200എംപി ക്യാമറകളുമായി റിയൽമി 11 പ്രോ, 11 പ്രോ പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി റിയൽമി. റിയൽമി 11 പ്രോ, റിയൽമി 11 പ്രോ പ്ലസ് എന്നീ 5ജി സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. 23,999 രൂപയാണ് ഇന്ത്യൻ വിപണിയിൽ റിയല്‍മി 11 പ്രോയുടെ വില. റിയല്‍മി 11 പ്രോ പ്ലസിന് 27,999 രൂപയാണ് വില. രണ്ട് ഫോണുകളും ഈ വർഷം മെയിൽ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. അസാധാരണ ഫീച്ചറുകളും മികച്ച ഡിസൈനുമായി ഈ റിയൽമി 11 പ്രോ സീരീസ് ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു.
നിരവധി സമാനതകൾ പങ്കിടുമ്പോഴും രണ്ട് ഫോണുകളും തമ്മിൽ ശ്രദ്ധേയമായ ചില വ്യത്യാസങ്ങളുണ്ട്. റിയൽമി 11 പ്രോ പ്ലസ് 8 ജിബി റാമും+256GB (വില-27,999), 12ജിബി റാം+ 256ജിബി(വില- 29,999) സ്റ്റോറേജുകളിൽ ലഭ്യമാണ്. 2400x1080 പിക്‌സൽ ഫുൾ എച്ച്‌ഡി പ്ലസ് റെസല്യൂഷനോടുകൂടിയ വലിയ 6.70 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് റിയൽമി 11 പ്രോ പ്ലസിന്റെ സവിശേഷത. കൂടാതെ ആകർഷകമായ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം വാഗ്ദാനം ചെയ്യുന്നു. ഇതിൽ ഉയർന്ന റെസല്യൂഷനുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ക്യാമറയും 2 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു. സെൽഫികൾക്കായി ഫ്രണ്ടിൽ 32 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്.
5,000mAh ബാറ്ററിയുള്ള പ്ലസ് വേരിയന്റിന്റെ ബാറ്ററി ശേഷി പ്രോ മോഡലിന് സമാനമാണെങ്കിലും 100W ന്റെ ഫാസ്റ്റ് ചാർജിങ് പിന്തുണയാണുള്ളത്. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് v5.20, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി എന്നിവയും പ്ലസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ജൂൺ 15 ന് ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമി സ്റ്റോറുകളിലും ഫ്ലിപ്കാർട്ടിലും റിയൽമി 11 പ്രോ പ്ലസ് ലഭ്യമാകും.
റിയൽമി 11 പ്രോ 8ജിബി + 128ജിബി സ്റ്റോറേജിലാണ് വരുന്നത്. ഡ്യുവൽ റിയർ ക്യാമറയാണ് റിയൽമി 11 പ്രോയുടെ സവിശേഷത. 108 എംപി പ്രൈമറി സെൻസറുകളുള്ള ക്യാമറ മികച്ചതും സുസ്ഥിരവുമായ ഫോട്ടോഗ്രാഫിക്കായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പ്രദാനം ചെയ്യുന്നു. ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2എംപി മാക്രോ യൂണിറ്റും ഇതിൽ ഉൾപ്പെടും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഡ്രിൽ-ഹോൾ സ്ലോട്ടിനുള്ളിൽ സജ്ജീകരിച്ചിരിക്കുന്നത്. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് റിയൽമി 11 പ്രോയിലുള്ളത്. റിയൽമി 11 പ്രോ ജൂൺ 16 ന് ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പനയ്ക്കെത്തും.
റിയൽമി 11പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജും അടങ്ങുന്ന അടിസ്ഥാന വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് എത്തുന്നത്. 8 ജിബി + 256 ജിബി വേരിയന്റിന് 24,999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27,999 രൂപയുമാണ് വില. ഡിസ്‌പ്ലേയുടെയും പ്രോസസറിന്റെയും കാര്യത്തിൽ പ്രോ വേരിയന്റിന് സമാനമാണ് റിയൽമി 11 പ്രോ പ്ലസ്. പ്രോ മോഡലിന്റെ അതേ ഡിസ്‌പ്ലേയാണ് പ്ലസിലുമുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് ആണ് രണ്ട് ഫോണിലുകളിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ആസ്ട്രൽ ബ്ലാക്ക്, സൺറൈസ് ബീജ്, ഒയാസിസ് ഗ്രീൻ എന്നിങ്ങനെ ആകർഷകമായ മൂന്ന് നിറങ്ങളിളാണ് രണ്ട് മോഡലുകളും എത്തിയത്.