അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ നിര്‍മ്മിതബുദ്ധി നിയന്ത്രണം അനിവാര്യം: ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍

അപകടസാധ്യതകള്‍ ലഘൂകരിക്കാന്‍ നിര്‍മ്മിതബുദ്ധി നിയന്ത്രണം അനിവാര്യം: ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍

കൂടുതല്‍ ശക്തമായ എഐ മോഡലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സി ആവശ്യമെന്ന് നിര്‍ദേശം
Updated on
1 min read

നിര്‍മ്മിതബുദ്ധിയെ നിയന്ത്രിക്കേണ്ടത് അനിവാര്യമെന്ന് ഓപ്പണ്‍ എ ഐ സിഇഒ സാം ആള്‍ട്ട്മാന്‍. കൂടുതല്‍ ശക്തമായ എഐ മോഡലുകളുടെ അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് സര്‍ക്കാരിന്റെ ഇടപ്പെടലുകള്‍ നിര്‍ണ്ണായകമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസ്സിന് മുമ്പാകെയാണ് സാം ആള്‍ട്ട്മാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.

കൂടുതല്‍ ശക്തമായ എഐ മോഡലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സി തന്നെ ആവശ്യമാണ്. മാനദണ്ഡങ്ങള്‍ പാലിക്കാത്തവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഏജന്‍സിക്ക് അധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അപകട സാധ്യത വിശകലനം ചെയ്യുന്നത് ഉള്‍പ്പെടെ എഐ മോഡലുകള്‍ക്കായി സുരക്ഷാ മാനദണ്ഡങ്ങള്‍ തയ്യാറാക്കണം. ഉദാഹരണത്തിന്, നിര്‍മ്മിത ബുദ്ധി മോഡലുകള്‍ക്ക് കാര്യങ്ങള്‍ സ്വയംപകര്‍ത്താന്‍ സാധിക്കുന്നുണ്ടോ, അത് തെറ്റായ രീതിയില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമോ എന്നിവ മനസ്സിലാക്കുന്നതിനായി ലൈസന്‍സ് നല്‍കുന്നതിന് മുന്‍പ് ചില ടെസ്റ്റുകളിലൂടെ കടന്നുപോകാം. എഐ മോഡലുകളുടെ പ്രകടനം സംബന്ധിച്ച് വിദഗ്ധരുടെ സ്വതന്ത്രമായ ഓഡിറ്റുകള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എഐ മോഡലുകള്‍ക്കായി നല്‍കുന്ന പരിശീലന വിവരങ്ങളുടെ കാര്യത്തില്‍ സുതാര്യതയുണ്ടാകണം, കലാകാരന്മാരുടെ പകര്‍പ്പവകാശമുള്ള സൃഷ്ടികള്‍ പരിശീലിപ്പിക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കളെ വിലക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യുഎസ് കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നു. നിര്‍മ്മിത ബുദ്ധി വളരെ സങ്കീര്‍ണമായി വേഗത്തില്‍ വളരുന്നതിനാല്‍ നിയന്ത്രണ ഏജന്‍സി അത്യാവശ്യമാണെന്നാണ് പ്രധാനമായും ഉയര്‍ന്നവിലയിരുത്തലുകള്‍. മുഴവന്‍സമയ നിരീക്ഷണം എഐ മോഡലുകള്‍ക്ക് ആവശ്യമാണെന്നാണ് മിക്കവരുടേയും നിലപാട്.

നിര്‍മ്മിത ബുദ്ധി നിയന്ത്രിക്കുന്നതിനുള്ള റെഗുലേറ്ററി ബോഡിയ്ക്ക് മേല്‍നോട്ടം വഹിക്കാനാകുമോയെന്ന് ഓപ്പണ്‍ എഐ സ്ഥാപകനോട് യുഎസ് കോണ്‍ഗ്രസ് ചോദിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

logo
The Fourth
www.thefourthnews.in