പങ്കാളിത്തം പുതുക്കി റെനോയും നിസ്സാനും; ഇന്ത്യയിൽ എസ് യുവികൾ നിർമ്മിക്കാന്‍ പദ്ധതി

പങ്കാളിത്തം പുതുക്കി റെനോയും നിസ്സാനും; ഇന്ത്യയിൽ എസ് യുവികൾ നിർമ്മിക്കാന്‍ പദ്ധതി

കമ്പനികള്‍ തമ്മിലൊപ്പുവച്ച കരാറില്‍ ഇന്ത്യയിലെ പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്
Updated on
1 min read

ഫ്രഞ്ച് ഓട്ടോമൊബൈല്‍ നിര്‍മ്മാതാവായ റെനോയുമായുള്ള പങ്കാളിത്തം വീണ്ടും തുടങ്ങുന്നതിനുള്ള കരാറില്‍ ഒപ്പ് വെച്ചതായി നിസ്സാന്‍. നിസ്സാനിലെ റെനോയുടെ ഉയര്‍ന്ന ഓഹരിയായ 43.4 ശതമാനം കുറച്ച് റെനോയിലെ നിസ്സാനിന്റെ ഓഹരിയായ 15 ശതമാനത്തിന് തുല്യമാക്കുന്നതിന് വേണ്ടിയുള്ളതാണ് പുതിയ കരാര്‍. 24 വര്‍ഷമായി തുടരുന്ന പങ്കാളിത്തത്തിലെ പുതിയ അധ്യായമായിരിക്കുമിതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

കരാര്‍ പ്രകാരം റെനോയുടെ പുതിയ ഇലക്ട്രിക് വാഹന സംരംഭമായ ആമ്പിയറില്‍ നിസ്സാന്‍ 15 ശതമാനം ഓഹരി എടുക്കും. ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് മേഖലകളില്‍ പിക്ക്അപ് ട്രക്കുകളായ എസ്‌യുവിയുടെയും ഇലക്ട്രിക് കാര്‍ഗോ വാഹനങ്ങളുടെയും നിര്‍മാണത്തിനുള്ള സംയുക്ത പദ്ധതികളും പ്രഖ്യാപിച്ചു.

1999ല്‍ റെനോ ജപ്പാന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ നിസ്സാനെ പാപ്പരാവുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള സഖ്യം ആദ്യമായി ആരംഭിച്ചത്. എന്നാല്‍ പങ്കാളിത്തത്തിലുടനീളം കമ്പനികള്‍ക്കിടയിൽ പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. 2015ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ റെനോയിലെ ഓഹരി കൂട്ടിയതും പങ്കാളിത്തത്തെ ഗുരുതരമായി ബാധിച്ചു. 2018ല്‍ നിസ്സാനിന്റെ സിഇഒ കാര്‍ലോസ് ഗോസന്‍ അറസ്റ്റിലായതും പ്രശ്നങ്ങള്‍ക്ക് കാരണമായി.

കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തുക, സുതാര്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും സംസ്‌കാരം സൃഷ്ടിക്കുക തുടങ്ങിയവയാണ് പുതിയ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

റെനോ-നിസ്സാന്‍-മിത്സുബിഷി സഖ്യം 2018 ഓടെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായി മാറുകയായിരുന്നു. എന്നാല്‍ അതിന് ശേഷം കമ്പനി ടൊയോട്ട, ഫോക്‌സ്‌വാഗണ്‍, ഹ്യുണ്ടായി-കിയ എന്നിവയ്ക്ക് പിറകിലേക്ക് പോയി.

പുതിയ കരാറില്‍ ഇന്ത്യയിലെ വ്യവസായിക പദ്ധതികളും പുതിയ എസ്യുവി പ്രൊജക്റ്റുകളും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിസ്സാനിന് സ്വന്തമായി ഫാക്ടറിയുള്ളതും ഗുണകരമാകും. റെനോ വികസിപ്പിച്ചെടുക്കുന്ന പുതിയ പിക്കപ്പ് വാഹനങ്ങള്‍ നിസ്സാനുമായി ചേര്‍ന്ന് അര്‍ജന്റീനയില്‍ ലോഞ്ച് ചെയ്യും. കൂടാതെ, മെക്‌സിക്കോയില്‍ റെനോയ്ക്ക് വേണ്ടി നിസ്സാന്‍ പുതിയ മോഡല്‍ വാഹനം നിര്‍മിക്കും. യൂറോപ്പിലെ റെനോയുടെ ഇലക്ട്രിക് വാന്‍ പദ്ധതി നിസ്സാനുമായി പങ്കുവെക്കുന്നതും കരാറിലുണ്ട്.

ഇരു കമ്പനികളും തമ്മിലുള്ള ബന്ധം എപ്പോഴും സംഘർഷഭരിതമായിരുന്നതിനാല്‍ പുതിയ സഖ്യത്തില്‍ നിക്ഷേപകർ അത്ര ഹാപ്പിയല്ല. എങ്കിലും പുതിയ പദ്ധതികള്‍ കാലക്രമേണ ഇതിന് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ. വ്യാപാരത്തില്‍ റെനോയുടെ ഓഹരി 0.3 ശതമാനമായും നിസ്സാനിന്റെ ഓഹരി 2.1 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് സഖ്യത്തെ ബലപ്പെടുത്തുമെന്നും വരുമാനം വര്‍ധിപ്പിക്കുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in