ക്ലാസ് മുറികള്‍ കീഴടക്കി എഐ; ഇന്ത്യയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഠിപ്പിക്കുന്നത് 63.61 ശതമാനം അധ്യാപകര്‍

ക്ലാസ് മുറികള്‍ കീഴടക്കി എഐ; ഇന്ത്യയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഠിപ്പിക്കുന്നത് 63.61 ശതമാനം അധ്യാപകര്‍

കുട്ടികളെ പുതിയ കാലത്തിനൊപ്പം വളര്‍ത്തിയെടുക്കാന്‍ എഐ വിദ്യാഭ്യാസം നിര്‍ണായകമാണെന്ന് ഇവര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു
Updated on
1 min read

സകല മേഖലയിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ പരീക്ഷിക്കുകയാണ് ലോകം. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ ഇതിനോടകം തന്നെ എഐ സാങ്കേതിക വിദ്യ സുപരിചിതമായി കഴിഞ്ഞെന്നും വലിയൊരു വിഭാഗം അധ്യാപകര്‍ നിര്‍മിത ബുദ്ധിയുടെ സഹായം കൈക്കൊള്ളുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 63.61ശതമാനം അധ്യാപകര്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് ടീംലീസ് എഡ്‌ടെക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ പുതിയ കാലത്തിനൊപ്പം വളര്‍ത്തിയെടുക്കാന്‍ എഐ വിദ്യാഭ്യാസം നിര്‍ണായകമാണെന്ന് ഇവര്‍ വിശ്വസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, 9.49 ശതമാനം അധ്യാപകര്‍ ഇതൊരു ശരിയായ രീതിയല്ലെന്ന് വിശ്വസിക്കുന്നു. അധ്യാപനത്തില്‍ മനുഷ്യരുടെ ഇടപെടലുകള്‍ കുറയാനുള്ള സാധ്യത, സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കല്‍, ഡാറ്റയുടെ സ്വകാര്യതയേയും വിവരങ്ങളുടെ കൃത്യതയേയും കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എഐ ഉപയോഗിച്ചുകൊണ്ടുള്ള അധ്യാപനരീതിയെ വിമര്‍ശിക്കുന്നത്.

ക്ലാസ് മുറികള്‍ കീഴടക്കി എഐ; ഇന്ത്യയില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പഠിപ്പിക്കുന്നത് 63.61 ശതമാനം അധ്യാപകര്‍
മെസേജ് കാണാതെ കാണാം; ഇൻസ്റ്റഗ്രാമിൽ റീഡ് റെസീപ്റ്റ് എങ്ങനെ ഓഫാക്കാം?

66.7 ശതമാനം അധ്യാപകരും എഐ സംവിധാനത്തെ അധിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ വിപ്ലവത്തെക്കാള്‍ ശക്തമായ സ്വാധീനം വിദ്യാര്‍ഥികള്‍ക്കിടയില്‍ എഐയ്ക്ക് ഉണ്ടെന്ന് 70.85 ശതമാനം അധ്യാപകര്‍ കരുതുന്നു.

വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യ എന്നതിന് ഉപരി ഇന്ത്യയിലുടനീളമുള്ള ക്ലാസ്മുറികളെ എഐ ഇതിനോടകം തന്നെ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് ടീംലീസ് എഡ്‌ടെക്കിന്റെ സിഇഒ ശന്തനു റൂജ് അഭിപ്രായപ്പെട്ടു. രാജ്യത്തുടനീളമുള്ള 6,000 അധ്യാപകരുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ക്ലാസ് തയാറെടുപ്പുകളിലേക്കുള്ള തങ്ങളുടെ സമയം ലാഭിക്കുന്നതിനായി എഐ ട്രെയിനിങ് നല്ലതാണെന്ന് 50 ശതമാനം അധ്യാപകര്‍ വിലയിരുത്തുന്നു. എന്നാല്‍, 80 ശതമാനം പേര്‍ എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എഐ സാങ്കേതിക വിദ്യകളുടെ വികസനവും ഉപയോഗവും സര്‍ക്കാര്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകള്‍ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ്. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് അധിക വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കും. എന്നിരുന്നാലും ധാര്‍മ്മികവും സ്വകാര്യതയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ ഈ സാങ്കേതിക വിദ്യകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കേണ്ടതാണെന്നും അധ്യാപകര്‍ വിലയിരുത്തുന്നുണ്ട്.

ക്ലാസ് റുമുകളില്‍ എഐ സാങ്കേതിക വിദ്യകള്‍ നിയന്ത്രിത തോതില്‍ ഉപയോഗിക്കാമെന്നാണ് 62.88 ശതമാനം അധ്യാപകര്‍ അഭിപ്രായപ്പെടുന്നത്. 17.05 ശതമാനം അധ്യാപകര്‍ നിയന്ത്രണം ആവശ്യമില്ലെന്ന് അഭിപ്രായപ്പെടുന്നു.

logo
The Fourth
www.thefourthnews.in