'അനുയോജ്യമല്ലാത്ത ബാറ്ററികൾ, ചാർജ് ചെയ്തുകൊണ്ടുള്ള ഉപയോഗം': അപകടം ഒളിഞ്ഞിരിക്കുന്ന മൊബൈൽ ഫോണുകൾ
നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മൊബൈൽ ഫോണുകൾ. കുട്ടികള്‍ മുതൽ മുതിര്‍ന്നവര്‍ വരെ എല്ലാവരും ഏത് സമയത്തും എന്തിനും ഉപയോഗിക്കുന്ന ഒന്നായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. പലരുടെയും ദൈനംദിന കാര്യങ്ങൾ പോലും ഫോണുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. കോവിഡും ലോക്‌ഡൗണും ഒക്കെ വന്നതോടെ കുട്ടികൾക്കിടയിലും മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായി. അമിതമായ ഫോൺ ഉപയോഗം കുട്ടികളിൽ പലപ്പോഴും തെറ്റായ രീതിയിലുള്ള സ്വാധീനം ഉണ്ടാക്കാറുണ്ട്. കൂടാതെ, മൊബൈല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതും ഫോണിന് തീപിടിക്കുകയുമൊക്കെ ചെയ്ത പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അത്തരത്തിൽ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ എട്ടുവയസുകാരി മരിച്ച സംഭവമാണ് ഒടുവിലത്തേത്.
തൃശ്ശൂര്‍ തിരുവില്വാമലയില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് എട്ട് വയസ്സുകാരി ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത്. ഫോൺ പൊട്ടിത്തെറിച്ചത് കെമിക്കൽ ബ്ലാസ്റ്റിങ് കാരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫോണിന്റെ അമിത ഉപയോഗവും ഫോൺ ഉപയോഗത്തിൽ വളരെ സാധാരണയായി വരുത്തുന്ന ചില തെറ്റുകളും എത്ര വലിയ അപകടങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കെമിക്കൽ റിയാക്ഷനുകൾ മൂലം ഉണ്ടാകുന്ന പൊട്ടിത്തെറികളെയാണ് കെമിക്കൽ ബ്ലാസ്റ്റിങ് എന്ന് പറയുന്നത്. ഫോൺ ബാറ്ററിയിലെ കെമിക്കലുകൾ രാസപ്രവർത്തനത്തിന് വിധേയമാകുമ്പോൾ ഉണ്ടാകുന്ന ഉത്പന്നങ്ങൾ ഫോണിനുള്ളിൽ ഉണ്ടാക്കുന്ന മർദ്ദമാണ് ഇത്തരം പൊട്ടിത്തെറികൾക്ക് കാരണം. ബോംബുകളിലും പടക്കങ്ങളിലും എല്ലാം ഇത് തന്നെയാണ് സംഭവിക്കുന്നത്.
ഫോണിന്റെ കാര്യം എടുക്കുകയാണെങ്കിൽ പൊട്ടിത്തെറിയുണ്ടാകുക ബാറ്ററിയിൽ ആണ്. ത്യശ്ശൂരിൽ പൊട്ടിത്തെറിച്ച ഫോൺ 5 വർഷം മുൻപ് വാങ്ങിയതാണ്. കഴിഞ്ഞ വർഷം ഫോണിന്റെ ബാറ്ററി മാറ്റിയിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഫോൺ പൊട്ടിത്തെറിക്കാൻ ഇതൊരു കാരണമായിരുന്നിരിക്കാം എന്ന് സൈബർ ഫോറൻസിക് വിദഗ്ധനായ ഡോ. സുനിൽ എസ് പി പറയുന്നു. നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണിന്റെ മോഡലും നിർമാണ രീതിയും അനുസരിച്ച് ഒരു പ്രത്യേക വോൾട്ടേജിലുള്ള ബാറ്ററിയാണ് അതിൽ ഉപയോഗിക്കേണ്ടത്.
നിർമാണത്തിനിടയിൽ ഇക്കാര്യം പരിശോധിച്ച് അനുയോജ്യമായ ബാറ്ററി ഉപയോഗിച്ചാണ് കമ്പനികളിൽ നിന്ന് ഇത് വിൽപനയ്ക്കെത്തുക. എന്നാൽ പിന്നീട് ഈ ബാറ്ററിക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഏതെങ്കിലും മൊബൈൽ റിപ്പയർ കടയിൽ നിന്ന് നമ്മൾ ബാറ്ററി മാറ്റും. മൊബൈൽ ഫോണിന്റെ മോഡലോ മറ്റ് കാര്യങ്ങളോ പരിഗണിക്കാതെ വില കുറഞ്ഞ ബാറ്ററികളാകും വാങ്ങി ഉപയോഗിക്കുക. മൊബൈലിന്റെ മോഡലിനനുസരിച്ചുമുള്ള ബാറ്ററികൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നിരിക്കെ ഇത് ഫോണിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. കൂടുതൽ സമയം ചാർജ് നിൽക്കുന്ന ബാറ്ററികൾ ചോദിച്ച് വാങ്ങുന്നതിന് പകരം അംഗീകൃതമായ സർവീസ് സെന്ററുകളിൽ പോയി എല്ലാ കാര്യങ്ങളും നന്നായി പരിശോധിച്ച് അനുയോജ്യമായത് കണ്ടെത്തി മാത്രമേ ഫോണിന്റെ ബാറ്ററി മാറ്റാൻ പാടുള്ളു.
ഇത് ബാറ്ററിയുടെ കാര്യത്തിൽ മാത്രമല്ല. ഫോണിന്റെ എല്ലാ ഭാഗങ്ങളുടെയും കാര്യത്തിൽ ബാധകമാണ്. പുതിയതാണെങ്കിലും പഴയതാണെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് (വെള്ളം നനയുകയോ മറ്റ് കാരണങ്ങൾ കൊണ്ടോ) ഫോണിന്റെ ഭാഗങ്ങൾ മാറ്റേണ്ടിവന്നാൽ അംഗീകൃതമായ സർവീസ് സെന്ററുകളിൽ പോയി ഫോണിന്റെ മോഡലിന് അനുസരിച്ചുള്ള ഭാഗങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുക. വില കുറവും കൂടുതൽ ഉപയോഗവും പരിഗണിച്ച് സാധാരണ കടകളിൽ നിന്ന് ഏതെങ്കിലും സാധനങ്ങൾ വാങ്ങി ഉപയോഗിച്ചാൽ അത് ഫോണിന്റെ മുഴുവൻ പ്രവർത്തനം അവതാളത്തിൽ ആക്കുകയും പിന്നാലെ ഫോൺ ഓവർ ഹീറ്റ് ആവുകയും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത കൂടുകയും ചെയ്യും.
സെക്കന്റ് ഹാൻഡ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും യഥാർത്ഥത്തിൽ അപകടം പിടിച്ച ഒന്നാണ്. ഫോണിന് ആദ്യം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനായി ഫോണിന് ഉള്ളിലെ ഭാഗങ്ങൾ അനുയോജ്യമല്ലാത്ത വേറെ ഭാഗങ്ങളുമായി മാറ്റിയ ശേഷമാകും സെക്കന്റ് ഹാൻഡ് ഫോണുകൾ വിൽക്കാൻ വച്ചിരിക്കുക. ഇത് ഉപയോഗിക്കുമ്പോൾ പല തരത്തിലുള്ള അപകടങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഒരാളെ കൊല്ലാൻ പാകത്തിൽ വരെ മൊബൈൽ ഫോൺ പൊട്ടിത്തെറികൾ ഭീകരമായേക്കാം എന്ന് പലർക്കും അറിയില്ല
ചാർജർ ഉപയോഗിക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. ഫോണിന്റെ മോഡലിന് പറ്റുന്ന, ഒറിജിനൽ ചാർജറുകൾ മാത്രം വാങ്ങി ഉപയോഗിക്കുക. ഏതെങ്കിലും ചാർജർ വാങ്ങി ഫോൺ ചാർജ് ചെയ്യുമ്പോൾ അത് ബാറ്ററിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുകയും അപകട സാധ്യതകൾ ഉണ്ടാവുകയും ചെയ്യുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്നത് ഉറപ്പായും ഒഴിവാക്കേണ്ട ശീലമാണ്. ഇങ്ങനെ സ്ഥിരമായി ചെയ്യുന്നതും വളരെ വലിയ അപകടങ്ങൾക്ക് കാരണമാകുന്നു.
ഫോണുകൾ നിരന്തരമായി താഴെ വീഴുകയും ഡാമേജ് ആവുകയും ചെയ്യുന്നതും പിന്നീട് അപകടങ്ങൾക്ക് കാരണമാകുമെന്ന് ഡോ. സുനിൽ എസ് പി ചൂണ്ടിക്കാട്ടുന്നു. നിരന്തരമായി ഫോണുകൾ കയ്യിൽ നിന്ന് വീഴുകയും മറ്റും ചെയ്യുമ്പോൾ ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുകയും അതിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. മൊബൈൽ ഫോൺ ഓവർ ഹീറ്റ് ആകാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത ഇങ്ങനെയും ഉടലെടുക്കുന്നു.
ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ കൃത്യമായി ചെയ്യുക എന്നതും പ്രധാനമാണ്. രാത്രി ഫോൺ ചാർജ് ചെയ്യാൻ വച്ച ശേഷം കിടന്നുറങ്ങുക എന്നത് ഉറപ്പായും ഒഴിവാക്കേണ്ട ശീലമാണ്. നിരന്തരം ഫോൺ ചാർജിൽ വയ്ക്കുന്നതും നല്ലതല്ല.
മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുന്നത് പോലുള്ള അപകടങ്ങൾക്കുള്ള മറ്റ് കാരണങ്ങളിൽ ഒന്ന് നമ്മൾ ഫോൺ വയ്ക്കുന്ന സ്ഥലങ്ങളാണ്. തുടർച്ചായി വെയിൽ ഏൽക്കുന്ന സ്ഥലങ്ങൾ, അടുക്കളയിൽ ചൂട് എത്തുന്ന സ്ഥലങ്ങൾ, ബൈക്കിന്റെ മുൻവശം തുടങ്ങിയ സ്ഥലങ്ങളിൽ ഫോൺ വയ്ക്കുമ്പോൾ അത് ചൂടായി പൊട്ടിത്തെറിക്കുള്ള സാധ്യതകൾ കൂടുതലാണ്.
മൊബൈൽ ഫോൺ ഉള്ളിൽ നിന്ന് ഓവർ ഹീറ്റ് ആവുന്നത് പലപ്പോഴും നമ്മൾ അറിയണമെന്നില്ല. മൊബൈൽ ചൂടാവുന്നു എന്നത് പുറത്തേക്ക് അതിതീവ്രമായ തരത്തിൽ ചൂട് വരുന്നത് മാത്രമല്ല. ചെറിയ തോതിൽ ചൂട് നമുക്ക് അനുഭവപ്പെടാം. പക്ഷേ പൊട്ടിത്തെറിക്കാൻ പോകുന്നു എന്നത് നമുക്ക് മനസിലാകണമെന്നില്ല. കുട്ടികളുടെ കാര്യത്തിൽ അവർ ഈ ചെറിയ ചൂട് പോലും കാര്യമാക്കിയെന്ന് വരില്ല. പല തവണ ഇങ്ങനെ സംഭവിച്ചതിന് ശേഷമാകും ഒടുവിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നത്. ഫോൺ ചൂടായാൽ പോലും അത് ശ്രദ്ധിക്കാതെ കുട്ടികൾ ചാർജ് ചെയ്‌തുകൊണ്ട് ഫോൺ ഉപയോഗിക്കുന്നു. ഇതിന് മുൻപും ഇത്തരം അപകടം ഉണ്ടായിട്ടുണ്ടെന്നും ഡോ. സുനിൽ കുമാർ പറയുന്നു. ഒരാളെ കൊല്ലാൻ പാകത്തിൽ വരെ മൊബൈൽ ഫോൺ പൊട്ടിത്തെറികൾ ഭീകരമായേക്കാം എന്ന് പലർക്കും അറിയില്ല.
ടെക്ക് ക്യൂ മൊബൈൽ ഷോപ്പ് മാനേജർ ആയ അൻഷാദും ചൂണ്ടിക്കാട്ടുന്നത് ഇതേ കാര്യങ്ങളാണ്. ബാറ്ററി മാറ്റുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ, ചാർജർ ഉപയോഗം, ചാർജിൽ വച്ച് കൊണ്ട് ഫോൺ ഉപയോഗിക്കുമ്പോഴുള്ള പ്രശ്നങ്ങൾ എന്നിവ അൻഷാദ് ചൂണ്ടിക്കാട്ടുന്നു. നനഞ്ഞ കൈകൾ കൊണ്ടുള്ള ഫോൺ ഉപയോഗം, അത് വിയർപ്പുള്ള കൈകൾ കൊണ്ടാണെങ്കിൽ പോലും അതൊഴിവാക്കണം. ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ കൃത്യമായി ചെയ്യുക എന്നതും പ്രധാനമാണ്. രാത്രി ഫോൺ ചാർജ് ചെയ്യാൻ വച്ച ശേഷം കിടന്നുറങ്ങുക എന്നത്ഒഴിവാക്കേണ്ട ശീലമാണ്. നിരന്തരം ഫോൺ ചാർജിൽ വയ്ക്കുന്നതും നല്ല ശീലമല്ല. വീഡിയോകൾ കാണുന്നതിനേക്കാൾ ഫോണിന്റെ പ്രവർത്തനത്തെ കൂടുതൽ ബാധിക്കുക ഗെയിമുകൾ കളിക്കുമ്പോഴാണ്. കുട്ടികൾ തുടർച്ചയായി ദീർഘനേരം ഗെയിമുകൾ കളിക്കുന്നത് അപകടസാധ്യതയുണ്ടാക്കുന്നതാണ്. ഇക്കാര്യത്തിൽ മുതിർന്നവർ ശ്രദ്ധ വയ്ക്കേണ്ടത് വളരെ അത്യാവശ്യവും.
ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി നമ്മൾ സ്വാഭാവികമായി വരുത്തുന്ന തെറ്റുകൾ തിരുത്തുക എന്നത് പ്രധാനമാണ്. ചെറിയ ചെറിയ അശ്രദ്ധകൾ കാരണം ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയാണ്.