വാട്സാപ്പ്
വാട്സാപ്പ്

വാട്സാപ്പിലെത്തുന്ന അന്താരാഷ്ട്ര കോളുകള്‍ ചതിക്കുഴികളായേക്കാം

ഉപയോക്താക്കളെ കബളിപ്പിക്കാന്‍ തട്ടിപ്പുകാര്‍ വാട്സാപ്പ് ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍
Updated on
1 min read

ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. എന്നാല്‍ വാട്സാപ്പ് വഴി വരുന്ന വ്യാജ കോളുകള്‍ പണി തരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാട്സാപ്പ് വീണ്ടും സൈബര്‍ കുറ്റവാളികളുടെ വിളനിലമായെന്നാണ് കണ്ടെത്തലുകള്‍. അന്താരാഷ്ട്ര വാട്സാപ്പ് കോളുകളെ നിസാരമായി കാണരുത് .അതിന് പിന്നില്‍ വലിയ തട്ടിപ്പ് സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാജ്യാന്തര നമ്പറുകളില്‍ നിന്നാണ് ഉപഭോക്താക്കള്‍ക്ക് നിരന്തരം കോളുകള്‍ വരുന്നത്. ഇത് പക്ഷേ അതത് രാജ്യങ്ങളില്‍ നിന്ന് തന്നെയാവണമെന്നില്ലെന്നും ഒരു രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ മറ്റ് രാജ്യങ്ങളിലെ നമ്പറുകള്‍ സൈബര്‍കുറ്റകൃത്യം നടത്തുന്ന വിവിധ ഏജന്‍സികള്‍ക്ക് വില്‍ക്കുന്നതായുമാണ് കണ്ടെത്തിയിരിക്കുന്നത്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും ഒന്നിലധികം ഉപയോക്താക്കള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ നേരിട്ടിട്ടുണ്ട്. ഇന്തോനേഷ്യന്‍ വാട്‌സാപ്പ് നമ്പറില്‍ നിന്നും നിരവധി വാട്‌സാപ്പ് കോളുകള്‍ വരുന്നുവെന്നും അടിയന്തരമായ നടപടികള്‍ സ്വീകരിക്കണമെന്നും തന്റെ സുഹൃത്തുക്കള്‍ക്കും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടിവരുന്നുവെന്നുമാണ് വാട്സാപ്പ് ഉപയോക്താവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാട്‌സാപ്പിലേയ്ക്ക് ഇത്തരം കോളുകള്‍ വരുമ്പോള്‍ ചെയ്യേണ്ടതെന്ത് ?

  • അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് റിജക്ട് ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.

  • തുടര്‍ച്ചയായി അത്തരം കോളുകള്‍ വന്നുതുടങ്ങിയാല്‍ ബ്ലോക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യാം

  • അത്തരം നമ്പറുകളെ ബ്ലോക് ചെയ്താല്‍ പിന്നെ നിങ്ങളുടെ സന്ദേശങ്ങളോ, കോളുകളോ, സ്റ്റാറ്റസോ അവര്‍ക്ക് ലഭിക്കില്ല

  • നമ്പര്‍ ബ്ലോക് ചെയ്യാനായി ചാറ്റ് ബോക്‌സ് തുറന്ന് more>block>Block റിപ്പോര്‍ട്ട് ചെയ്യാനായി Report contact >Block

logo
The Fourth
www.thefourthnews.in