ഇനി പഴയ വിവരങ്ങളല്ല, പുതിയതും ലഭിക്കും; അപ്‌ഡേറ്റുമായി ചാറ്റ് ജിപിടി

ഇനി പഴയ വിവരങ്ങളല്ല, പുതിയതും ലഭിക്കും; അപ്‌ഡേറ്റുമായി ചാറ്റ് ജിപിടി

നിലവിലുള്ള വിവരങ്ങൾ കൈമാറാന്‍ ചാറ്റ് ജിപിടിക്ക് ഇനി മുതല്‍ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ പറ്റുമെന്ന് മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ അറിയിച്ചു.
Updated on
1 min read

ഉപയോക്താക്കളെ പിടിച്ചിരുത്താന്‍ വീണ്ടും പുതിയ അപ്‌ഡേറ്റുമായി ചാറ്റ് ജിപിടി. അപ്പപ്പോഴുള്ള വിവരങ്ങള്‍ സ്വയം ബ്രൗസ് ചെയ്ത് കൈമാറാന്‍ ചാറ്റ് ജിപിടിക്ക് ഇനിമുതല്‍ സാധിക്കുമെന്ന്‌ മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ അറിയിച്ചു. സെപ്റ്റംബര്‍ 2021 വരെയുള്ള വിവരങ്ങള്‍ നല്‍കുന്ന രീതിയിലായിരുന്നു ചാറ്റ് ജിപിടി ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. അപ്പപ്പോഴുള്ള വിവരങ്ങള്‍ ചാറ്റ് ജിപിടിക്ക് നല്‍കാന്‍ സാധിക്കില്ലായിരുന്നു.

എന്നാല്‍ ഉറവിടങ്ങളിലേക്ക് നേരിട്ടുള്ള ലിങ്കുകള്‍ വഴി പുതിയതും ആധികാരികവുമായ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കുമെന്ന് ഓപ്പണ്‍ എഐ കഴിഞ്ഞ ദിവസം എക്‌സിലൂടെ അറിയിച്ചു.

പെയ്ഡ് വരിക്കാര്‍ക്കാണ് പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ ലഭ്യമാക്കുക. അധികം വൈകാതെ ഈ സൗകര്യം ചാറ്റ് ജിപിടി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി. പ്രീമിയം ചാറ്റ് ജിപിടി വഴി ബിങ് സര്‍ച്ചിലൂടെ പുതിയ വിവരങ്ങള്‍ ലഭ്യമാകുന്ന ഫീച്ചര്‍ നേരത്തെ ഓപ്പണ്‍ എഐ പരീക്ഷിച്ചിരുന്നു. ഈ ഫീച്ചര്‍ മെയ് മാസത്തില്‍ സംയോജിപ്പിച്ചെങ്കിലും ഉപയോക്താക്കള്‍ പേവാള്‍ മറികടക്കുമെന്ന ഭയത്താല്‍ രണ്ട് മാസത്തിനുള്ളില്‍ എടുത്തുകളയുകയായിരുന്നു.

ഇനി പഴയ വിവരങ്ങളല്ല, പുതിയതും ലഭിക്കും; അപ്‌ഡേറ്റുമായി ചാറ്റ് ജിപിടി
ഉറങ്ങാന്‍ നേരം കഥ കേള്‍ക്കണോ?; പറഞ്ഞാല്‍ മതി, പുതിയ അപ്‌ഡേറ്റുകളുമായി ചാറ്റ് ജിപിടി

ഈ വര്‍ഷം മാര്‍ച്ചില്‍ ഗൂഗിള്‍ വികസിപ്പിച്ച് അവതരിപ്പിച്ച ബാര്‍ഡിന് സമാനമായ സംയോജനമാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിളിന്റെ വിപണി പങ്ക് ലഭിക്കാനാണ് ഓപ്പണ്‍ എഐ ശ്രമിക്കുന്നതെന്ന് ഡിസ്ട്രിബ്യൂറ്റഡ് എഐ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഡയറക്ടടറും ഗൂഗിളിലെ എത്തിക്കല്‍ എഐയിലെ മുന്‍ ഗവേഷകനുമായ അലക്‌സ് ഹന്നയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചാറ്റ് ജിപിടി അപ്പപ്പോഴുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലെ ആശങ്കകള്‍ നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെറ്റായ വിവരങ്ങള്‍, പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ തുടങ്ങിയവ എടുക്കാനും ഉപയോക്താക്കള്‍ക്ക് നല്‍കാനും സാധിക്കും.

ശബ്ദവും ചിത്രങ്ങളും ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള പുതിയ സൗകര്യവും നേരത്തെ ചാറ്റ് ജിപിടിയൊരുക്കിയിരുന്നു. ആപ്പിള്‍ ഉപകരണങ്ങളിലെ 'സിറി'ക്ക് സമാനമായ സംവിധാനമാണ് ചാറ്റ് ജിപിടി പരീക്ഷിക്കുന്നത്. ഇതിലൂടെ ക്രിയാത്മകമായ ഒരുപാട് ഇടപെടലുകള്‍ക്ക് സാധിക്കുമെന്നാണ് നിര്‍മിത ബുദ്ധിയായ ചാറ്റ് ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പണ്‍ എഐ അവകാശപ്പെടുന്നത്. ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ പുതിയ എഐ ആപ്പുകള്‍ പുറത്തിറക്കുന്നത് മുന്നില്‍ കണ്ട് കൂടിയാണ് പുതിയ അപ്ഡേറ്റുകള്‍.

logo
The Fourth
www.thefourthnews.in