ഓപ്പൺ എ ഐ സിഇഒ സാം ആൾട്ട്മാൻ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും; ആകാംക്ഷയിൽ ടെക് ലോകം
നിർമ്മിത ബുദ്ധിയുടെ ലോകത്ത് വിപ്ലവം തീർത്ത ചാറ്റ് ജിപിടി സ്രഷ്ടാക്കളായ ഓപ്പൺ എഐയുടെ ചീഫ് എക്‌സിക്യൂട്ടിവ് സാം ആൾട്ട് മാൻ ഇന്ത്യയിലേക്ക്. അടുത്തയാഴ്ച ഇന്ത്യയിലെത്തുന്ന സാമുമായി ആളുകള്‍ക്ക് സംവദിക്കാനും അവസരമുണ്ട്.
ന്യൂ ഡൽഹിയിൽ ആയിരിക്കും സാം എത്തുക. അദ്ദേഹവുമായി സംവദിക്കാൻ താത്പര്യമുള്ളവർക്കായി ഓപ്പൺ എ ഐ പ്രത്യേക ഫോം തന്നെ പുറത്തിറക്കിയിട്ടുണ്ട്. 500 പേർക്കാണ് സംവദിക്കാനുള്ള അവസരമുണ്ടാകുക.
ഇന്ത്യയടക്കം ആറ് രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് സാം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇസ്രായേൽ, ജോർദാൻ, ഖത്തർ, യുഎഇ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുകയെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയുടെ ശക്തമായ ഐ ടി വ്യവസായം കണക്കിലെടുക്കുമ്പോൾ നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വ്യവസായങ്ങൾക്ക് സാധ്യത ഏറെയാണെങ്കിലും എ ഐയുടെ വളർച്ച ഇപ്പോഴും രാജ്യത്ത് പ്രാരംഭ ദിശയിലാണ്. 100 സ്രോതസ്സുകളിൽ നിന്നും കിട്ടുന്നവിവരങ്ങൾ തരാൻ എ ഐ ക്ക് സാധിക്കുമെന്നും മാധ്യമ മേഖലയ്ക്ക് ഈ സാങ്കേതിക വിദ്യ ഏറെ സഹായകരമാകും എന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഫെബ്രുവരിയില്‍ നാസ്‌കോം നടത്തിയ സർവേ പ്രകാരം എ ഐ യുമായി ബന്ധപ്പെട്ട് ഏകദേശം 4,16 ,000 തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയുടെ സാമ്പത്തിക മേഖലയ്ക്ക് 79,00,300 കോടി ($957 ബില്യൺ)യുടെ വരുമാനം നേടിത്തരാൻ ഈ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകളിൽ വരുന്നതുപോലെ ഓട്ടോമേഷൻ വഴി തൊഴിലാളികളെ മുഴുവനായും എ ഐ ഇല്ലാതാക്കില്ലെന്നും മനുഷ്യർക്ക് ചെയ്യാൻ കഴിയാത്തതോ മനുഷ്യ, പ്രയത്നം ആവശ്യമില്ലാത്തതോ ആയ ജോലികൾക്കായിരിക്കും എഐ മുൻതുക്കം നൽകുകയെന്നും സിഇഒ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.