'ആള്‍ട്ട്മാനെ തിരിച്ചെടുക്കണം'; ഓപ്പണ്‍എഐയില്‍ പ്രതിഷേധം, കമ്പനി വിടുമെന്ന് 500 ജീവനക്കാർ
സിഇഒ സാം ആള്‍ട്ട്മാന്റെ അപ്രതീക്ഷിത രാജിയില്‍ ഓപ്പണ്‍എഐയില്‍ ജീവനക്കാരുടെ പ്രതിഷേധം. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാനൊപ്പം ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോർഡ് രാജിവയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് ചൂണ്ടിക്കാണിച്ച് അഞ്ഞൂറിലധികം ജീവനക്കാർ കത്തില്‍ ഒപ്പുവച്ചു.
നിങ്ങള്‍ സാം ആള്‍ട്ട്മാനെയും ഗ്രെഗ് ബ്രോക്ക്‌മാനെയും പുറത്താക്കിയ വിധത്തിലൂടെ ബോർഡ് കമ്പനിയുടെ ദൗത്യത്തെ ദുർബലപ്പെടുത്തിയതായി ജീവനക്കാരുടെ കത്തില്‍ ആരോപണമുണ്ട്. ഓപ്പണ്‍എഐയുടെ മേല്‍നോട്ടം വഹിക്കാനുള്ള യോഗ്യത ബോർഡിനില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. ആള്‍ട്ട്മാന്റെയും ബ്രോക്ക്‌മാന്റെയും മൈക്രോസോഫ്റ്റ് പ്രവേശനത്തിന് പിന്നാലെയാണ് ജീവനക്കാരുടെ പ്രതിഷേധം.
മൈക്രോസോഫ്റ്റിന്റെ പുതിയ എഐ ഡിവിഷന്റെ ഭാഗമാകുമെന്നും ജീവനക്കാർ കത്തില്‍ പറയുന്നു. മൈക്രോസോഫ്റ്റിന്റെ എഐ ഡിവിഷന്‍ ആള്‍ട്ട്മാന്റെ കീഴിലാണ്.
ആള്‍ട്ട്മാന്റെയും ബ്രോക്ക്‌മാന്റെയും വിജയത്തിന് ആവശ്യമായ വിഭവങ്ങള്‍ തങ്ങള്‍ നല്‍കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല വ്യക്തമാക്കി. അതേസമയം, ഓപ്പണ്‍ എഐയുടെ ഇടക്കാല സിഇഒയായി എമ്മറ്റ് ഷിയറിനെ നിയമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എമ്മറ്റ് ഷിയറുമായും ഓപ്പണ്‍ എഐയുടെ പുതിയ നേതൃത്വവുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും 1300 കോടി ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള എഐ സ്റ്റാര്‍ട്ടപ്പുമായുള്ള പങ്കാളിത്തത്തില്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നദെല്ല കൂട്ടിച്ചേര്‍ത്തു.
ആള്‍ട്ട്മാനെ തിരികെ കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവുകള്‍ ശ്രമിച്ചിട്ടും മടങ്ങിവരില്ലെന്ന വാര്‍ത്താ സൈറ്റായ ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രഖ്യാപനം. ഡയറക്ടര്‍ ബോര്‍ഡ്, കമ്പനി ലീഡര്‍മാര്‍, നിക്ഷേപകര്‍ തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആള്‍ട്ട്മാന്‍ മടങ്ങിവരില്ലെന്ന് തീരുമാനിച്ചുവെന്ന് ഓപ്പണ്‍ എഐ മറ്റൊരു സഹസ്ഥാപകനും ബോര്‍ഡ് ഡയറക്ടറുമായ ഇല്യ സുത്സ്‌കെവെര്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ ഓപ്പണ്‍ എഐ പ്രതികരിച്ചില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഓപ്പണ്‍ എഐയുടെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് സാം ആള്‍ട്ട്മാനെത്തിയിരുന്നു. അതിഥിയുടെ ഐഡി പാസ് കൈയ്യില്‍ വെച്ചുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്നുള്ള ചിത്രം സാം ആള്‍ട്ട്മാന്‍ തന്നെയാണ് എക്സില്‍ പങ്കുവെച്ചത്. ആദ്യവും അവസാനവുമായാണ് താനിത് ധരിക്കുന്നതെന്ന കുറിപ്പോടെയാണ് സാം ചിത്രം പങ്കുവെച്ചത്. കൂടാതെ രാജിവെച്ച സഹസ്ഥാപകനായ ഗ്രെഗ് ബ്രോക്ക്മാനെയും സ്ഥാപനം ക്ഷണിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സൈറ്റായ ദ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.