കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ; ഓഗസ്റ്റിൽ തൊഴിൽ നഷ്ടമായത് 27,000 പേർക്ക്

കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ; ഓഗസ്റ്റിൽ തൊഴിൽ നഷ്ടമായത് 27,000 പേർക്ക്

422 ടെക് കമ്പനികളിലെ 1,36,000 പേര്‍ക്കാണു ഈ വര്‍ഷം ഇതുവരെ തൊഴില്‍ നഷ്ടമായത്
Updated on
2 min read

ആഗോളതലത്തില്‍ കൂട്ടപ്പിരിച്ചുവിടലുകള്‍ ദ്രുതഗതിയില്‍ തുടര്‍ന്ന് ടെക് കമ്പനികള്‍. ഓഗസ്റ്റില്‍ മാത്രം ഇരുപത്തിയേഴായിരത്തിലേറെ ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഇന്റല്‍, ഐബിഎം, സിസ്‌കോ പോലുള്ള വന്‍കിട കമ്പനികളും ചെറുകിട സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ നാല്‍പ്പതിലധികം കമ്പനികളാണു പിരിച്ചുവിടല്‍ നടത്തിയത്. ഇത്തരത്തില്‍, 422 ടെക് കമ്പനികളിലെ 1,36,000 പേര്‍ക്കാണു ഈ വര്‍ഷം ഇതുവരെ തൊഴില്‍ നഷ്ടമായത്.

തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ സാഹചര്യത്തെ നേരിടുന്ന ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ 15,000 തൊഴിലവസരങ്ങളാണു കുറയ്ക്കുന്നത്. ജീവനക്കാര്‍ക്കു നല്‍കിയ മെമ്മോയിലാണു പിരിച്ചുവിടല്‍ അറിയിച്ചത്. മൊത്തം തൊഴിലാളികളുടെ 15 ശതമാനത്തെയാണ് ഒഴിവാക്കുന്നത്. രണ്ടാംപാദ വരുമാനത്തിലെ മോശം പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2025-ല്‍ 1000 കോടി ഡോളറിന്റെ ചെലവ് കുറയ്ക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്റല്‍. ഇതിന്റെ ഭാഗമായാണു കൂട്ടപ്പിരിച്ചുവിടല്‍. 2020 നും 2023 നും ഇടയില്‍ ഇന്റലിന്റെ വാര്‍ഷിക വരുമാനം 2400 കോടി ഡോളര്‍ കുറഞ്ഞപ്പോള്‍ തൊഴിലാളികളുടെ എണ്ണം 10 ശതമാനം വര്‍ധിച്ചിരുന്നു.

മറ്റൊരു പ്രധാന കമ്പനിയായ സിസ്‌കോ സിസ്റ്റംസ് രണ്ടാംഘട്ട തൊഴില്‍ വെട്ടിക്കുറയ്ക്കലില്‍ ആറായിരത്തോളം ജീവനക്കാരെയാണു പിരിച്ചുവിടുന്നത്. കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ ഏഴ് ശതമാനത്തോളം വരുമിത്. സിസ്‌കോ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ കൂട്ടപ്പിരിച്ചുവിടലാണിത്. എഐ, സൈബര്‍ സുരക്ഷ തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചാ മേഖലകളിലേക്കു ശ്രദ്ധ മാറ്റിയിരിക്കുന്ന സിസ്‌കോ എഐ സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുകയും സൈബര്‍ സുരക്ഷാ സ്ഥാപനമായ സ്പ്ലങ്കിനെ 2800 കോടി ഡോളറിന് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പുനഃസംഘടനയുടെ ഭാഗമായി നെറ്റ്വര്‍ക്കിങ്, സുരക്ഷ, കൂട്ടുപ്രവര്‍ത്തന വിഭാഗങ്ങള്‍ സംയോജിപ്പിച്ച് ഒറ്റ കമ്പനിയായി മാറാനുള്ള നീക്കത്തിലാണ്.

കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ; ഓഗസ്റ്റിൽ തൊഴിൽ നഷ്ടമായത് 27,000 പേർക്ക്
ഡീപ് ഫെയ്ക് പോണ്‍ വിവാദത്തില്‍ ദക്ഷിണ കൊറിയ, വീഡിയോ പ്രചരിച്ചതില്‍ മാപ്പ് പറഞ്ഞ് ടെലഗ്രാം

ചൈനയിലെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയ ഐബിഎം ആയിരത്തിലലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ചൈനീസ് മാധ്യമമായ യിക്കായ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരുകാലത്ത് അമേരിക്കയ്ക്കു പുറത്തെ ഐബിഎമ്മിന്റെ പ്രധാന വിപണിയായിരുന്നു ചൈന. എന്നാല്‍ ഐടി ഹാര്‍ഡ്വെയറിനുള്ള ഡിമാന്‍ഡ് കുറയുകയും ചൈനയില്‍ സാന്നിധ്യം വിപുലമാക്കുന്നതിലെ ബുദ്ധിമുട്ടുകളും കാരണം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ് കമ്പനി.

ജര്‍മന്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്‍ഫിനിയോണ്‍ 1,400 ജീവനക്കാരെ പിരിച്ചുവിടും. മറ്റു 1,400 പേരെ പുനര്‍വിന്യസിക്കുകയും ചെയ്യും. കമ്പനിയുടെ മൂന്നാംപാദ വരുമാനം പ്രതീക്ഷിച്ചതിലും കുറഞ്ഞിരുന്നു.

ആക്ഷന്‍ ക്യാമറ നിര്‍മ്മാതാക്കളായ ഗോപ്രോ 140 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ 15 ശതമാനമാണിത്. പുനഃക്രമീകരണ പദ്ധതിയുടെ ഭാഗമായുള്ള പിരിച്ചുവിടലുകള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണു കമ്പനിയുടെ നീക്കം. ഇത്തരം നടപടികളിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനച്ചെലവില്‍ അഞ്ച് കോടി ഡോളറിന്റെ ചെലവ് ചുരുക്കലാണു കമ്പനി ലക്ഷ്യമിടുന്നത്.

കുറച്ചുകാലമായി പിരിച്ചുവിടല്‍ പാതയിലുള്ള ലോകപ്രശസ്ത കമ്പനിയായ ആപ്പിള്‍ തങ്ങളുടെ സേവന വിഭാഗത്തിലുള്ള നൂറുപേരെ ഒഴിവാക്കി. ആപ്പിള്‍ ബുക്‌സ് ആപ്പിനെയും ആപ്പിള്‍ ബുക്ക്‌സ്റ്റോര്‍ ടീമുകളെയുമാണ് ഈ നടപടി പ്രധാനമായും ബാധിക്കുക. എഐ പ്രോഗ്രാമുകളിലേക്കു വിഭവങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായാണു പിരിച്ചുവിടലുകള്‍. ഈ വര്‍ഷമാദ്യം സ്‌പെഷ്യല്‍ പ്രോജക്ട് ഗ്രൂപ്പിലെ 600 ഓളം ജീവനക്കാരെ ആപ്പിള്‍ പിരിച്ചുവിട്ടിരുന്നു. 121 അംഗ എഐ ടീമിനെയും ജനുവരിയില്‍ പിരിച്ചുവിട്ടു.

കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് ടെക് കമ്പനികൾ; ഓഗസ്റ്റിൽ തൊഴിൽ നഷ്ടമായത് 27,000 പേർക്ക്
100 ജിബി സൗജന്യ സ്റ്റോറേജുമായി ജിയോക്ലൗഡ്; ഗൂഗിള്‍ ഡ്രൈവിനും ഐക്ലൗഡിനും പകരമാകുമോ?

മറ്റൊരു വന്‍കിട കമ്പനിയായ ഡെല്‍ ടെക്‌നോളജീസ് 12,500 ജീവനക്കാരെ അല്ലെങ്കില്‍ കമ്പനിയുടെ ലോകമെമ്പാടുമുള്ള തൊഴിലാളികളില്‍ 10 ശതമാനത്തെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. സെയില്‍സ് ടീമുകളിലെ പ്രത്യേകമായി എടുത്തുപറയാത്ത തൊഴിലവസരങ്ങളാണു കുറച്ചിരിക്കുന്നതെന്നാണു വിവരം.

ഇന്ത്യയില്‍, സോഷ്യല്‍ മീഡിയ കമ്പനിയായ ഷെയര്‍ചാറ്റ് അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടും. ബെംഗളുരൂ ആസ്ഥാനമായുള്ള കമ്പനിയുടെ ഓഗസ്റ്റിലെ ദ്വൈവാര്‍ഷിക പ്രകടന അവലോകനത്തിനുശേഷമാണു 30-40 ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി.

ബെംഗളുരൂ ആസ്ഥാനമായുള്ള മറ്റു രണ്ട് സ്റ്റാര്‍ട്ടപ്പകളും പിരിച്ചുവിടല്‍ പാതയിലാണ്. ഫാബ്രിക് സ്റ്റാര്‍ട്ടപ്പായ രേഷമണ്ഡി മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. കുറേ മാസങ്ങളായി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനും പ്രവര്‍ത്തനച്ചെലവുകള്‍ കണ്ടെത്താനും കമ്പനി പാടുപെടുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്. വെബ് ബ്രൗസര്‍ സ്റ്റാര്‍ട്ടപ്പായ ബ്രേവ് 27 പേരെ പിരിച്ചുവിട്ടു. മൊത്തം 191 ജീവനക്കാരില്‍നിന്നു 14 ശതമാനത്തെയാണു കുറച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഒന്‍പതു ശതമാനം ജീവനക്കാരെ കമ്പനി സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്നു പിരിച്ചുവിട്ടിരുന്നു.

logo
The Fourth
www.thefourthnews.in