. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറും പിൻവശത്ത് 5 മെഗാപിക്സൽ ലെൻസും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയും ടാബ്ലെറ്റിന് ഉണ്ടാകാം.

വൺപ്ലസ് കീബോർഡ്

മാക്, വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് വൺപ്ലസ് കീബോർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-എ പോർട്ടുകളുള്ള ഭാരം കുറഞ്ഞ അലുമിനിയം ബോഡിയാണ് കീബോർഡിനുള്ളത്. ഇൻ-ബിൽറ്റ് ആർജിബി ലൈറ്റിങ്ങിന് പിന്തുണ നൽകാൻ വെളുത്ത നിറത്തിലാണ് വൺപ്ലസ് കീബോർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടൈപ്പ് ചെയ്യുമ്പോഴുള്ള ശബ്ദം ക്രമീകരിക്കുന്ന ഡബിൾ ഗ്യാസ്കെറ്റ് ഡിസൈനാണ് കീബോർഡിനുള്ളതെന്ന് വൺപ്ലസ് അവകാശപ്പെടുന്നുണ്ട്.

logo
The Fourth
www.thefourthnews.in